
മതബോധം വളര്‍ത്തുന്നതിലും ഇസ്ലാമിക പൈതൃക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളേക്കാള് കേരളീയര്‍ ഏറെ മുന്നിലാണ്. മതപരമായും ഭൗതികമായും എല്ലാ വിദ്യാഭ്യാസ സൗകര്യങ്ങളും അനുകൂല രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുമാണ് കേരളത്തിലുള്ളത്. ആത്മീയ മേഖലയില്‍ സമസ്തയുടെ സാന്നിധ്യവും മുസ്ലിം രാഷ്ട്രീയ സംഘശക്തിയുടെ ക്രിയാത്മക ഇടപെടലുകളും അധികാര പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതയുള്ള ഉലമ- ഉമറാ ഐക്യവും പ്രതിഫലിച്ച ഈ നന്മകളുടെയല്ലാം ഗുണഫലങ്ങളാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിത സാമൂഹികാന്തരീക്ഷങ്ങള്‍ എന്നും കേരളീയ മുസ്ലിംകള്ക്ക് അനുകൂലമാണ്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിഷന് നിരീക്ഷിച്ച പോലെ, ആദിവാസികളേക്കാളും ഹരിജന-ഗിരിജനങ്ങളേക്കാളും പരിതാപകരമാണ് അവരുടെ സാമൂഹിക പരിസരം.
സമത്വത്തിലും സാര്‍വ ലൗകികതയിലുമധിഷ്ഠിതമായ ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമായ ജാതീയതയുടെ പേരില്‍ അവര്‍ തമ്മിലടിക്കുന്നു. ശാഖാപരമായ വീക്ഷണ വൈജാത്യങ്ങളുടെ ലേബലില്‍ ഒരിക്കലും അടുക്കാനും ഒന്നിക്കാനുമാവാത്ത വിധം പരസ്പരം മതില്‍കെട്ടുന്നു. മുന്നില്‍നിന്നു നയിക്കേണ്ട േനതാക്കള്‍ സമുദായ താല്പര്യങ്ങള് ബലികഴിക്കുന്നു. പണ്ഡിതരാവെട്ട, ഈ ജനതയുടെ അന്ധതയുടെയും ആലസ്യത്തിന്റെയും എല്ലാ സൗകര്യങ്ങളും ആസ്വദിച്ച സ്വര്‍ഥ ജീവിതം നയിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏതു തെരഞ്ഞെടുപ്പു വരുമ്പോഴും തേനൂറുന്ന വാഗ്ദാന വാക്കുകളുമായി കടന്നുവരികയും അധികാരത്തിലേറിയാല്‍ കറിവേപ്പില പോലെ അവരെ വലിച്ചെറിയുകയും ചെയ്യുന്നു. മുസ്ലിം വിരുദ്ധ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പോലും സിന്ദാബാദ് വിളിക്കാന്‍ ഇവര്‍ക്ക് മടിയില്ല. ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന വാര്‍ത്തകളും അതുതന്നെയാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യം പറയാതിരിക്കലാണ് ഭേദം. മഴ നനയാതിരിക്കാനെങ്കിലും മദ്റസയുടെയോ സ്കൂളിന്റെയോ വരാന്തകളില്‍ കയറി നിന്ന പരിചയം പോലുമില്ല ഇവിടെ മൃഗീയഭൂരിപക്ഷത്തിനും. ഭൗതികവിദ്യ അഭ്യസിക്കുന്നത് വലിയ പാപമായി കാണുന്നു വലിയൊരു വിഭാഗം.. എന്നാലോ, മതപരമായി ബാലപാഠങ്ങള്‍ പോലും അറിയാത്തവരും. ഒരു സഹസ്രാബ്ദത്തോളം ഇന്ത്യ ഭരിച്ചവരുട പിന്‍ഗാമികള്‍. ഇന്ന് വിശപ്പടക്കാന്‍ പോലും ഗതിയില്ലാത്തവര്‍. ദാരിദ്ര്യവും കൂട്ടിന് ഒരുപാട് രോഗങ്ങളുമായി നുരഞ്ഞുപതക്കുന്ന ചേരികളിലും ഗല്ലികളിലും ടെന്റ് കെട്ടിയും പനമ്പ് കൊണ്ട് കൂര പണിതും കുപ്പയിലെ പുഴുക്കളെപ്പോലെ അവര്‍ അരിഷ്ടിച്ച് ജീവിക്കുന്നു. മനുഷ്യന് വലിക്കുന്ന റിക്ഷാവണ്ടികളും ജഡ്കാവണ്ടികളും വലിച്ചോടി അവസാനം ക്ഷയരോഗികളെപ്പോലെ ചുമച്ച് ഛര്‍ദ്ദിച്ച് ഒടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഇതിെനല്ലാം പരിഹാരം കാണേണ്ട ഭരണകൂടങ്ങളാവട്ടെ അരികുവല്‍ക്കരിച്ചും അപരവല്ക്കരിച്ചും അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു.
അടിസ്ഥാനപരമായ ഈ പ്രശ്നങ്ങളെ അഭിസംബോധനം ചെയ്യാനും പരിതാപകരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണാനുമുള്ള ഏക പോംവഴി ആ ജനതയെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്നതാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഒരു നാഷനല്‍ പ്രൊജക്റ്റിന് രൂപം നല്കി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. നവലോകത്തെ പുത്തന്‍ സാഹചര്യങ്ങളോട് സംവദിക്കാനും സംവേദനം നടത്താനും കഴിയുന്ന രീതിയില്‍ മതവും മതേതരവുമായ വിജ്ഞാനീയങ്ങളെ ഒരുകുടക്കീഴിലാക്കി, സമന്വയ വിദ്യാഭ്യാസം എന്ന പരീക്ഷണം വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണല്ലോ ദാറുല്‍ ഹുദായുടേത്. കേരളത്തില്‍ ചെറിയ ഒരു വിസ്തൃതിയില്‍ മാത്രം ഒതുങ്ങിനില്ക്കാതെ ദേശീയ- അന്തര്‍ദേശീയ തലങ്ങളിലേക്ക് ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നത് സ്ഥാപനശില്പികളുടെ സ്വപ്നമായിരുന്നു.
ഇതിന്റെ സാക്ഷാല്‍ക്കാര വഴിയില്‍ നിര്‍ണായകമായ ചില കാല്‍വെപ്പുകള്‍ നടത്താന്‍ ദാറുല്‍ ഹുദാക്ക് കഴിഞ്ഞിട്ടുണ്ട്. കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായി മത-ഭൗതിക വിദ്യകള്‍ അഭ്യസിപ്പിച്ച് ബിരുദം നല്കി കര്മഗോദയിലിറക്കുന്ന ‘നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ആന്‍ഡ് കണ്ടംപററി സ്റ്റഡീസ്’ ഒന്നര പതിറ്റാണ്ടിലേറയായി വാഴ്സിറ്റി കാംപസില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും േനപ്പാളില്‍ നിന്നുമായി 500 ലധികം വിദ്യാര്‍ഥികള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിതാക്കളായുണ്ട്.
ദാറുല്‍ ഹുദാ കാംപസിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവന്ന് ഇവിടെ നിന്നു വിദ്യാഭ്യാസം നല്കുന്നതിനപ്പുറം അവിടങ്ങളില്‍ തന്നെ സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണ് അവിടുത്തുകാര്‍ക്ക് കൂടുതല്‍ സുഗമവും പ്രായോഗികവും പ്രയോജനപ്രദവും എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദാറുല്‍ ഹുദാ നാഷനല്‍ പ്രൊജക്ടിന് രൂപം നല്‍കിയത്. അതിന്റെ ഭാഗമായി സീമാന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരിലും പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരിലും അസമിലെ ബാര്‍പേട്ട ജില്ലിയിലെ ബൈശയിലും ഇതിനകം ഓഫ് കാംപസുകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഇതര സംസ്ഥാന വിദ്യാര്‍ഥികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിെന മുനുഷ്യക്കടത്തായും യതീംഖാനകളെയും മതസ്ഥാപനങ്ങളെയും ഭീകരകേന്ദ്രങ്ങളായും മുദ്രകുത്താന്‍ തുനിയുന്ന അധികാരി വര്‍ഗം തിരിച്ചറിയേണ്ട ചില സത്യങ്ങളുണ്ട്. എക്കാലത്തും പട്ടിണി പരിവട്ടങ്ങള്ക്കിരയായി കഴിയേണ്ടവരല്ലല്ലോ രാജ്യത്തെ പൗരന്മാര്. മാതൃരാജ്യത്തോട് കൂറുള്ള ഓരോ ഇന്ത്യക്കാരനും തന്നെപ്പോലെ തന്റെ സഹോദരരും വിദ്യയും സംസ്കാരവും പുരോഗതിയുമുള്ളവരാകാനാണ് ആഗ്രഹിക്കേണ്ടത്. രാജ്യത്തെവിടെയും സഞ്ചരിച്ച് വിദ്യ അഭ്യസിക്കാന്‍ അനുമതി നല്കിയ നമ്മുടെ ഭരണഘടനാ സംവിധാനത്തെ പോലും അപമാനിക്കുന്ന രീതിയിലാണിപ്പോള്‍ ന്യൂനപക്ഷ വിദ്യാഭ്യസ സംരംഭങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓരോ വിദ്യാഭ്യാസ പരിഷ്കരണവും.
ഇരുപത്തഞ്ച് കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ പഠിക്കുമ്പോള്‍ ചില ഇല്ലായ്മകളെ നാം അഭിസംബോധനം ചെയ്യേണ്ടിവരും. സാമൂഹികമായ അസ്തിത്വമില്ലായ്മ, ബഹുസ്വര സമൂഹത്തില്‍ ജീവിക്കണമെന്ന അവബോധശൂന്യത, രാഷ്ട്രീയ പ്രബുദ്ധതയുടെ അഭാവം, സാമ്പത്തിക അരക്ഷിതാവസ്ഥ, ദേശീയബോധമില്ലായ്മ, േനതൃരംഗത്തെ ശൂന്യത- ഈ ഇല്ലായ്മകളെ ഉണ്മകളാക്കി മാറ്റിയാല്‍ അവിടങ്ങളില്‍ ഒരളവോളം നവജാഗരണം സാധ്യമാകും.
ദൈവാനുഗ്രഹത്താല്‍ ദാറുല്‍ഹുദായുടെ നാലാമാത് ഓഫ് കാംപസിനു ഉത്തര കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗലിയില് ഇന്ന് ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാദ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുകയാണ്. ഇടക്കിടെ ഭീതിപടര്‍ത്തുന്ന വര്‍ഗീയ ലഹളകള്‍ക്കും ചേരിതിരിഞ്ഞുള്ള ഇരുളാക്രമണങ്ങള്ക്കും ഇരയാവേണ്ടി വരുന്ന കര്‍ണാടകയിലെ മുസ്ലിംകള്ക്ക് മുന്നില്‍ പ്രതീക്ഷാനിര്‍ഭരമായൊരു പ്രഭാത പുലരിക്കാണിത്വഴി വേദിയൊരുങ്ങുന്നത്.
ദക്ഷിണേന്ത്യയില്‍ നൂറ്റാണ്ടുകാലം നിലനിന്നിരുന്ന സാമൂഹിക അടിമത്തം ഇല്ലാതാക്കിയ ടിപ്പുവിന്റെ പിന്ഗാമികളില് വീണ്ടുമൊരു സാമൂഹിക-വിദ്യാഭ്യാസ-ജാഗരണത്തിന് ദാറുല്‍ഹുദായുടെ പുതിയ കാംപസ് വഴികാട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം. ദാറുല്‍ഹുദായുടെ രണ്ട് സഹസ്ഥാപനങ്ങള്‍ കര്‍ണാടകയിലെ കാശിപട്ണ, മാടന്നുര് എന്നിവിടങ്ങളില്‍ നേരത്തെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുസ്ലിംകള് പ്രതീക്ഷയോടെയാണ് ദാറുല്‍ ഹുദായെ ഉറ്റുേനാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിളിയാളങ്ങള്‍ ദാറുല്‍ഹുദായെ തേടിയെത്തുന്നുണ്ട്. അവര്‍ക്ക് വിദ്യയുടെ വെളിച്ചം പകരേണ്ടത്, പ്രബുദ്ധതയുടെ പാഠങ്ങള്‍ ചൊല്ലിക്കൊടുക്കേണ്ടത് നമ്മുടെ നിയോഗവും ഉത്തരവാദിത്വവുമാണെന്ന് ദാറുല്‍ഹുദാ മനസ്സിലാക്കുന്നു. എല്ലാം ചെയ്ത് കഴിഞ്ഞെന്ന അലസ്യത്തിലുറങ്ങാതെ, ചെയ്തതിലുമേറെ ഇനിയും ചെയ്യാനുണ്ടെന്ന ഉത്തമ ബോധത്തോടെയാണ് ദാറുല്‍ഹുദാ മുന്നോട്ടുപോവുന്നത്. അതിബൃഹത്തായ ഈ അനുഗൃഹീത സംരംഭത്തിന് സര്‍വ മനുഷ്യ സ്േനഹികളുടെയും സഹായ സഹകരണങ്ങളാണ് ഞങ്ങള്‍ക്ക് കരുത്തുപകരുന്നത്.
(ദാറുല്‍ ഹുദാ സര്‍വകലാശാല
വൈസ് ചാന്‍സലറാണ് ലേഖകന്‍)