2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വാക്‌സിന്‍ വിരുദ്ധതയ്ക്കു പിന്നില്‍ മതവിശ്വാസമല്ലെന്ന് പഠന റിപ്പോര്‍ട്ട്

മലപ്പുറം: പ്രതിരോധ കുത്തിവയ്പുകളില്‍ മലപ്പുറം ജില്ല പിറകോട്ടുപോകുന്നതിനു പിന്നില്‍ മതവിശ്വാസമാണെന്ന പ്രചാരണം തെറ്റെന്ന് ഔദ്യോഗിക പഠനം. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഡിഫ്തീരിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുന്‍പാണ് പഠനം തുടങ്ങിയത്. മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വഴി നടത്തിയ പഠനത്തില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തിനു പിന്നില്‍ സാമൂഹ്യമാധ്യമങ്ങളാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, മത നേതാക്കള്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, പ്രകൃതി ചികിത്സകര്‍, പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തതും എടുക്കാത്തതുമായ കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരില്‍നിന്നാണ് വിവരശേഖരണം നടത്തിയത്.

പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട വാട്‌സ്ആപ് വീഡിയോ, ചിത്ര സന്ദേശങ്ങളും പഠനസംഘം പരിശോധിച്ചിരുന്നു. മതം പ്രതിരോധ കുത്തിവയ്പിനെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും കുത്തിവയ്പുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കു തെറ്റിദ്ധാരണകളുണ്ടെന്നും സംഘം കണ്ടെത്തി. കുത്തിവയ്‌പെടുത്താല്‍ ഓട്ടിസം പോലുള്ള രോഗം, ജനസംഖ്യാ നിയന്ത്രണം എന്നിവയുണ്ടാകുമെന്നതരത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചാരണം നടക്കുന്നുണ്ട്. വിദേശത്തു ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ മുതിര്‍ന്ന പുരുഷന്മാര്‍ പലരും വിദേശത്തു ജോലി ചെയ്യുന്നവരാണ്.

ഇവരെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ സന്ദേശങ്ങള്‍ സ്വാധീനിക്കുന്നുവെന്നാണ് മറ്റൊരു നിരീക്ഷണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവരുമായി ആശയവിനിമയം നടത്താനുള്ള അവസരം കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആയുര്‍വേദം, ഹോമിയോ, അലോപ്പതി, പ്രകൃതിചികിത്സ, സിദ്ധ, യൂനാനി തുടങ്ങിയ വിവിധ ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിക്കുന്നതിലുള്ള പാളിച്ചകളും പ്രതിരോധ കുത്തിവയ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ നാലു മരണം ഉള്‍പ്പെടെ മുപ്പതിലധികം ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷവും ഇത്തരത്തില്‍ പലയിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.