2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും; മന്ത്രി

കിളിമാനൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിന് നേതൃത്വം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായി സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വര്‍ക്കല മണ്ഡലത്തിലെ പള്ളിക്കലില്‍ പുതുതായി ആരംഭിച്ച കേരള സര്‍വ്വകലാശാലയുടെ യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (യു.ഐ.ടി) യുടെ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണനയും പരിരക്ഷയും ആവശ്യമാണെന്ന് കണ്ടാണ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാറ്റി പ്രത്യേക ഒരു വകുപ്പാക്കി അതിനായി ഒരു മന്ത്രിയെ നിയമിച്ചത്. പ്രത്യേക വകുപ്പായി മാറിയതോടെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുമെന്നും, പള്ളിക്കലില്‍ ആരംഭിക്കുന്ന യു.ഐ.ടി ഭാവിയില്‍ ഒരു സര്‍ക്കാര്‍ കോളേജ് തന്നെയായി മാറ്റിയെടുക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി ജോയി എം.എല്‍.എ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തടക്കം വര്‍ക്കലയില്‍ സമാനതകളില്ലാത്ത വികസന കുതിപ്പിന് നേതൃത്വം നല്‍കിയ വി. ജോയി എം.എല്‍.എയെ ചടങ്ങില്‍ മന്ത്രി കടകംപള്ളി പൊന്നാട അണിയിച്ചു ആദരിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ വി.
ലെനിന്‍, ഷിജുഖാന്‍ , അഡ്വ. ജി. സുഗുണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജാ ഷൈജുദേവ്, എം.കെ യൂസഫ്, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, ഗിരിജാ ബാലചന്ദ്രന്‍, സലിം അലി ഹസന്‍, ബേബി സുധ, യു.ഐ.ടി കോളജ് പ്രിന്‍സിപ്പല്‍ സ്വപ്ന, നാസര്‍ ഖാന്‍, എം. ഹസീന, അബു താലിബ്, എസ്. പുഷ്പലത, സുധിരാജ്, ഡോ. ബി. രവീന്ദ്രലാല്‍, നിസാം, ഷുജാഹി, നസീര്‍ വഹാബ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സജീബ് ഹാഷിം സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.