2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വിജയം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് എരവാളര്‍

 

പുതുനഗരം: 253 ദിവസമായി തുടരുന്ന കുടില്‍കെട്ടി സമരംപൊളിച്ചുമാറ്റിയാലും വിജയം കാണാതെ അവസാനിപ്പിക്കില്ലെന്ന് എരവാളര്‍ വിഭാഗക്കാര്‍.
റോഡ്, വൈദ്യുതി, റേഷന്‍കാര്‍ഡ്, പട്ടയം, തൊഴില്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നി ജീവിതത്തിലെ എല്ലാ മേഖലകളിലും ബാധിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ പട്ടിക വര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണ്.
എരവാലന്‍ വിഭാഗങ്ങളുടെ ജീവിതം ഓലക്കുടിലുകളില്‍ തന്നെ. തെന്മലയോടുചേര്‍ന്ന് പ്രദേശമായ പുത്തന്‍പാടം, പറത്തോട് കോളനികളില്‍ ഭവനപദ്ധതികള്‍ കൃത്യമായി അനുവദിക്കാത്തതിനാല്‍ മിക്ക ഓലക്കുടിലുകളിലുള്ള വീടുകളും തകര്‍ച്ചനേരിട്ടുകൊണ്ടിരിക്കുകയാണ്.
രണ്ടുകോളനികളിലായി അന്‍പതിലധികം വീടുകളാണുള്ളത്. ഇതില്‍ വിരലിലെണ്ണാവുന്ന വീടുകള്‍ മാത്രമാണ് ഓടിട്ടത്. മറ്റുള്ളവയെല്ലാം പഴയ കോളനികളെ ഓര്‍മ്മപെടുത്തുന്ന ഓലക്കുടിലുകളാണ്. മാറുന്നസര്‍ക്കാറുകള്‍ വിവിധ പേരുകളില്‍ ഭവന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും പുത്തന്‍പാടത്തും പറത്തോട്ടിലും വീടുകള്‍ നിര്‍മിക്കുവാനുള്ള പദ്ധതി പാസാക്കുന്നതിലുള്ള കാലതാമസത്തിന് ഇന്നുവരെ അറുതിയുണ്ടായിട്ടില്ല.
പട്ടികജാതിക്കാരാണെന്നും പട്ടികവര്‍ഗക്കാരാണെന്നുമെല്ലാം തരംതിരിക്കുന്നതിലും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ പ്രതിസന്ധി പരിഹരിക്കാത്തതുമാണ് പദ്ധതികളില്‍ ഉള്‍പെടുത്താതിരിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.
കോളനിക്കുസമീപത്തുള്ള തോട്ടിനുകുറുകെ പാലം നിര്‍മിച്ചതും പരസരങ്ങളിലെ ചാത്തുണ്ണിമാഷ് സൗജന്യമായി നല്‍കിയ ഭൂമിയില്‍ അംഗണ്‍വാടി നിര്‍മിച്ചതും സമ്പൂര്‍ണ്ണ വൈദ്യുതീകരണം എത്തിയതും ഒഴിച്ചാല്‍ കോളനികളില്‍ വികസനം എത്തിനോക്കീട്ടിയില്ലെന്ന് കോളനിവാസികള്‍ പറയുന്നു.
കൊല്ലങ്കോട് പഞ്ചായത്തില്‍ തെന്മലയോടുചേര്‍ന്ന് തോട്ടം കോളനിയില്‍ പട്ടയം വിതരണം നടത്തണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല.
എരവാലന്‍ വിഭാഗത്തില്‍ ഉള്‍പെടുന്ന പതിനഞ്ചിലധികം കുടുംബങ്ങളാണ് ഇവിടെ വസിക്കുന്നത്. തെന്മല അടിവാരത്തിലെ തോട്ടം കോളനിയില്‍ വസിക്കുന്നവര്‍ക്ക് പട്ടയം വിതരണം നടത്താത്തതിനാല്‍ ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിക്ഷേധിക്കപെടുന്നതായി കോളനി വാസികള്‍ പറയുന്നു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് അനുവദിച്ച് കോളനിയിലെ വീടുകള്‍ ജീര്‍ണ്ണാവസ്ഥയിലായതിനാല്‍ വീടുകള്‍ തകരുമെന്ന ഭീതിയില്‍ കോളനിവാസികള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്കു പുറത്ത് ഓലക്കുടില്‍ നിര്‍മിച്ചാണ് അന്തിയുറങ്ങുന്നത്.
നിലവില്‍ പട്ടിക ജാതി വിഭാഗത്തിലാണ് എരവാലന്‍ വിഭാഗക്കാരെ ഉള്‍പെടുത്തീയിട്ടുള്ളത്. എന്നാല്‍ മുതലമട, എലവഞ്ചേരി, പോത്തുണ്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ എരവാലന്‍ വിഭാഗങ്ങള്‍ക്ക് പട്ടിഗ വര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനാല്‍ തങ്ങള്‍ക്കും പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിട്ടുള്ള കുടില്‍ കെട്ടിസമരമാണ് റവന്യു അധികൃതര്‍ ഇടപെട്ട് സമരപ്പന്തലുകള്‍ പൊളിച്ചുനീക്കിയതോടെ എരവാലരുടെ ന്യായമായ ആവശ്യങ്ങള്‍ ചോദ്യചിഹ്നമായി മാറിയത്. ജാതിനിര്‍ണയത്തിന്റെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കി പുത്തന്‍പാടത്തും പറത്തോട്ടിലും അടിയന്തിരമായി ഭവനപദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.