2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വാഴാനി ഡാം ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ പുഴയില്‍ മീന്‍ ചാകര

വടക്കാഞ്ചേരി: അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വാഴാനി ഡാം റിസര്‍വോയര്‍ ഷട്ടറുകള്‍ ആറ് ഇഞ്ച് വീതം ഉയര്‍ത്തിയപ്പോള്‍ ഡാമില്‍ നിന്നും ഒഴുകി പോയത് ആയിരകണക്കിനു രൂപയുടെ മത്സ്യം.
അഞ്ചു വര്‍ഷമായി ഡാമില്‍ കിടന്നു വളരുകയായിരുന്ന മത്സ്യങ്ങളൊന്നാകെ പുഴയിലേക്കു ഒഴുകി 10 ഉം, 15 ഉം കിലോ തൂക്കമുള്ള മത്സ്യങ്ങള്‍ വരെ നാട്ടുകാര്‍ക്കു ലഭിച്ചു. മൃഗാല, കട്ട്‌ള, റോഹു ഇനത്തില്‍ പെട്ട മത്സ്യങ്ങളാണ് ഒഴുകി പോയത്. ഡാമില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കാനും മത്സ്യ ബന്ധനത്തിനും വാഴാനി കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഹരിജന്‍ ഗിരിജന്‍ റിസര്‍വോയര്‍ സഹകരണ സംഘത്തിനാണ്.
എന്നാല്‍ കാര്‍പ്പ് വിഭാഗത്തില്‍ പെട്ട മത്സ്യ കുഞ്ഞുങ്ങളെ ഡാമില്‍ നിക്ഷേപിയ്ക്കരുതെന്ന വനം വകുപ്പിന്റെ വിലക്കുള്ളതിനാല്‍ സഹകരണ സംഘം മെമ്പര്‍മാര്‍ ഇപ്പോള്‍ മത്സ്യബന്ധനത്തിനു എത്താറില്ല. അതിനാല്‍ തന്നെ വലിയ മത്സ്യങ്ങള്‍ ധാരാളം ഡാമിലുണ്ടായിരുന്നു. മത്സ്യങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കാന്‍ ഷട്ടറിനു താഴെ ഇരുമ്പ് വല സ്ഥാപിയ്ക്കുകയും ചെയ്തിരുന്നു. ഇതൊക്കെ തകര്‍ന്നു കിടപ്പാണ്. ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി പുതിയ വലകള്‍ സ്ഥാപിയ്ക്കാന്‍ ശ്രമം നടന്നെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും നീക്കം ചെറുത്തു തോല്പിയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും ഡാം തുറന്നപ്പോള്‍ മീന്‍ ചാകര ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു ജനങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.