2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വിദേശ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി സഊദി അറേബ്യ; 10 വര്‍ഷം കഴിഞ്ഞവര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ല

അബ്ദുസ്സലാം കൂടരഞ്ഞി

ദമ്മാം: രാജ്യത്തെ വിദേശ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സഊദി ആരോഗ്യമന്താലയം. പ്രവാസി ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും തിരിച്ചടിയാകുന്ന പുതിയ നിയമം പുതിയ ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅയുടെ പുതിയ പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമത്തിന്റെ ഭാഗമായി പത്തുവര്‍ഷം കഴിഞ്ഞ വിദേശ ഡോക്ടര്‍മാരുടെ ഇഖാമ പുതുക്കി നല്‍കേണ്ടെന്നാണ് തീരുമാനം. പത്തു വര്‍ഷം രാജ്യത്ത് തൊഴില്‍ മേഖലയില്‍ പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റ്, പുതുക്കി നല്‍കേണ്ടെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടാതെ, വിദേശ ഡോക്ടര്‍മാര്‍ അഡ്മിനിസ്‌ട്രേഷന്‍ തൊഴിലുകള്‍ കൈകാര്യം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആരോഗ്യ മേഖലയെയും മന്ത്രാലയത്തെയും നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച 11 പോയിന്റ് പദ്ധതിയുടെ ഭാഗമായാണ് വിദേശി ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതേസമയം, ആരോഗ്യമേഖലയില്‍ ഇത്രയും തൊഴില്‍ പരിചയമുള്ള സ്‌പെഷ്യലിസ്റ്റുകള്‍ക്കെതിരെ നടപടികളെടുക്കുന്നത് ഉചിതമല്ലെന്ന നിലപാട് വ്യാപകമായുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.