2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഫീസ് വര്‍ധന: നീക്കം പിന്‍വലിക്കണമെന്ന് കൗണ്‍സില്‍

 

കോഴിക്കോട്: മോട്ടോര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും ലൈസന്‍സ് ഫീസും കൂത്തനെ കൂട്ടാനുള്ള നീക്കം പിന്‍വലിക്കണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നോട്ടു പ്രതിസന്ധി കാരണം പ്രയാസപ്പെടുന്ന ജനങ്ങള്‍ക്കു മറ്റൊരു പ്രഹരമാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയിലൂടെ ഉണ്ടായിട്ടുള്ളതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുല്ലവീട്ടില്‍ മൊയ്തീന്‍ പറഞ്ഞു. പ്രമേയം കൗണ്‍സില്‍ യോഗം ഐകകണ്‌ഠ്യേന പാസാക്കി.
കല്ലായ്പുഴയുടെ ആഴംകൂട്ടി സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കല്ലായ്പുഴയുടെ ഇന്നത്തെ ശോചനീയവസ്ഥയെപ്പറ്റി കെ. നജ്മയാണ് കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു കല്ലായ്പുഴയുടെ നവീകരണത്തിനായി 34 കോടി രൂപ നീക്കിവച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. കൈയേറ്റക്കാര്‍ക്ക് ഗുണകരമായ നടപടികള്‍ ഭരണത്തില്‍ ഉണ്ടായതോടെയാണു പുഴയുടെ ദുര്‍ഗതി ആരംഭിച്ചത്.
യു.ഡി.എഫ് ഭരണകാലത്തു പുഴയിലെ ചെളിവാരം ആഴം കൂട്ടുന്നതിന് 4.90 കോടി രൂപ അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടെത്തി ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം പാതിവഴിയിലാവുകയായിരുന്നു.
ടെന്‍ഡര്‍ എടുത്ത കരാറുകാരന്‍ പ്രവൃത്തി ചെയ്യാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള കരാര്‍ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കണമെന്നും ശ്രദ്ധ ക്ഷണിച്ചു. വിഷയം ജലസേചന വകുപ്പിന്റെയും ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി(ലൈഫ്)യുടെ ഗുണഭോക്തകളെ കണ്ടെത്തുന്നതിന് സര്‍വേ നടത്താന്‍ കുടുംബശ്രീയെ എല്‍പ്പിക്കുന്നതിനെതിരേ യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങള്‍ രംഗത്തു വന്നത് കൗണ്‍സിലില്‍ വാഗ്വാദമുണ്ടാക്കി. സര്‍വേ നടത്തുന്നത് അങ്കണവാടി വര്‍ക്കര്‍മാരെ ചുമതല ഏല്‍പ്പിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ ഒടുവില്‍ തീരുമാനമാനിക്കുകയായിരുന്നു. 27നെതിരേ 37 വോട്ടുകള്‍ക്കാണ് തീരുമാനം പാസായത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.