2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

വിണ്ടുകീറി ചുരം ജില്ലയില്‍ റെഡ് അലര്‍ട്ട്

താമരശ്ശേരി: ചുരം രണ്ടാം വളവിനു താഴെ ദേശീയപാതയില്‍ റോഡില്‍ വിള്ളല്‍. ഇന്നലെ രാവിലെയാണ് റോഡിന്റെ മധ്യഭാഗത്തെ വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതതടസം നേരിട്ടു. തുടര്‍ന്ന് പൊലിസെത്തി വിള്ളലുണ്ടായ ഭാഗത്ത് ഡിവൈഡര്‍ സ്ഥാപിച്ച് മറ്റൊരു ഭാഗത്തുകൂടെ വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.
അപകടസാധ്യത കണക്കിലെടുത്ത് ഇതിനോട് ചേര്‍ന്ന് താമസിക്കുന്ന ഏഴോളം കുംടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഇതേ റോഡിനു സമീപത്തെ ഇരുനില കെട്ടിടം ഒരുഭാഗത്തേക്ക് ചെരിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന്റെ ചുമര്‍ വിണ്ടുകീറിയ നിലയിലാണ്. കനത്ത മഴ പെയ്താല്‍ കെട്ടിടം പൂര്‍ണമായും തകരുന്ന അവസ്ഥയിലാണ്. വേണ്ടത്ര ഫൗണ്ടേഷന്‍ സംവിധാനത്തിലൂടെയല്ല ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച കെട്ടിടത്തിന് ഒരുനില നിര്‍മിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും ഈ അനുമതി ഉപയോഗിച്ച് ബഹുനില കെട്ടിടം പണിയുകയാണെന്നും ആക്ഷേപമുണ്ട്.
ദേശീയപാതാ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ്, മിലിട്ടറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവശ്യഘട്ടത്തില്‍ വിദഗ്ധ പരിശോധനയിലൂടെ നടപടികള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞദിവസം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസപ്പെട്ടത് ഇന്നലെയോടെ പുനഃസ്ഥാപിച്ചു. ഇവിടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നുണ്ട്. കൂടാതെ സ്വകാര്യ ബസ് സര്‍വിസുകളും ദീര്‍ഘദൂര സര്‍വിസുകളും ഇന്നലെയോടെ സര്‍വിസ് ആരംഭിച്ചു.
തകര്‍ന്ന താമരശ്ശേരി ചുരം റോഡ് അറ്റകുറ്റപ്പണിക്ക് യു.എല്‍.സി.സിയെ ഏര്‍പ്പിച്ചതായി കലക്ടര്‍ അിറയിച്ചു.

 

 

 

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.