2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Editorial

വികസനക്കുതിപ്പിലേക്കുള്ള തുടക്കം


കേരളം ഏറെക്കാലമായി താലോലിച്ച് പോന്ന സ്വപ്‌ന പദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ ദിവസം സഫലീകരിച്ചു. നിരവധി കടമ്പകളും സാങ്കേതിക പ്രശ്‌നങ്ങളും തരണം ചെയ്ത് യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവന്ന പദ്ധതി അവരുടെ ഭരണകാലത്ത് തന്നെ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞുവെന്നതില്‍ സര്‍ക്കാരിന് അഭിമാനിക്കാം. ലോക ഐടി ഭൂപടത്തില്‍ കേരളവുംകൂടി ഇടംപിടിക്കുന്ന ഈ പദ്ധതി കഴിഞ്ഞ എട്ട് വര്‍ഷമായി പണിപ്പുരയിലായിരുന്നു.

ഒന്നാം ഘട്ടം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. ലോകം ഇനി കൊച്ചിയിലേക്ക് വരുമെന്നും യുവാക്കള്‍ ഇനി തൊഴില്‍തേടി അന്യനാടുകളിലേക്ക് പോകേണ്ടിവരില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മധുരിക്കും വാക്കുകള്‍ വരും കാലങ്ങളില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം തുടങ്ങുന്ന ഒരു പദ്ധതിയുടെ ഭാവികാലത്തെ കുറിച്ചു അശുഭചിന്തകള്‍ വെച്ചു പുലര്‍ത്തുന്നതും ഉദ്ഘാടന വേളയില്‍ തന്നെ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുന്നതും നന്മയുടെ ഒരു സന്ദേശവും നല്‍കുന്നില്ല. തൊഴില്‍രംഗത്ത് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനെ ഇത്തരം നീക്കങ്ങള്‍ ഒട്ടും സഹായിക്കുകയുമില്ല.

245 ഏക്കര്‍ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ ആറരലക്ഷം ചതുരശ്ര വിസ്തീര്‍ണത്തില്‍ പണിത കെട്ടിടസമുച്ചയമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉദ്ഘാടനവേളയില്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന 22 കമ്പനികളുടെ പട്ടികയും പ്രഖ്യാപിക്കപ്പെട്ടത് നല്ല കാര്യം തന്നെ. ഒന്നാം ഘട്ടത്തില്‍തന്നെ അയ്യായിരത്തി അഞ്ഞൂറ് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 2020 ല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ തൊഴില്‍രഹിതരായ തദ്ദേശീയര്‍ക്കും വിദേശങ്ങളില്‍ ഐടി മേഖലകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ യുവ പ്രതിഭകള്‍ക്കും നാട്ടില്‍ തന്നെ അവസരങ്ങള്‍ തുറന്ന് കിട്ടുമെന്നത് നിസ്സാര കാര്യമല്ല. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ ജീവിത സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടും.

മനുഷ്യവിഭവശേഷിയില്‍ കേരളം എന്നോ മുന്‍പന്തിയിലാണ്. അതുപക്ഷെ അവിദഗ്ധ മേഖലയില്‍ മാത്രം ഒതുങ്ങിനിന്നതിനാല്‍ ജീവിത സാഹചര്യമെച്ചമോ തൊഴില്‍ മേഖലയുടെ വിപുലീകരണമോ ഉണ്ടായില്ല. രാഷ്ട്രാന്തരീയ തലത്തില്‍ ഐടി രംഗം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതോടൊപ്പം ഉയരുവാനും വളരുവാനും പുതിയ തലമുറ സജ്ജമായിവരുമ്പോള്‍ അവര്‍ക്കിരിക്കാന്‍ സുസജ്ജമായ തൊഴില്‍ ഇരിപ്പിടം ഒരുക്കുവാന്‍ നാം ബാധ്യസ്ഥരാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ അത് സാധിക്കുമെന്നത് വലിയ നേട്ടം തന്നെയാണ്. ഐ.ടി സാധ്യതകള്‍ സ്മാര്‍ട്ട് പദ്ധതിയിലൂടെ കൂടുതലായി ഉപയോഗപ്പെടുത്തുമ്പോള്‍ കേരളം കൊച്ചിയിലേക്ക് വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അതിശയോക്തി കാണേണ്ടതില്ല. ചിലപ്പോള്‍ മറ്റു സംസ്ഥാനങ്ങളും വന്നു കൂടായ്കയില്ല. ലോകം മുഴുക്കെ അവസരങ്ങളുടെ വാതായനങ്ങള്‍ ഐടി മേഖലയില്‍ തുറന്നിട്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കൊച്ചു സംസ്ഥാനത്തിനും അതോടൊപ്പം സഞ്ചരിക്കുവാന്‍ കഴിയുക എന്നത് മഹത്തായ കാര്യം തന്നെയാണ്. ഭാവനാനുസൃതമായി രൂപം കൊള്ളുന്ന പദ്ധതികളുടെ പ്രായോഗികത പരീക്ഷിച്ചറിഞ്ഞതിനുശേഷം മാത്രമേ തുടങ്ങുന്നുവെന്നതിനാല്‍ നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ക്കും തൊഴില്‍ മേഖലകള്‍ക്കും പറ്റുന്ന പരാജയം ഐടി മേഖലയില്‍ ഉണ്ടാകില്ല. കൈത്തറി ഉല്‍പന്നങ്ങളെ വെല്ലുംവിധം വിപണിയില്‍ കുറഞ്ഞ വിലക്ക് ഉയര്‍ന്ന ഉല്‍പന്നങ്ങള്‍ ലഭിക്കുമ്പോള്‍ പരമ്പരാഗത വ്യവസായമായ കൈത്തറി തളരുമെന്നതില്‍ പക്ഷാന്തരമില്ല. കയര്‍ മേഖലയിലും മറ്റേത് പാരമ്പര്യ വ്യവസായ വാണിജ്യമേഖലയിലും അതിന്റെ ഭാവി വിപണി കാലത്തെ തിട്ടപ്പെടുത്താന്‍ കഴിയാതെ പോകുന്നതിനാലായിരുന്നു അവയൊക്കെയും പരാജയപ്പെടുന്നത്.

പ്രകൃതിയെ പരുക്കേല്‍പ്പിക്കുന്നവയ്ക്കും ഏറെക്കാലം നിലനില്‍ക്കാനാവില്ല. സര്‍ക്കാരിന് ഇത്തരം വ്യവസായങ്ങളെ എത്രകാലമെന്ന് കരുതിയാണ് പുനരുദ്ധരിപ്പിക്കാന്‍ കഴിയുക. മാര്‍ക്കറ്റിങ് സാധ്യത പഠിക്കാതെ തുടങ്ങുന്ന വ്യവസായങ്ങളും വാണിജ്യസംരംഭങ്ങളും പരാജയപ്പെടും. എന്നാല്‍ അനന്തസാധ്യതകള്‍ തുറന്നിടുന്നതാണ് ഐടി മേഖല.

നിമിഷംതോറും പുതിയ സാധ്യതകളാണ് ഈ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ നിലക്ക് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്യുന്ന മൂന്നാം ഘട്ട പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 2020 ല്‍ അടിസ്ഥാന സൗകര്യ, സാമ്പത്തിക, തൊഴില്‍, സാമൂഹ്യ രംഗങ്ങളിലെല്ലാം തന്നെ കേരളത്തിന്റെ മുഖഛായ മാറും. അനുബന്ധമായി വിവിധ മേഖലകളില്‍ ഉണ്ടാകുന്ന പുരോഗതിയും കുതിപ്പും വിദേശ സംരംഭങ്ങള്‍ക്ക് കൂടുതല്‍ മൂലധനം നിക്ഷേപിക്കുവാന്‍ പ്രേരണ നല്‍കുകയും ചെയ്യും. കേരളം വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും അനുകൂലമായ സംസ്ഥാനമല്ലെന്ന ചീത്തപ്പേര് മാറ്റിയെഴുതുവാനും സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി സാധിക്കും.

ചരിത്രാതീത കാലം മുതല്‍ തന്നെ അറബ് രാഷ്ട്രങ്ങളുമായി കേരളത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. വലിച്ച് കെട്ടിയ പായക്കപ്പലില്‍ കേരളതീരത്ത് വന്നിറങ്ങിയ അറബികളായ സമുദ്ര സഞ്ചാരികളില്‍നിന്നും അതു തുടങ്ങുന്നു. അന്ന് തുടങ്ങിയ ബന്ധം കച്ചവടങ്ങള്‍ക്കൊപ്പം വളര്‍ന്നു പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഇഴമുറിയാത്ത കണ്ണികളായി. അവ കൂടുതല്‍ ബലവത്താക്കുന്നു.
ദുബൈയിലെ ഐടി കമ്പനികളുടെ സഹകരണത്തോടെ ആരംഭിക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി. വിവാദങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് പ്രതീക്ഷയോടെ കൊച്ചി സ്മാര്‍ട്ട് സിറ്റി വളര്‍ന്നുവലുതാകുന്നത് കാത്തിരിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.