2017 July 22 Saturday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

വിജിലന്‍സ് ഡയറക്ടര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: സുരേന്ദ്രന്‍

പാലക്കാട്: സി.പി.എം. എ.കെ.ജി. സെന്ററില്‍ നിന്നും നല്‍കിയ ചുവപ്പുകാര്‍ഡുമായി കളിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തു തികഞ്ഞ അരാജകത്വമാണ്. മുഖ്യമന്ത്രിക്ക് ഒന്നിലും ഒരു നിയന്ത്രണവുമില്ല. ശക്തമായ ഭരണാധികാരിയാകുമെന്നു പ്രചാരണം നടത്തി അധികാരത്തിലേറിയ പിണറായി വിജയന് ഒന്നും ചെയ്യാനാകുന്നില്ല.
ലക്ഷക്കണക്കിന് ഫയലുകളാണ് കെട്ടികിടക്കുന്നത്. അഴിമതിക്കെതിരേ നടപടിയില്ല. ഭരണകൂടത്തെ ഭീഷണിപ്പെടുത്തി അഴിമതി അന്വേഷണം ഇല്ലാതാക്കാനാണ് ഐ.എ.എസുകാരുടെ ശ്രമം. രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസുകളില്‍ വിജിലന്‍സ് അന്വേഷണം സ്തംഭിപ്പിച്ചു. ഉമ്മന്‍ചാണ്ടി,ചെന്നിത്തല,കെ.ബാബു,മാണി,അടൂര്‍പ്രകാശ ഇബ്രാഹിംകുഞ്ഞ്, എ.പി.അനില്‍കുമാര്‍,ഉദ്യോഗസ്ഥരായ ടോമിന്‍തച്ചങ്കരി എന്നിവര്‍ക്കെതിരെയുള്ള കേസുകളെല്ലാം തള്ളിയനിലയിലാണ്. ബന്ധുനിയമന വിവാദത്തില്‍ അന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രതിക്കൂട്ടിലാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങള്‍ കൂടി അന്വേഷിച്ചാല്‍ പിണറായി വിജയനിലേക്കും നീങ്ങും.
തോമസ് ഐസക്ക് മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരും.നികുതി പിരിക്കാത്തതിനാല്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. തോമസ് ഐസക്കിനെ ധനമന്ത്രി സ്ഥാനത്തു നിര്‍ത്തി സംസ്ഥാനത്തിനു മുന്നോട്ടുപോകാനില്ല. അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെന്ന ഗീതാ ഗോപിനാഥിന്റെ ഉപദേശം സ്വീകരിക്കുകയാവും മുഖ്യമന്ത്രിക്കു നല്ലത്. ജി.എസ്.ടിയെ പോലും തുരങ്കം വച്ച് സംസ്ഥാനത്തു കേന്ദ്രവിരുദ്ധ വികാരം ശക്തിപ്പെടുത്താനാണു ഐസക്കിന്റെ നീക്കം. ഒക്‌ടോബറില്‍ 4592 കോടി രൂപ നികുതിയിനത്തില്‍ ലഭിക്കേണ്ടയിടത്ത് 1568 കോടിയാണ് പിരിച്ചത്. സ്വര്‍ണ്ണം,ക്വാറി,കോഴി,എന്നിവയിലെല്ലാം കോടിക്കണക്കിന് രൂപ പിരിഞ്ഞുകിട്ടാനുണ്ട്. നടുപ്പുണിചെക്ക് പോസ്റ്റില്‍ നിന്ന് ലഭിച്ച വണ്ടിചെക്ക് സംബന്ധിച്ച് മന്ത്രി മൗനം പാലിക്കുകയാണ്. പാമ്പാടി കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും കേസ് ഒതുക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഉന്നത രാഷ്ട്രീയ നേതാക്കളാണ് ഇതിനുപിന്നില്‍. ബി.ജെ.പിസംസ്ഥാന സെക്രട്ടറിമാരായ എ.കെ. നസീര്‍, സി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ് പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.