2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

വാതത്തിന് വില്ലന്‍ മാംസ ഭക്ഷണം

ഷാക്കിര്‍ തോട്ടിക്കല്‍

ഇന്ത്യയില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗമാണ് വാതം. ജീവിതശൈലീ രോഗമായി ഗണിക്കപ്പെടുന്ന വാതം ഉണ്ടാകുന്നത് മാംസം ഭക്ഷണമാക്കുന്നത് മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു.

 

വാതം വരുന്ന വഴി

വാതം യഥാര്‍ഥത്തില്‍ സന്ധികളിലുണ്ടാകുന്ന ജ്വലനമാണ്. സന്ധികളുടെ വഴക്കമില്ലായ്മയാണ് തുടക്കം. തുടര്‍ന്ന് നടക്കാന്‍ സാധിക്കാതെയാകും. അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില, ഹൃദ്രോഗം തുടങ്ങിയവയും പിന്നാലെയെത്തും. വാതം മൂലം നടക്കാന്‍ കഴിയാത്തവരില്‍ ഭൂരിഭാഗവും വിഷാദത്തിനും അടിമപ്പെടും.
വാതത്തിന് മരുന്നുകളില്ല, മരുന്നുകള്‍ക്ക് ഈ രോഗത്തെ സഹിക്കാവുന്ന നിലയിലേക്ക് മാറ്റാന്‍ മാത്രമേ കഴിയൂ. നേരത്തേ കരുതിയിരുന്നത് വാതം പ്രായമായവര്‍ക്ക് മാത്രമേ പിടിപെടുന്ന രോഗമാണെന്നായിരുന്നു. എന്നാലിന്ന് കൂടുതല്‍ ചെറുപ്പക്കാരെ ഈ രോഗം ബാധിക്കുന്നു. ഇന്ത്യയില്‍ മാത്രം 180 ദശലക്ഷത്തിലധികമാളുകള്‍ വാതരോഗികളാണ്.

 

മാംസാഹാരം വില്ലന്‍

ശരീരത്തിലെ അസിഡിറ്റി വര്‍ധിക്കുന്നതാണ് വാതത്തിന് കാരണം. ഇതെവിടെ നിന്നുവരുന്നു? സസ്യാഹാരത്തിലുള്ള പ്രോട്ടീനുകളേക്കാള്‍ നാലു മടങ്ങ് അമിനോ ആസിഡുകളാണ് മാംസാഹാരത്തിലുള്ളത്.
കാല്‍സ്യം ഉപയോഗിച്ച് മാംസത്തിലുള്ള ആസിഡുകളെ ശരീരം നിര്‍വീര്യമാക്കുന്നു. ഇതിനാവശ്യമായ കാല്‍സ്യം അസ്ഥികളില്‍ നിന്നാണ് കടമെടുക്കുന്നത്. ഈ പ്രക്രിയ തുടരുന്നതോടെ അസ്ഥികളുടെ ബലം കുറയും. ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങളായിരിക്കും അന്തിമഫലം.
മാംസം കഴിക്കുന്നതിലൂടെ വാതം പിടിപെടാനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് ബ്രിട്ടനില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഏഴു ദിവസത്തിനുള്ളില്‍ 260 പേരുടെ ഭക്ഷണശീലങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്. മാംസം കഴിച്ചവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വാതരോഗം ബാധിക്കാന്‍ രണ്ടിരട്ടിയിലേറെ സാധ്യതയുണ്ടെന്നായിരുന്നു പഠനഫലം.

 

സസ്യാഹാരം ഗുണകരം

ശരീരത്തിലുള്ള, വാതരോഗത്തിന് കാരണമാകുന്ന ഘടകങ്ങളെ തടയാന്‍ സസ്യാഹാരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമത്തിന് കഴിയുമെന്നാണ് സ്വീഡിഷ് ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
പഠനത്തിന്റെ ഭാഗമായി റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികളായ 30 പേര്‍ക്ക് സസ്യാഹാരങ്ങളും 28 പേര്‍ക്ക് സസ്യേതര ആഹാരങ്ങളും നല്‍കി. മൂന്നു മാസമായിരുന്നു പഠനകാലാവധി. സസ്യാഹാരം ശീലമാക്കിയവരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ വര്‍ധിക്കുന്നതായും കൊഴുപ്പിന്റെ അംശം കുറയുന്നതായും കണ്ടെത്തി.
മാംസാഹാരശീലത്തില്‍ നിന്ന് സസ്യാഹാരത്തിലേക്ക് മാറുന്ന റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് കാര്യമായ പുരോഗതി കാണാറുണ്ട്. അപൂര്‍വ്വമായി മാത്രം പഴങ്ങള്‍ കഴിക്കുന്ന, വൈറ്റമിന്‍ സിയുടെ അളവ് കുറഞ്ഞ ആളുകള്‍ക്ക് വാതം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയിലേറെയാണ്.
ചില പച്ചക്കറികളില്‍ കണ്ടെത്തിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ക്ക് സന്ധികള്‍ക്ക് ചുറ്റുമുള്ള കലകള്‍ നശിക്കുന്നത് തടയാന്‍ കഴിയും. പച്ചക്കറികള്‍ അടിസ്ഥാനമാക്കിയുള്ള ആഹാരരീതി പിന്തുടരുന്നവര്‍ക്ക് വാതരോഗത്തിന്റെ ലക്ഷണങ്ങളായ വേദന, പ്രഭാതങ്ങളില്‍ പേശികള്‍ക്ക് അനുഭവപ്പെടുന്ന വഴക്കമില്ലായ്മ തുടങ്ങിയവ കാര്യമായി ബാധിക്കാറില്ലെന്ന് മറ്റൊരു പഠനവും കണ്ടെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.