2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

വിദേശ ഹാജിമാരുടെ വരവ് പൂര്‍ത്തിയായി; എത്തിയത് 1.684.629 ഹാജിമാര്‍

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനായി വിദേശത്തു നിന്നെത്തുന്ന ഹാജിമാരുടെ വരവ് പൂര്‍ത്തിയായി.

വ്യോമ, കര, കടല്‍ മാര്‍ഗ്ഗമുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്‍ത്തിയായതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്‌യ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷം വ്യാഴാഴ്ച്ച ഉച്ചവരെയായി 1.684.629 വിദേശ ഹാജിമാരാണ് എത്തിയത്. ഇതോടെ ജിദ്ദ അന്ത്രാഷ്!ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ താല്‍കാലികമായി അടച്ചു.

ഇനി ഹജ്ജിനു ശേഷം ശേഷമാണ് രണ്ടാം ഘട്ടം ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുക. ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്‍മിനല്‍ വഴി 1.584.085 വിദേശ ഹാജിമാരാണ് എത്തിച്ചേര്‍ന്നത്. കര അതിര്‍ത്തികള്‍ കടന്ന് 84.381 തീര്‍ഥാടകരും എത്തിയിട്ടുണ്ട്.

കപ്പല്‍ മാര്‍ഗ്ഗം എത്തിയ തീര്‍ഥാടകര്‍ 16.163 പേരാണ്. റെക്കോര്‍ഡ് ക്രമീകരണത്തോടെ ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷ ലഭിക്കുമെന്നും വിദേശികളെ രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചു കയറ്റി വിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സ്ത്രീകള്‍ക്കായി ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ 107 വനിതാ ഉദ്യോഗസ്ഥരും മദീന വിമാനത്താവളത്തില്‍ 58 വനിതകളും ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ 28 വനിതാ ഉദ്യോഗസ്ഥരും ഈ വര്‍ഷം സേവനത്തിനുണ്ടായിരുന്നു.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രൂപം നല്‍കിയ ഫിംഗര്‍ പ്രിന്റ് സംവിധാനം ഏറെ വിജയകരമായിരുന്നു. യാത്രക്കാരുടെ ഡാറ്റകള്‍ എളുപ്പത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഇതിന്റെ നവീകരിച്ച പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.