2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വഴിപാടും വൈദ്യശാസ്ത്രവും

സ്മിത, കൂത്തുപറമ്പ്

ചികിത്സയില്‍ പിഴവു സംഭവിച്ചുവെന്നാരോപിച്ച് ആശുപത്രി അടിച്ചുതകര്‍ത്ത സംഭവങ്ങള്‍ എത്രയോ കേട്ടിട്ടുണ്ട്. എന്നാല്‍, അമ്പലത്തില്‍ വഴിപാടു കഴിച്ചിട്ടു കാര്യം സാധിച്ചില്ലെന്നു പറഞ്ഞ് ഏതെങ്കിലും അമ്പലം അടിച്ചുപൊളിച്ചതു കേട്ടിട്ടുണ്ടോ.
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ശാസ്ത്രത്തില്‍നിന്നു കൃത്യമായ ഫലം ലഭിക്കണമെന്നും ലഭിക്കുമെന്നുമുള്ള കാര്യത്തില്‍ എല്ലാവര്‍ക്കും ഉറപ്പുണ്ട്. എന്നാല്‍, വിശ്വാസത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരുറപ്പും വേണമെന്നില്ല. ഒത്താല്‍ ഒത്തു; അത്രതന്നെ. ‘അതൊക്കെ ഒരു വഴിപാടുപോലെയാണ് ‘ എന്നു പറഞ്ഞാല്‍ എന്താണര്‍ഥം. അങ്ങനെ ചെയ്തുപോകുന്നു, നടക്കുമെന്ന് ഉറപ്പില്ല എന്നു തന്നെയല്ലേ.
ചികിത്സാപ്പിഴവ് ആരോപിച്ച് മോഡേണ്‍ മെഡിസിന്‍ ആശുപത്രിയേ ഇന്നുവരെ അടിച്ചു തകര്‍ക്കപ്പെട്ടിട്ടുള്ളു. ഹോമിയോ, ആയുര്‍വേദ, യുനാനി, പാരമ്പര്യവൈദ്യം, പ്രകൃതിചികിത്സ തുടങ്ങിയവയുടെ ഒറ്റ ആശുപത്രിയും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ആള്‍ ദൈവങ്ങള്‍, പുരോഹിതന്മാര്‍, മുടിക്കച്ചവടക്കാര്‍, മന്ത്രവാദികള്‍, ജ്യോത്സ്യന്മാര്‍ ഇത്തരക്കാരും ആക്രമിക്കപ്പെടാറില്ല.
 ഞാന്‍ പറഞ്ഞുവന്നതു കഴിഞ്ഞവാരം സുപ്രഭാതത്തില്‍ വന്ന ഒരു വാര്‍ത്തയെക്കുറിച്ചാണ്. അര മണിക്കൂറിനുള്ളില്‍ മൂന്നു മെഡിക്കല്‍ ലാബില്‍നിന്നു കൊളസ്‌ട്രോള്‍ പരിശോധിച്ചപ്പോള്‍ മൂന്നു റിസള്‍ട്ടാണു കിട്ടിയതത്രെ. അന്വേഷിച്ചപ്പോള്‍ ചില കാര്യങ്ങള്‍  പിടികിട്ടി. കൊളസ്‌ട്രോള്‍ പരിശോധിച്ചു 260 കിട്ടി. സംശയം കൊണ്ടു നാലാംദിവസമാണ് അടുത്ത ടെസ്റ്റ് ചെയ്തത്. നാലാം ദിനം അത് 206 ആയി.
കൊളെസ്‌ട്രോള്‍ രക്തത്തിലുള്ള കൊഴുപ്പിന്റെ അളവാണ്. ഒരാളുടെ ഫിസിക്കല്‍ ആക്ടിവിറ്റി അനുസരിച്ച് അതില്‍ മാറ്റം വരുമെന്നു ശാസ്ത്രം പറയുന്നു. 260 കിട്ടിയ ഒരാള്‍ക്കു പിന്നീട് എപ്പോള്‍ നോക്കിയാലും 260 തന്നെ ആകണമെന്നില്ല. ഇടുങ്ങിയ മുറികളില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ക്കു നിയന്ത്രണം വേണ്ടത് അനിവാര്യമാണ്. അത്തരം ലാബുകളാണു ചീത്തപ്പേരുണ്ടാക്കുന്നത്. അതുവച്ചു ലാബുകളെയാകെ ആ വിഭാഗത്തിലേയ്ക്കു തള്ളിവിടുന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ല.
അര മണിക്കൂറിനുള്ളില്‍ മൂന്നിടങ്ങളില്‍നിന്നു മൂന്നു റിസള്‍ട്ട് കിട്ടി എന്നാണു വാര്‍ത്ത. കൊളസ്‌ട്രോള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് കിട്ടാന്‍ ഒരു ലാബില്‍ നിന്നു മിനിമം അര മണിക്കൂറാകും. അങ്ങനെയുള്ള സാഹചര്യത്തില്‍ അവിടത്തെ റിസള്‍ട്ടില്‍ സംശയം തോന്നി മറ്റു രണ്ടു ലാബില്‍ പോയി രക്തപരിശോധന നടത്തി റിപ്പോര്‍ട്ട് കിട്ടാന്‍ അര മണിക്കൂര്‍ മതിയോ.
 ഇങ്ങനെയുള്ള വാര്‍ത്തകള്‍ എല്ലാവിധ ഗുണനിലവാരവുമുള്ള നല്ല റിസള്‍ട്ട് കൊടുക്കുന്ന ലാബുകളെക്കൂടി സംശയത്തിന്റെ മുള്‍മുനയിലാക്കും. സുപ്രഭാതം പോലുള്ള പത്രങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നു വിശ്വസിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.