2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വികസനം തേടി ഏച്ചൂര്‍

ചക്കരക്കല്‍:കണ്ണൂര്‍-മട്ടന്നൂര്‍ വിമാനത്താവളം റോഡിലെ പ്രധാന ടൗണായ ഏച്ചൂര്‍ സ്ഥപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്നു. നൂറുകണക്കിനാളുകളാണ് ഇവിടെ വന്നുപോകുന്നത്. സ്വകാര്യ കോളജും ഇവിടെ പ്രവര്‍ത്തിക്കുന്നു.
കൂടാളി,മുണ്ടേരി ഹയര്‍സെക്കന്റി സ്‌കൂളിലേക്കു പോവുന്ന നിരവധി വിദ്യാര്‍ഥികളും,ഇരിട്ടി,ഇരിക്കൂര്‍,മുണ്ടേരിമൊട്ട,കൂട്ടുപുഴ,വീരാജ്‌പേട്ട ഭാഗത്തേക്കുള്ള യാത്രക്കാരും കൂടുതലായി ഇവിടെയെത്തുന്നുണ്ട്. ബസ് കാത്തിരുപ്പ് കേന്ദ്രമില്ലാത്തതിനാല്‍ കടവരാന്തയെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്.
ഇവിടെ ഓട്ടോ,ടാക്‌സി സ്റ്റാന്റുകള്‍ പ്രവര്‍ത്തിക്കുന്നത് റോഡരികിലാണ്.
യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ ഇനിയും നിര്‍മിച്ചിട്ടില്ല.
ഓവുചാല്‍ ശുചീകരിക്കാത്തതിനാല്‍ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
ഇതുകൂടാതെ അനധികൃത പാര്‍ക്കിങും ഗതാഗതകുരുക്കുണ്ടാക്കുകയാണ്. ഇവിടെ ചക്കരക്കല്‍ റോഡരികിലാണ്മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. കവലയിലെ അപായകരമായ വളവിന് സമീപം മട്ടന്നൂര്‍ റോഡരികിലാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടഭീഷണിയുണ്ടാക്കുകയാണ്. ഓട്ടോറിക്ഷകള്‍ക്കും,ടാക്‌സികള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സ്റ്റാന്‍ഡ് വേണമെന്നും,ബസ് ബേ വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
സമീപത്ത് നിന്ന് ആരംഭിക്കുന്ന മരമില്‍-കൊല്ലന്‍ചിറ റോഡ് ശോച്യാവസ്ഥയിലാണ്. ഏച്ചൂരിന് തൊട്ടടുത്തുള്ള പന്ന്യോട്ട്,വട്ടപ്പൊയില്‍,തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ അതിരൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെടുന്നുണ്ട്. വീതിയില്ലാത്തതും,പൊട്ടിപ്പൊളിഞ്ഞ റോഡാണ് ഇവിടങ്ങളിലുള്ളത്. ചക്കരക്കല്‍, അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള റോഡ് വഴിമാറുന്നത് ഇവിടെനിന്നുമാണ്.മുണ്ടേരി പഞ്ചായത്ത് പരിധിയിലാണ് ഏച്ചൂര്‍ ടൗണ്‍. എന്നാല്‍ പഞ്ചായത്ത് ബഡ്ജറ്റില്‍ ഏച്ചൂരിന്റെ വികസനത്തിനായി സമഗ്രപദ്ധതിതയാറാക്കുന്നില്ലെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.