2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

  • മല്യയെ അറസ്റ്റ് ചെയ്തത് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്
  • മൂന്നു മണിക്കൂറിനു ശേഷം ജാമ്യം ലഭിച്ചു

ന്യൂഡല്‍ഹി: രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. ഇന്ത്യയില്‍ 9000 കോടി രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ കേസിലാണ് അറസ്റ്റിലായത്. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ അറസ്റ്റിലാവുമെന്നു കണ്ട മല്യ രാജ്യം വിടുകയായിരുന്നു. ഇതേത്തുടർന്ന് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.

ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മൂന്നു മണിക്കൂറിനു ശേഷം മല്യയ്ക്ക് ജാമ്യവും ലഭിച്ചു. വെസ്റ്റ്മിന്‍സ്റ്റർ കോടതിയാണ് ജാമ്യം അനുവദിച്ചത്.

എന്നാല്‍ അറസ്റ്റ് വാർത്തയെ നിരാകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് മല്യ. പതിവ് ആഘോഷങ്ങളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തുന്നതെന്നും കൈമാറല്‍ അപേക്ഷയില്‍ കോടതി വാദം കേട്ടുവരുന്നേയുള്ളൂവെന്നുമാണ് വിജയ് മല്യയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് വിജയ് മല്യ ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിക്കുന്നത്.

എന്നാല്‍ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ച് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെയാണ് അറസ്‌റ്റെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.