2017 March 29 Wednesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ തന്നെ നുണകള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
-ജോണ്‍ ആല്‍ബര്‍ട്ട്

വിദ്യാര്‍ഥിനിയുടെ തിരോധാനം; കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്ന് പൊലിസ്

കാഞ്ഞങ്ങാട്: കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഡിസംബര്‍ ഒന്‍പതിനാണു കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിനിയും പെരിയ അംബേദ്കര്‍ കോളജിലെ വിദ്യാര്‍ഥിനിയുമായ മുബഷിറയെ കാണാതായത്. ഇതേ തുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കുട്ടിയെ കണ്ടെത്തി ഈ മാസം പത്തിനകം കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിനു നിര്‍ദേശം നല്‍കിയിരുന്നു. കുട്ടിയെ കണ്ടെത്തി ഹാജരാക്കാന്‍ കോടതി നല്‍കിയ സമയ പരിധി കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അവസാനിച്ച സാഹചര്യത്തിലാണു പൊലിസ് കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്.
പ്രസ്തുത ദിവസം തന്നെ ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും പുല്ലൂര്‍ സ്വദേശിയുമായ മുഹമ്മദ് സയാസിനെയും കാണാതായതായി കണ്ടെത്തിയിരുന്നു. ഇരുവരും ഒന്നിച്ചുണ്ടാകുമെന്ന നിഗമനത്തിലാണു അന്വേഷണം നടക്കുന്നത്. കാണാതാകുമ്പോള്‍ മുബഷീറ തന്റെ ഏഴുപവന്‍ സ്വര്‍ണവും കൂടെ കൊണ്ടുപോയിരുന്നു. മുഹമ്മദ് സയാസാകട്ടെ തന്റെ ഫോണ്‍ കാഞ്ഞങ്ങാട്ടെ ഒരു കടയില്‍ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം, ഭീമാപള്ളി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. ഇരുവരെയും കാണാതായത് സംബന്ധിച്ച് പൊലിസ് ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കിയിട്ടുണ്ട്.
അതിനിടെ മുബഷിറയെ കണ്ടെത്തി നല്‍കാമെന്നേറ്റ് ബന്ധുക്കളില്‍ നിന്ന് ഒരു ലക്ഷം രൂപ കരാറുറപ്പിച്ച സംഘത്തിനെതിരേ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. പാണത്തൂര്‍ സ്വദേശികളായ സലാം തുടങ്ങി മൂന്നു പേര്‍ ഉള്‍പ്പെട്ട സംഘത്തിനെതിരേയാണു പരാതി. കുട്ടിയെ കണ്ടെത്തി തരാമെന്നും ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്നും സംഘം വാഗ്ദാനം ചെയ്യുകയായിരുന്നു.
10 ,000 രൂപ മുന്‍കൂറായി സംഘം ഇവരില്‍ നിന്നു വാങ്ങിയതായും പറയുന്നു. എന്നാല്‍ ഇതിനു ശേഷം ഇവരുടെ യാതൊരു വിവരങ്ങളുമില്ലാത്തതിനെ തുടര്‍ന്നാണു പൊലിസില്‍ പരാതി നല്‍കിയത്.