2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വിദ്യാര്‍ഥികള്‍ ഇന്ത്യയെ വീണ്ടെടുക്കുന്നു

 

ഇന്ത്യാ റിപ്പബ്ലിക്കിന്റെ അസ്ഥി തുളയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയുടെ കാലത്ത് ഭരണഘടനാ സംരക്ഷണത്തിനായി രാജ്യം രാപ്പകലില്ലാതെ തെരുവിലുറങ്ങുന്ന സമയത്താണ് വീണ്ടും ഒരു റിപ്പബ്ലിക് ദിനമെത്തുന്നത്. ഈ റിപ്പബ്ലിക് ദിനാഘോഷത്തെ മറ്റൊരു അവധിദിവസത്തിലെ ആലസ്യമായി നാം കാണരുത്. കടന്നുവന്ന വഴികളിലെല്ലാം കൂട്ടക്കൊലകളുടെയും ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്റെയും വെറുപ്പിന്റെയും വിത്തെറിഞ്ഞുപോന്ന ഹിന്ദുത്വ രാഷ്ട്രീയ ഭീകരത അതിന്റെ തന്ത്രപരമായ മുഖംമൂടി ഊരിക്കളഞ്ഞതാണ് സമീപകാലത്തെ ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ മാറ്റം. രാജ്യം അതിനെതിരായ സമരമുഖത്താണ്. 71ാമത് റിപ്പബ്ലിക് ദിനവും ഈ സമരംകൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്. ലോക്‌സഭയിലെ വന്‍ ഭൂരിപക്ഷംകൊണ്ട് തട്ടി താഴെയിടാവുന്ന ഒന്നല്ല രാജ്യത്തിന്റെ ഭരണഘടനയെന്ന് തെരുവിലിറങ്ങിയ ജനം ഇന്ത്യന്‍ ഫാഷിസത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് മാത്രം മതിയാവില്ല. മറ്റെല്ലാ തിരക്കുകളുമൊഴിയുമ്പോള്‍ ചെയ്യേണ്ടതല്ല ഈ സമരം. ദീര്‍ഘകാല സമരംകൊണ്ട് മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന് രൂപംകൊടുത്ത ശില്‍പികള്‍ വിഭാവന ചെയ്ത ഇന്ത്യയെന്ന സങ്കല്‍പ്പത്തെ നമുക്ക് യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ.
രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങള്‍ മാത്രമല്ല, ജുഡീഷ്വറിയും ഫാഷിസത്തിന്റെ അധികാരഗര്‍വിനോട് ഏറിയോ കുറഞ്ഞോ സന്ധിചെയ്ത കാലത്താണ് നാമുള്ളത്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി 70 വര്‍ഷം പിന്നിട്ട രാജ്യം അതിന്റെ ഏറ്റവും വലിയ കുതിപ്പുകള്‍ക്ക് തുടക്കമിടേണ്ട കാലത്താണ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക വ്യവസ്ഥയായി മാറിയതെന്നോര്‍ക്കണം. 40 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ എറ്റവും രൂക്ഷമായ നിലയിലെത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായി. രാജ്യത്ത് മതത്തിന്റെ പേരില്‍ മനുഷ്യരെ വിഭജിക്കുന്ന ഒന്നിലധികം നിയമങ്ങള്‍ വന്നു. മനുഷ്യാവകാശമെന്ന ആശയം സങ്കല്‍പ്പത്തില്‍ ഒതുങ്ങി. പൗരന്‍മാര്‍ക്ക് പകരം പൊലിസിന് കൂടുതല്‍ അധികാരങ്ങളുണ്ടാകുന്ന രാജ്യമായി. മുന്നോട്ടു പോകുംതോറും രാജ്യം ജനാധിപത്യത്തിന്റെയും വിശാല കാഴ്ചപ്പാടിന്റെയും സമൂഹിക, ശാസ്ത്ര പുരോഗതിയുടെയും കൂടുതല്‍ ഔന്നത്യത്തിലെത്തുമെന്നു കരുതിയവര്‍ക്കാണ് പിഴച്ചത്. ഈ പിഴവുകളെക്കുറിച്ചുള്ള ബോധ്യത്തില്‍ നിന്നാണ് യുവത വീണ്ടും സ്വാതന്ത്ര്യമെന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.

ഹിന്ദുത്വ ഫാഷിസം രാജ്യത്തെ ജനതയെ പുതപ്പിച്ച ഭയത്തിന്റെ നിശാവസ്ത്രം രാജ്യം ഊരിക്കളയുന്നു എന്നതാണ് സമരങ്ങളുടെ പുതിയ കാലത്ത് നാം കണ്ട വലിയൊരു മാറ്റം. അച്ചടക്കം അടിമത്തമായി എളുപ്പം മാറുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍ ഭയം അതിലുള്‍ച്ചേര്‍ന്ന് നില്‍ക്കും. എന്നാല്‍, ഒരു ജനത അതിന്റെ ധീരമായ രാഷ്ട്രീയ ചെറുത്തുനില്‍പ്പുകളെ ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് എല്ലാ ഉറപ്പോടും കൂടി പുതുക്കിയെടുക്കുന്ന സമരമുഖത്തെയാണ് നാം കാണുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അതിനൊപ്പം അണിചേരുന്നു. അതിനെ നേരിടാന്‍ ഹിന്ദുത്വ രാഷ്ട്രീയം തെരുവിലുണ്ട്. ഹിന്ദുത്വ ഫാഷിസ്റ്റ് ഗുണ്ടകള്‍ രാജ്യത്തെ വിദ്യാലയങ്ങളില്‍ കുട്ടികളെ തല്ലി തലപൊട്ടിക്കുന്നുണ്ട്. എങ്കിലും അവര്‍ക്കു നേരെ ഈ തെരുവുകളില്‍ നാം നേര്‍ക്കുനേര്‍ നിന്നെ പറ്റൂ.

ഈ അവസ്ഥയിലാണ് ‘സുരക്ഷിതം ഇന്ത്യാ ഈ കരങ്ങളില്‍’ എന്ന പ്രമേയത്തില്‍ ഇന്ന് സമസ്ത കേരള സുന്നി ബാലവേദി ‘ബാല ഇന്ത്യ’ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള 476 റൈഞ്ച് കേന്ദ്രങ്ങളിലും 19ല്‍പരം ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 12 ലക്ഷം വിദ്യാര്‍ഥികള്‍ ‘ഇത് നമ്മുടെ രാജ്യമാണ്’ എന്ന പാഠം ഏറ്റുചൊല്ലുന്ന ചരിത്രം നിമിഷം കൂടിയാണിത്.

(എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റാണ്
ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.