2018 April 13 Friday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

വായിക്കണം, ഈ പുസ്തകങ്ങള്‍

വായനാ ദിനാഘോഷങ്ങളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ചല്ലോ. ഇനി
കൂട്ടുകാര്‍ വായിച്ചിരിക്കേണ്ട ഇഷ്ട പുസ്തകങ്ങളെ പ്രിയ എഴുത്തുകാര്‍ പരിചയപ്പെടുത്തുന്നു.

 

യു.എ ഖാദര്‍

പതിനായിരം പുസ്തകങ്ങളുടെ ഫലം കുട്ടികളുടെ ഭാവനയുടെ ലോകത്തെ സ്വാധീനിക്കാനും വിസ്തൃതിപ്പെടുത്താനും അവര്‍ പഞ്ചതന്ത്രം കഥകളും സാരോപദേശ കഥകളുമൊക്കെ വായിച്ചു തുടങ്ങട്ടെ.

വായനയുടെ ലോകത്തേക്ക് പിച്ചവെക്കുന്ന കുട്ടികള്‍ ആദ്യമായി വായിച്ചുതുടങ്ങേണ്ടത് പഞ്ചതന്ത്രം കഥകളും സാരോപദേശ കഥകളുമൊക്കെയാണ്. വിക്രമാധിത്യന്‍ കഥകള്‍, അറബിക്കഥകള്‍, ഈസോപ്പുകഥകള്‍ തുടങ്ങിയ തരത്തിലുള്ളവ. ഇത്തരം കഥകളുമായാണ് കുട്ടികളെ കൂടുതല്‍ അടുപ്പിക്കേണ്ടത്. ഇതു പറയാനുള്ള കാരണമെന്തെന്നുവെച്ചാല്‍ കുട്ടികള്‍ ഇ- വായനയിലൂടെ കടന്നുവരികയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ മിത്തുകളുടെ അടിസ്ഥാനത്തില്‍ പൂര്‍വികര്‍ എങ്ങനെയാണോ അടയാളപ്പെടുത്തിയത് ആ രീതിയിലുള്ള ഒരു വായനക്ക് പഞ്ചതന്ത്രം കഥകളും വിക്രമാധിത്യന്‍ കഥകളും അറബിക്കഥകളും കുട്ടികളെ പര്യാപ്തമാക്കും. മിത്തുകളിലധിഷ്ടിതമായ കഥകള്‍ കുട്ടികളെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും. കുട്ടികളിലെ ഭാവനയെ വികസിപ്പിക്കാനും ആസ്വാധനത്തിന്റെ തലം വളരെയധികം വിപുലപ്പെടുത്താനും ഇത്തരം പുസ്തകങ്ങളുടെ പാരായണം സഹായിക്കും.
പുതിയ എഴുത്തുകാരില്‍ നിന്ന് കുട്ടികള്‍ക്കുവേണ്ടിയുള്ള മികച്ച രചനകള്‍ ഉണ്ടാകുന്നില്ല. ഉണ്ടാകുന്ന കൃതികളാകട്ടെ കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ വായിക്കേണ്ടതാണ്. മുതിര്‍ന്നവരുടെ ജീവിതനിലവാരത്തില്‍ നിന്നുകൊണ്ട് കുട്ടി ജീവിതത്തെപ്രതിപാദിക്കുന്നവയാണ് അവയില്‍ പലതും. കുട്ടികളുടെ ഭാവനയുടെ ലോകത്തെ സ്വാധീനിക്കാനും വിസ്തൃതിപ്പെടുത്താനും കഥയും കാമ്പുമുള്ളവയാണ് ഞാന്‍ പറഞ്ഞ ഈ പുസ്തകങ്ങള്‍. അവര്‍ അതുതന്നെ വായിച്ചു തുടങ്ങട്ടെ. തീര്‍ച്ചയായും ഈ പുസ്തകങ്ങള്‍ പത്തല്ല പതിനായിരം പുസ്തകങ്ങള്‍ വായിച്ചതിന്റെ ഫലം ചെയ്യും.

പി.കെ. ഗോപി

ടോട്ടോ-ച്ചാന്‍ തന്നെ

കുട്ടികള്‍ വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു പുസ്തകമുണ്ട്. ടോട്ടോച്ചാന്‍. ആ പുസ്തകം വായിച്ചതു കുട്ടിയായിരിക്കുമ്പോഴല്ല. വളര്‍ന്നതിനുശേഷമാണ്.


സ്‌കൂളിലെ ലൈബ്രറിയില്‍ നിന്നെടുത്ത പഴയ ഒരു പുസ്തകം സിന്ദ്ബാദിന്റെ കഥകള്‍ എത്രയെത്ര വിസ്മയ നിമിഷങ്ങളാണ് പകര്‍ന്നു നല്‍കിയത്! ബഗ്ദാദിലെ ആ കച്ചവടക്കാരന്റെ സമുദ്രയാത്രകളും ദ്വീപുകളിലെ അത്ഭുതങ്ങളും അപകടങ്ങളും രക്ഷപ്പെടലുകളുമെല്ലാം ശ്വാസമടക്കിപ്പിടിച്ചിരുന്നു വായിച്ചു. വടക്കന്‍ പാട്ടുകളും നാടോടിക്കഥകളും പഞ്ചതന്ത്രം കഥകളും പകര്‍ന്നു തന്നതിനപ്പുറം മറ്റൊരാവേശം വിദേശകഥകളിലുണ്ടായിരുന്നു.
റഷ്യന്‍ നാടോടിക്കഥകളും ചൈനീസ് നാടോടിക്കഥകളും ഈസോപ്പ് കഥകളും നല്‍കിയ വ്യത്യസ്തമായ അനുഭവമുണ്ട്. കലീലയും ദിംനയും പകര്‍ന്നു തന്ന ഗുണപാഠങ്ങള്‍ തന്നെയാണ് പഞ്ചതന്ത്രം കഥകളിലുമെന്ന് വേഗം മനസിലായി. എവിടെയും മനുഷ്യരൊന്നാണ്. അവരുടെ വികാരവും ഒന്നുതന്നെയാണ്. പശ്ചാത്തലവും ഭാഷയും മാറിയേക്കാം. പക്ഷേ ഭാവം പലപ്പോഴും നമ്മുടെ ഉള്ളില്‍ തന്നെ.
കുട്ടികള്‍ വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു പുസ്തകമുണ്ട്. ടോട്ടോ-ച്ചാന്‍. ആ പുസ്തകം വായിച്ചതു കുട്ടിയായിരിക്കുമ്പോഴല്ല. വളര്‍ന്നതിനുശേഷമാണ്. എങ്കിലും ഞാനൊരു കൊച്ചുകുട്ടിയായി പാടിപ്പറന്നു നടന്നു. ബാല്യത്തിന്റെ കുസൃതികളിലൂടെ, കൗതുകങ്ങളിലൂടെ, യാഥാര്‍ഥ്യങ്ങളിലൂടെ, സ്‌നേഹത്തിന്റെ പച്ചപ്പൂക്കളിലൂടെ, കൃഷിയിടങ്ങളിലൂടെ, തെത്‌സ്‌കോ കുറോയനഗി എന്ന ആ ജപ്പാന്‍ പ്രതിഭ കുട്ടികളുടെ മനസ് വായിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപകരും ടോട്ടോ-ച്ചാന്‍ വായിച്ചെങ്കില്‍ കൊബായാഷി മാഷിന്റെ ഏതെങ്കിലുമൊരു ഗുണം പകര്‍ന്നെടുത്തേനെ!

മണമ്പൂര്‍ രാജന്‍ ബാബു

വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണം

വായന നിത്യജീവിതത്തിന്റെ ഭാഗമായാല്‍, ടി.വി.യുടെ മുന്നില്‍നിന്നുപോലും പിന്‍വാങ്ങുന്ന, ബുദ്ധിയുള്ള കുട്ടികളുടെ കാലമാണിത്. നല്ല പുസ്തകങ്ങള്‍ അവര്‍ക്കു ലഭിക്കേണ്ടതുണ്ട്. നല്ല അധ്യാപകര്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എങ്കിലും ചില കൃതികളെക്കുറിച്ച് ഇവിടെ സൂചിപ്പിക്കാം.
കുട്ടികള്‍ക്കൊപ്പം ജീവിച്ച അവരുടെ സ്വന്തം എഴുത്തുകാരനാണ് കവി കുഞ്ഞുണ്ണി മാസ്റ്റര്‍.’കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ഉള്‍പ്പെടെ കുഞ്ഞുണ്ണി മാഷിന്റെ എല്ലാ കൃതികളും കുട്ടികള്‍ (മുതിര്‍ന്നവരും) വായിക്കേണ്ടതാണ്. ‘കുഞ്ഞുണ്ണിക്കവിതകള്‍, കഥകള്‍’ എന്ന സമാഹാരത്തില്‍ (ഡി.സി. ബുക്‌സ്) കവിതയും കഥയും ലേഖനവും നാടകവും എല്ലാമുണ്ട്. ചുവടെ ചേര്‍ക്കുന്ന കൃതികളും വായിക്കണം.

1. തെത്‌സുകോ കുറോയനഗി രചിച്ച ‘ടോട്ടോ-ചാന്‍’ (ജനാലക്കരികിലെ വികൃതിക്കുട്ടി) എന്ന കൃതി മലയാളത്തില്‍ കിട്ടും. (പ്രസാധകര്‍: നാഷനല്‍ ബുക്ക് ട്രസ്റ്റ്. പരിഭാഷ: അന്‍വര്‍ അലി)
2. ഒ.എന്‍.വി.യുടെ’വളപ്പൊട്ടുകള്‍’
3. എം.ടി.യുടെ ‘മാണിക്യക്കല്ല്’
4. പി.നരേന്ദ്രനാഥിന്റെ ‘മനസ്സറിയും യന്ത്രം’
5. മാലിയുടെ ‘കിഷ്‌കിന്ധ’,’സര്‍ക്കസ്’
6. സുമംഗലയുടെ ‘മിഠായിപ്പൊതി’,’നെയ്പ്പായസം’.
7. എസ്. ശിവദാസിന്റെ ‘കിയോ കിയോ’,

ഫൈസല്‍ എളേറ്റില്‍

ആദ്യഇടം സാരോപദേശ കഥകള്‍ക്ക്

അക്ഷരങ്ങളുടേയും അറിവിന്റെയും വിശാലതയിലേക്ക് കുട്ടികളെ നയിക്കുന്ന ഒരധ്യാപകന്‍ എന്ന നിലയില്‍ അവര്‍ കുഞ്ഞുപ്രായത്തിലെ വായന തുടങ്ങണമെങ്കില്‍ ഈ പുസ്തകങ്ങളൊക്കെ സഹായകമാകും. പഞ്ചതന്ത്രം കഥകളും പുരാണകഥകളും സാരോപദേശ കഥകള്‍ക്കുമൊക്കെതന്നെയാണ് ആദ്യ ഇടം നല്‍കേണ്ടത്.

1 ന്റുപ്പുപ്പാക്കൊരാനണ്ടേര്‍ന്ന് (വൈക്കം മുഹമ്മദ് ബഷീര്‍)
2 ഗോതമ്പുമണികള്‍ (ഒ.എന്‍.വി കുറുപ്പ്)
3 കുറ്റിപ്പെന്‍സില്‍ ( കുഞ്ഞുണ്ണി മാസ്റ്റര്‍)
4 മാണിക്യക്കല്ല് (എം.ടി വാസുദേവന്‍ നായര്‍)
5 മണ്ടക്കഴുത (മാലി (വി. മാധവന്‍ നായര്‍)
6 അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗയാത്ര (സിപ്പി പള്ളിപ്പുറം)
7 കുഞ്ഞിക്കൂനന്‍ പി. നരേന്ദ്രനാഥ്
8 ഒരു കുടയും കുഞ്ഞുപെങ്ങളും (മുട്ടത്തുവര്‍ക്കി)
9 എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ (ഗാന്ധിജി)
10 ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ (ജവഹര്‍ലാല്‍ നെഹ്‌റു)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.