2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വാളയാര്‍- മറൈന്‍ ഡ്രൈവ് സംഭവങ്ങളില്‍ എസ്.ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍: കാക്കിക്ക് കൂച്ചുവിലങ്ങ്

പാലക്കാട്/കൊച്ചി: വാളയാറിലും കൊച്ചി മറൈന്‍ ഡ്രൈവിലുമുണ്ടായ അനിഷ്ടസംഭവങ്ങളില്‍ നടപടിയെടുക്കാതെ വീഴ്ചവരുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത് സര്‍ക്കാര്‍.
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ചിരുന്ന കസബ എസ്.ഐ പി.സി.ചാക്കോയെയും മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര അക്രമം തടയുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം സെന്‍ട്രല്‍ എസ്.ഐ വിജയശങ്കറിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണത്തില്‍ ഗുരുതര വീഴ്ചവരുത്തിയതിനാണ് പി.സി.ചാക്കോയെ സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലയുടെ ചുമതലയുളള മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
സഹോദരിമാരില്‍ മൂത്തയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും പീഡനം സംബന്ധിച്ച സൂചനയുണ്ടായിട്ടും കേസെടുക്കാനും പ്രതിയെ പിടികൂടാനും നടപടിയുണ്ടായില്ലെന്നാണു കണ്ടെത്തല്‍. ആരോപണവിധേയനായ വ്യക്തിയെ കസ്റ്റഡിയിലെടുത്തു വിട്ടയയ്ക്കുകയായിരുന്നു. നടപടിയുണ്ടായിരുന്നെങ്കില്‍ ഇളയ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തല്‍. സംഭവകാലയളവില്‍ ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന വി.എസ്.മുഹമ്മദ് കാസിം, പി.വാസുദേവന്‍ എന്നീ ഡിവൈ.എസ്.പിമാര്‍ക്കും കസബ മുന്‍ സി.ഐ വിപിന്‍ദാസിനുമെതിരേ വകുപ്പുതല നടപടിയുണ്ടാവും. നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.ജെ.സോജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ശിവസേനയുടെ സദാചാര അക്രമം തടയാതെ കണ്ടുനിന്നു പ്രോത്സാഹിപ്പിച്ച എറണാകുളം സെന്‍ട്രല്‍ എസ്.ഐ വിജയശങ്കര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.പി കെ.വി.വിജയന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ക്കെതിരേ കടുത്ത നടപടികള്‍ക്കു ശുപാര്‍ശ ചെയ്യുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എസ്.ഐയുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപമുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനാലാണു ബുധനാഴ്ച രാത്രിതന്നെ നടപടി ഉണ്ടായത്. ഇത്തരത്തില്‍ ഒരു അക്രമസമരം നടക്കുമെന്ന് രാവിലെ പതിനൊന്നിനു സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം കിട്ടി. അപ്പോള്‍ തന്നെ സെന്‍ട്രല്‍ എസ്.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 16 പൊലിസുകാരെ അവിടേക്ക് നിയോഗിച്ചെങ്കിലും സമരം തടയാന്‍ ഇവര്‍ ഒന്നും ചെയ്തില്ലെന്നും പൊലിസ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

പൊലിസിന്റേത് ഗുരുതര വീഴ്ച: മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ പൊലിസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അക്രമം നടത്തിയ ശിവസേന പ്രവര്‍ത്തകരില്‍ ശേഷിക്കുന്നവരെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ഹൈബി ഈഡന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മറൈന്‍ ഡ്രൈവില്‍ നടന്ന സംഭവം കേരളത്തിനാകെ അപമാനകരമാണ്. ഒരു തരത്തിലുള്ള സദാചാര ഗുണ്ടായിസവും സംസ്ഥാനത്ത് അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെ ശക്തമായ നിയമ നടപടി സ്വീകരിക്കും. സദാചാര ഗുണ്ടായിസം നടത്തുന്നത് വ്യക്തികളായാലും സംഘടനകളായാലും പൊലിസ് ഉദ്യോഗസ്ഥരായാലും ശക്തമായ നടപടി സ്വീകരിക്കും. ശിവസേനക്കാര്‍ക്ക് അഴിഞ്ഞാടാന്‍ പൊലിസ് ഒത്താശ ചെയ്‌തെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച ഹൈബി ഈഡന്‍ ആരോപിച്ചു.

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ ബന്ധു ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാര്‍അട്ടപ്പള്ളം സെല്‍വപുരത്തെ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതേക്കല്‍വീട്ടില്‍ ഷിബു(43), അട്ടപ്പള്ളം കല്ലങ്കാട് മധു(27) എന്നിവരാണ് അറസ്റ്റിലായത്. മധു കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനാണ്. ഷിബു എട്ട് വര്‍ഷമായി പെണ്‍കുട്ടികളുടെ വീടിനടുത്തു താമസിച്ചു വരികയായിരുന്നു. കുട്ടികളുടെ അച്ഛന്റെ സുഹൃത്താണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.