2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വിദേശികള്‍ക്കുള്ള ഗ്രീന്‍കാര്‍ഡ് പരിധി യു.എസ് എടുത്തുമാറ്റി

വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡ് വിദേശികള്‍ക്ക് ഏഴു ശതമാനമേ അനുവദിക്കൂവെന്ന പരിധി യു.എസ് ജനപ്രതിനിധി സഭ എടുത്തുകളഞ്ഞു. രാജ്യത്ത് ജോലിക്കായി പ്രവേശനം കാത്തിരിക്കുന്ന ലക്ഷത്തിലേറെ പേര്‍ക്ക് ഇതു ഗുണം ചെയ്യും. വിശേഷിച്ചും ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രഫഷനലുകള്‍ക്ക്. 435 അംഗ ജനപ്രതിനിധിസഭയില്‍ 65നെതിരേ 365 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് സെനറ്റില്‍ കൂടി പാസായി പ്രസിഡന്റ് ഒപ്പിടുന്നതോടെ ബില്‍ നിയമമാവും.
നിലവിലെ യു.എസ് കുടിയേറ്റ നിയമമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷം നല്‍കുന്ന ഗ്രീന്‍കാര്‍ഡുകളുടെ ആകെ എണ്ണത്തിന്റെ ഏഴു ശതമാനത്തില്‍ കൂടുതല്‍ വിദേശ രാജ്യത്ത് നിന്നുള്ളവര്‍ക്ക് നല്‍കാന്‍ കഴിയില്ല. എച്ച്1ബി വിസയില്‍ യു.എസിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ഈ പരിധി തിരിച്ചടിയായിരുന്നു. ഗ്രീന്‍കാര്‍ഡ് ലഭിച്ച കുടിയേറ്റക്കാര്‍ക്ക് 3-5 വര്‍ഷത്തിനകം യു.എസ് പൗരത്വത്തിന് അപേക്ഷിക്കാം.
യു.എസ് കമ്പനികള്‍ക്ക് വിദേശികളെ ജോലിക്കു വയ്ക്കാന്‍ അനുമതി നല്‍കുന്ന എച്ച്1ബി വിസയുള്ളവരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരാണ്. ഈ വിസയുള്ളവരില്‍ 73.9 ശതമാനവും ഇന്ത്യക്കാരാണ്. അതിനാല്‍ തന്നെ പുതിയ നിയമം ഏറ്റവും ഗുണം ചെയ്യുക ഇന്ത്യക്കാര്‍ക്കായിരിക്കും.
ബില്‍ പാസായതിനെ യു.എസിലെ വന്‍കിട ഐ.ടി കമ്പനികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ ഐ.ടി വിദഗ്ധരുടെ സേവനം രാജ്യത്തിനു ലഭിക്കാനും സാമ്പത്തികരംഗത്തെ പോഷിപ്പിക്കാനും ഇത് സഹായകമാവുമെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് അഭിപ്രായപ്പെട്ടു. ഐ.ടി ലോകത്തെ നിയന്ത്രിക്കുന്ന സിലിക്കന്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഡ്രോപ് ബോക്‌സ് എന്നിവയ്‌ക്കെല്ലാം ഇത് ഗുണം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.