2018 May 08 Tuesday

വാരിയന്‍കുന്നത്ത്: ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് 96 വയസ്

കൈനോട്ട് സാദിക്കലി

”മരണവും അന്തസോടെ വേണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കണ്ണുകെട്ടി പിറകില്‍നിന്നു വെടിവച്ചു കൊല്ലലാണു നിങ്ങളുടെ പതിവെന്നു കേട്ടിട്ടുണ്ട്. കണ്ണുകെട്ടാതെ മുന്നില്‍നിന്നു നെഞ്ചിലേക്കു വെടിവയ്ക്കാനുള്ള സന്മനസ് കാണിക്കണമെന്നു മാത്രമാണ് അവസാനമായി എനിക്കപേക്ഷിക്കാനുള്ളത്.”

പട്ടാള കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയുടെ കോടതിയില്‍നിന്നു വധശിക്ഷാവിധി കേട്ട ശേഷം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ അവസാനത്തെ ആഗ്രഹം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു. 1922 ജനുവരി 20നാണ് ബ്രിട്ടീഷ് പട്ടാളം മലപ്പുറത്തെ കോട്ടക്കുന്നിന്റെ വടക്കെചെരിവില്‍ വച്ച് വാരിയംകുന്നത്തിനെ വെടിവച്ചു കൊന്നത്. അദ്ദേഹത്തിന്റെ മൃതദേഹവും സ്വതന്ത്ര മാപ്പിള സര്‍ക്കാരിന്റെ അനേകം രേഖകളടങ്ങുന്ന മരം കൊണ്ടു നിര്‍മിച്ച പെട്ടിയും പെട്രോളൊഴിച്ചു കത്തിക്കുകയും മൂന്നു മണിക്കൂറിനുശേഷം വെന്ത് വെണ്ണീരായി എന്ന് ഉറപ്പുവരുത്തി കാവല്‍ നിന്ന ഭടന്മാര്‍ അവശേഷിച്ച എല്ലുകള്‍ പെറുക്കിയെടുത്തു പ്രത്യേക ബാഗില്‍ നിക്ഷേപിച്ച് അതുമായി ബാറ്ററി വിങ് ബാരക്കിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു.
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസം അവധിക്കൊടുത്ത് സ്വന്തം നിലയില്‍ പാസ്‌പോര്‍ട്ടും നികുതി സമ്പ്രദായങ്ങളും ഏര്‍പ്പെടുത്തിയ സമാന്തര ഭരണകൂടത്തിന്റെ നായകനായിരുന്നു വാരിയന്‍കുന്നത്ത്. അക്കാലത്ത് ഏറനാട്ടിലെ സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു വാരിയന്‍കുന്നത്ത് അറിയപ്പെട്ടിരുന്നത്. നെല്ലിക്കുത്തിലെ ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവെട്ടി കുഞ്ഞായിശയുടെയും മകനായി 1866ല്‍ നെല്ലിക്കുത്താണ് ജനനം. ഇംഗ്ലീഷ് ഭരണം വച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നു വാദിച്ച് സമരത്തിനിറങ്ങിയവരെ പിന്തുണച്ചതിന്റെ പേരില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവിനെ ബ്രിട്ടീഷ് പട്ടാളകോടതി ആന്തമാനിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്റെ 155 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയും ചെയ്തിരുന്നു. അന്ന് കുഞ്ഞഹമ്മദ് നടത്തിയ പ്രഖ്യാപനം പിന്നീട് സാക്ഷാല്‍ക്കരിക്കുകയായിരുന്നു; ”എന്റെ ബാപ്പ ഇന്നാടിനെ സ്‌നേഹിച്ചു. ഇന്നാട്ടിനു സ്വാതന്ത്ര്യം കിട്ടണമെന്നാഗ്രഹിച്ചു. വെള്ളക്കാര്‍ക്കെതിരേ യുദ്ധം ചെയ്തു. പെരുത്ത് യുദ്ധങ്ങള്‍ നടത്തി ഒടുവില്‍ ബാപ്പയെ അവര്‍ പിടിച്ചു അന്തമാനിലേക്ക് നാടുകടത്തി. എന്റെ ബാപ്പ വാരിയന്‍കുന്നന്‍ മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിവച്ച യുദ്ധം ഈ മകന്‍ തുടര്‍ന്നു നടത്തും. വെള്ളക്കാരനേട് പടവെട്ടി മരിക്കും. നാടിനു വേണ്ടി രക്തസാക്ഷിയാകും.”
കുഞ്ഞഹമ്മദ്ഹാജി മാതാവിന്റെ വീട്ടിലാണു ബാല്യകാലത്ത് കഴിഞ്ഞിരുന്നത്. വള്ളുവങ്ങാട് കുന്നുമ്മല്‍ പ്രൈമറി സ്‌കൂളിലെ പ്രാഥമികപഠനത്തിനു ശേഷം ആലി മുസ്‌ലിയാരുടെ ഇളയ സഹോദരന്‍ ഏരിക്കുന്നന്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാരില്‍നിന്നു മതവിഷയങ്ങള്‍ പഠിച്ചു. പിന്നീട് ഉപജീവനത്തിനായി കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞെങ്കിലും സാമൂഹ്യസേവന രംഗത്തും ദേശീയ സ്വാതന്ത്ര്യ സമരത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. മക്കയിലേക്ക് ഹജ്ജിനു പോയ അവസരത്തില്‍ ഹിന്ദി, ഉറുദു, അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ നന്നായി പഠിച്ചു. 1905ല്‍ മൂന്നാമത്തെ ഹജ്ജും പൂര്‍ത്തിയാക്കി നെല്ലിക്കുത്തില്‍ തിരിച്ചെത്തി. ആലി മുസ്‌ലിയാര്‍ ഹാജിയുടെ ആത്മീയഗുരു കൂടിയായിരുന്നു.
ജനസമ്മതിയും പൊതുപ്രവര്‍ത്തനവും സംസാരചാരുതയും ഉണ്ടായിരുന്ന ഹാജി നേതാവാകുന്നത് ബ്രിട്ടീഷുകാരില്‍ ഭയമുണ്ടാക്കി. 1908ല്‍ മഞ്ചേരി രാമയ്യര്‍ മുഖേന ഹാജി കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പെടുത്തു. 1921 ഓഗസ്റ്റ് 26നു ചരിത്രപ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനത്തോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ബ്രിട്ടീഷുകാര്‍ക്ക് അധികാരമില്ലാത്ത സ്വതന്ത്ര മലബാര്‍ ഭരണം പ്രഖ്യാപിച്ചു. 1920 ഓഗസ്റ്റ് 20ന് കോഴിക്കോട് കടപ്പുറത്ത് മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ഖിലാഫത്ത് കമ്മിറ്റി യോഗത്തിലും കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്തിരുന്നു. നാട്ടില്‍ ഹിന്ദു-മുസ്‌ലിം മൈത്രി വളര്‍ത്താന്‍ ഹാജി പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തില്‍ 500ലധികം ആയുധധാരികളായ ഹിന്ദുക്കളുമുണ്ടായിരുന്നതായി സര്‍ദാര്‍ ചന്ത്രോത്ത് ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
1922 ജനുവരി ആറിന് പാറക്കോട് സൈതാലി മുഖേനെ ചതിയില്‍പ്പെടുത്തി കുഞ്ഞഹമ്മദ് ഹാജിയെയും ഇരുപത് അനുയായികളെയും കാളികാവിലെ ഓലളമലയില്‍നിന്ന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരിയിലേക്കും പിന്നീട് മലപ്പുറത്തേക്കും അവരെ നടത്തിക്കൊണ്ടുപോയി. കുഞ്ഞഹമ്മദ് ഹാജിയെ ഒരുനോക്കു കാണാനായി വണ്ടൂരില്‍നിന്ന് മഞ്ചേരി വരെയും നാനാജാതി മതസ്തരായ ആബാലവൃദ്ധം ജനങ്ങള്‍ വഴികളില്‍ കൂട്ടം കൂട്ടമായി നിന്നിരുന്നു(മലബാര്‍ കലാപം, മാധവന്‍ നായര്‍). കുറുതായി മെലിഞ്ഞ് കറുത്ത്, പല്ലുകള്‍ പലതും പോയി കവിളൊട്ടി താടിയില്‍ കുറേശ്ശെ രോമം വളര്‍ത്തി വെള്ള ഷര്‍ട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്നരോമത്തൊപ്പിയിട്ട്, അതിനു ചുറ്റും വെള്ള ഉറുമാല്‍ കെട്ടി കാലില്‍ ചെരുപ്പും കൈയില്‍ വാളുമായി നില്‍ക്കുന്ന ധീരത്വം സ്ഫുരിക്കുന്ന നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനഹൃദയം പടപടാ ഇടിച്ചു.(കേരള മുസ്‌ലിം ഡയറക്ടറി).

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.