2017 March 26 Sunday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

വിജിലന്‍സ് തലപ്പത്ത് ഇരിക്കുന്നത് ഞരമ്പ് രോഗി: കെ മുരളീധരന്‍

മൂലമറ്റം: കേരളത്തിലെ വിജിലന്‍സ് തലപ്പത്ത് ഞരമ്പ് രോഗിയാണിരിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പെരുങ്കള്ളനായ ജേക്കബ് തോമസാണ് ചെറു കള്ളന്‍മാരെ കുറിച്ച് അന്വേഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മൂലമറ്റത്ത് കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുരളി. ജേക്കബ്ബ് തോമസ് സര്‍വീസിലിരിക്കേ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പണം പറ്റി. ഇതിനെ കുറിച്ച് അന്യേഷിച്ചതിനാലാണ് ചീഫ് സെക്രട്ടറിക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ തിരിഞ്ഞത്.
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക അപ്രായോഗികമാണ്. കോണ്‍ഗ്രസ് ഉള്ളിടത്തോളം നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. സിനിമാ സംവിധായകന്‍ കമലും ഇന്ത്യാക്കാരനാണ്. ഇന്ത്യയില്‍ ജനിച്ച ആരും ഇന്ത്യ വിട്ടു പോകേണ്ട കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതിയെയും പാര്‍ലമെന്റിനെയും അറിയിക്കാതെ നോട്ട് പിന്‍വലിച്ചത് ജനദ്രോഹ നടപടിയാണെന്നും, ഇതുമൂലം നോട്ടുമാറിയെടുക്കാന്‍ സാധിക്കാതെ പാവപ്പെട്ടവന്റെ വിവാഹം മുടങ്ങുകയും കോടീശ്വരന്‍മാരുടെ വിവാഹങ്ങള്‍ക്ക് യാതൊരു തടസമില്ലാതാവുകയും ചെയ്തതാണ് മോദി സര്‍ക്കാരിന്റെ നേട്ടമെന്ന് മുരളീധരന്‍ പറഞ്ഞു.
അറക്കുളം അശോക കവലയില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം മൂലമറ്റത്ത് എത്തിച്ചേര്‍ന്നതോടെ പൊതു സമ്മേളനം ആരംഭിച്ചു. യോഗത്തില്‍ സാജു അഞ്ചാനി അധ്യക്ഷത വഹിച്ചു. ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി, എസ്. അശോകന്‍, ജോയി തോമസ്, മനോജ് കോക്കാട്ട്, എം. കെ. പുരുഷോത്തമന്‍, ആഗസ്തി അഴകത്ത്, എന്‍.ഐ. ബന്നി, എ.പി. ഉസ്മാന്‍, ജോര്‍ജ് കരിമറ്റം, ടോമി വാളികുളം, ശശി കടപ്ലാക്കല്‍, കെ.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓട്ടോ ടാക്‌സി തൊഴിലാളികളുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടത്തി.