2018 May 15 Tuesday

വിജയക്കൊടി പാറിച്ച് മൂന്ന് മലയാളികള്‍

വി.കെ പ്രദീപ്

മംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയക്കൊടി പാറിച്ച് മൂന്ന് മലയാളികള്‍. കാസര്‍കോട് ഉപ്പള സ്വദേശികളായ യു.ടി ഖാദര്‍, എന്‍.എ ഹാരിസ്, കോട്ടയം ചിങ്ങവനത്തെ കെ.ജെ ജോര്‍ജ് എന്നിവരാണ് ബി.ജെ.പി തരംഗത്തിനിടയിലും കോണ്‍ഗ്രസ് കോട്ടകള്‍ കാത്ത മലയാളികള്‍.
മംഗളൂരു സിറ്റി സിറ്റിങ് മണ്ഡലത്തില്‍നിന്നാണ് തുടര്‍ച്ചയായ നാലാംതവണയും യു.ടി ഖാദര്‍ കര്‍ണാടക നിയമസഭയിലെത്തുന്നത്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആരോഗ്യ, ഉപഭോക്തൃകാര്യ മന്ത്രിയായിരുന്ന യു.ടി ഖാദര്‍ 19,739 വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ സന്തോഷ്‌കുമാര്‍ ബോളിയാറിനെ പരാജയപ്പെടുത്തിയത്. മംഗളൂരുവിനോട് ചേര്‍ന്നുകിടക്കുന്ന ദക്ഷിണ കന്നഡയിലെ മറ്റ് മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ മംഗളൂരു മാത്രം കോണ്‍ഗ്രസിനൊപ്പം നിന്നത് യു.ടി ഖാദറിന്റെ ജനപിന്തുണ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന പിതാവ് യു.ടി ഫരീദിന്റെ മരണത്തെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ വിജയിച്ചാണ് യു.ടി ഖാദര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്.
സിദ്ധരാമയ്യ മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയായിരുന്ന കെ.ജെ ജോര്‍ജ് ബംഗളൂരുവിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നും എന്‍.എ ഹാരിസ് ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്. 1968ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജോര്‍ജ്, 75ല്‍ കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് ട്രഷററും 1982ല്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി.
1985ല്‍ സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1985ല്‍ ഭാരതിനഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം വീരേന്ദ്രപാട്ടീല്‍, ബംഗാരപ്പ മന്ത്രിസഭകളില്‍ മന്ത്രിയായി. കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് കേളചന്ദ്ര വീട്ടില്‍ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്.
കാസര്‍കോട് മേല്‍പ്പറമ്പ് കീഴൂര്‍ സ്വദേശിയായ എന്‍.എ ഹാരിസ്, രാഷ്ട്രീയനേതാവും വ്യവസായിയുമായ പിതാവ് എന്‍.എ മുഹമ്മദിന്റെ വഴിയെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.