2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വാട്‌സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കേസ്

എം.കെ മുനീറിനെതിരെയുള്ള പരാമര്‍ശത്തില്‍ കേസെടുക്കാനാകില്ലെന്നും പൊലിസ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വാട്‌സ്ആപ് ഗ്രൂപ്പില്‍ വിമര്‍ശിച്ച എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം വി.എ വഹാബ് ചാപ്പനങ്ങാടിക്കെതിരേ പൊലിസ് കേസ്. അതേ വാട്‌സ്ആപ് ഗ്രൂപ്പില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനെതിരേ മോശം പരാമര്‍ശം നടത്തിയതിന് നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്നും പൊലിസ്. 

പ്രളയ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വീഴ്ചകള്‍ക്കെതിരേ പ്രതികരിച്ച പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനെതിരേ ചാപ്പനങ്ങാടിയിലെ ഒരു പൊതു വാട്‌സ്ആപ് ഗ്രൂപ്പില്‍ വന്ന പോസ്റ്റിന് മറുപടിയായാണ് വി.എ വഹാബ് ചാപ്പനങ്ങാടി ഇതേ ഗ്രൂപ്പില്‍ പിണറായി വിജയനെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. ഇതിനെതിരെ സി.പി.എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി മലപ്പുറം പൊലിസില്‍ പരാതി നല്‍കിയിരുന്നു. വി.എ വഹാബിനെതിരേയും ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാളായ ചാപ്പനങ്ങാടി പി.എം.എസ്.എ ഹൈസ്‌കൂള്‍ മാനേജര്‍ വി. ജഹ്ഫറിനെതിരേയുമാണ് കേസ്.
ഈ ഗ്രൂപ്പില്‍അഡ്മിന്മാരായി ചാപ്പനങ്ങാടിയിലെ സി.പി.എം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും നടപടിയെടുത്തിട്ടില്ല. ഇതേ ഗ്രൂപ്പില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനെതിരേ നടന്ന പരാമര്‍ശങ്ങള്‍ ചൂണ്ടികാണിച്ച് മുസ്‌ലിംലീഗ് വാര്‍ഡ് കമ്മിറ്റി സി.പി.എം പ്രവര്‍ത്തകനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതില്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലിസ്.
പൊലിസ് നടപടി അംഗീകരിക്കാനാകില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമെന്നും മുസ്‌ലിംലീഗ് ചാപ്പനങ്ങാടി വാര്‍ഡ് കമ്മിറ്റി അറിയിച്ചു.
എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗത്തിനെതിരേ പൊലിസ് കേസെടുത്തതില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.