2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വാഗമണ്‍ സിമി ക്യാംപ് കേസ്: 18 പേര്‍ക്ക് ഏഴു വര്‍ഷം തടവ്

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തിയ 18 പേര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ. നാലു മലയാളികള്‍ ഉള്‍പ്പെടെ 35 പ്രതികളാണ് വിചാരണ നേരിട്ടത്. 17 പേരെ കോടതി കഴിഞ്ഞദിവസം വെറുതെവിട്ടിരുന്നു.
ഒന്നാംപ്രതി ഈരാറ്റുപേട്ട പിടീക്കല്‍ പി.ശാദുലി(ഹാരിസ്), നാലാംപ്രതി പീടിക്കല്‍ പി.എ.ഷിബിലി, അഞ്ചാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ പി.എ മുഹമ്മദ് അന്‍സാര്‍, ആറാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മലയാളികള്‍. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് ശിക്ഷ വിധിച്ചത്. രണ്ടാംപ്രതി ബംഗളൂരു അണ്ണാസാന്ദ്രപാളയ സ്വദേശി ഹഫീസ് ഹുസൈന്‍, മൂന്നാംപ്രതി മധ്യപ്രദേശ് ഉജ്ജയിന്‍ സ്വദേശി സഫ്ദര്‍ ഹുസൈന്‍ നഗോറി, ഏഴാംപ്രതി ഉജ്ജയിന്‍ സ്വദേശി ആമില്‍ പര്‍വേസ്, 11-ാം പ്രതി കര്‍ണാടക ബിജാപൂര്‍ സ്വദേശി മുഹമ്മദ് സമി ബഗേവാദി, 14-ാം പ്രതി കര്‍ണാടക ബല്‍ഗാം സ്വദേശി നദീം സയീദ്, 15-ാം പ്രതി ഉത്തര്‍പ്രദേശ് സ്വദേശി മുഫ്തി അബ്ദുല്‍ ബഷീര്‍, 24-ാം പ്രതി ബെല്ലാരി സ്വദേശി ഡോ. എച്ച്.എ.അസദുല്ല, 26-ാം പ്രതി ഉജ്ജയിന്‍ സ്വദേശി കമറുദ്ദീന്‍ നഗോറി, 29-ാം പ്രതി കര്‍ണാടക ദര്‍വാഡ് സ്വദേശി ഷക്കീല്‍ അഹമ്മദ്, 30-ാം പ്രതി കര്‍ണാടക ബിദാര്‍ സ്വദേശി ഡോ. മിര്‍സ അഹമ്മദ് ബേഗ്, 33-ാം പ്രതി ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി ഡാനിഷ്, 34-ാം പ്രതി റാഞ്ചി സ്വദേശി മന്‍സാര്‍ ഇമാം, 36-ാം പ്രതി ഝാര്‍ഖണ്ഡ് ജംഷദ്പൂര്‍ സ്വദേശി മുഹമ്മദ് അബു ഫൈസല്‍ ഖാന്‍, 38-ാം പ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി അഫ്രിദി എന്നിവരെയാണ് എന്‍.ഐ.എ പ്രത്യേക കോടതി ശിക്ഷിച്ചത്.
ഭീകരസംഘടനയില്‍ അംഗത്വമുണ്ടെന്ന കുറ്റത്തിന് ഇവര്‍ അഞ്ചുവര്‍ഷത്തെ കഠിനതടവനുഭവിക്കണം. നിരോധിത സംഘടനയില്‍ അംഗമായ കുറ്റത്തിന് ഒരുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസത്തെ അധികതടവും അനുഭവിക്കണം. സ്‌ഫോടകവസ്തു നിയമത്തിലെ വകുപ്പുപ്രകാരം ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവും അനുഭവിക്കണം. കൂടാതെ ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍ക്കും 14,24,26,29,30,34 പ്രതികള്‍ക്കും ഭീകരസംഘടനയില്‍ അംഗമായി തുടര്‍ന്നുവെന്ന കുറ്റത്തിന് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷത്തെ അധിക തടവുകൂടി അനുഭവിക്കണം. വിവിധ വകുപ്പുകളുടെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ജയിലില്‍ കഴിഞ്ഞകാലത്തെ ശിക്ഷായിളവ് അനുവദിച്ചിട്ടുണ്ട്. ഒന്നു മുതല്‍ അഞ്ചുവരെ പ്രതികളും ഏഴ്, 11,14,15,24,29,30 വരെയുള്ള പ്രതികളും 2009 മുതല്‍ വിചാരണത്തടവുകാരായി കഴിയുകയാണ്. മറ്റുപ്രതികള്‍ റിമാന്‍ഡിലാണ്. പരമാവധി ശിക്ഷാകാലാവധിയായ ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവ് പലരും അനുഭവിച്ചു കഴിഞ്ഞെങ്കിലും മറ്റു കേസുകളില്‍ റിമാന്‍ഡിലായതിനാല്‍ ഇവര്‍ ജയില്‍മോചിതരാകില്ല. കേസിലെ ആറാംപ്രതി അബ്ദുല്‍ സത്താറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കും. മറ്റുള്ളവര്‍ ഇപ്പോള്‍ കഴിയുന്ന ഭോപ്പാല്‍, സബര്‍മതി, ബംഗളൂരു ജയിലുകളില്‍ ശിക്ഷ അനുഭവിക്കണം. 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നിരോധിത സംഘടനയായ സിമിയുടെ ക്യാംപ് വാഗമണ്ണില്‍ നടത്തിയതായാണ് കേസ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.