2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വളര്‍ത്തുജീവി വില്‍പനശാലകള്‍ക്ക് കര്‍ശന നിയന്ത്രണം

 

മലപ്പുറം: വളര്‍ത്തുജീവികളെ വില്‍ക്കുന്ന കടകള്‍ക്കു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ചട്ടം പ്രാബല്യത്തില്‍. ഇത്തരം കടകളില്‍ ജീവികള്‍ ക്രൂരത അനുഭവിക്കുന്നതായി കാണിച്ച് മൃഗസ്‌നേഹികളുടെ സംഘടനകള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം കര്‍ശന വ്യവസ്ഥകളോടെ പ്രിവെന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു ആനിമല്‍സ് (പെറ്റ് ഷോപ്പ്) 2018 എന്ന പേരില്‍ പുതിയ ചട്ടം ആവിഷ്‌കരിച്ചത്.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ ആര്‍ക്കും ഇനി രാജ്യത്തു വളര്‍ത്തുമൃഗ വില്‍പനശാലകള്‍ നടത്താനാവില്ല. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നതുമുതല്‍ 60 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം. നിശ്ചിത കാലയളവിനകം രജിസ്റ്റര്‍ ചെയ്യാതെ ഈ കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടി മുദ്രവയ്ക്കും. ഇവിടെ നിന്ന് പിടിച്ചെടുക്കുന്ന ജീവികളെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ഏതെങ്കിലും മൃഗസംരക്ഷണ സ്ഥാപനങ്ങള്‍ക്കു കൈമാറും.
രജിസ്‌ട്രേഷന്‍ തുക 5,000 രൂപയാണ്. ഇതു തിരിച്ചുനല്‍കില്ല. ജീവികളെ വില്‍ക്കുന്ന ഓരോ സ്ഥാപനത്തിനും പ്രത്യേക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. ഇതു കൈമാറ്റം ചെയ്യാവുന്നതല്ല. ആവശ്യമായിവന്നാല്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യും. രജിസ്‌ട്രേഷനുള്ള അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട അധികൃതര്‍ സ്ഥാപനം പരിശോധിക്കും. ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടാല്‍ രജിസ്‌ട്രേഷനുവേണ്ടി സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് ശുപാര്‍ശ ചെയ്യും.
ജീവികളെ പാര്‍പ്പിക്കുന്ന ഇടങ്ങളുടെ നിലവാരം, അടിസ്ഥാനസൗകര്യങ്ങള്‍, സംരക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങിയ കാര്യങ്ങളിലും വ്യവസ്ഥകളുണ്ട്. ഇവയുടെ കൂടുകളില്‍ നിന്ന് വിസര്‍ജ്യങ്ങള്‍ നീക്കംചെയ്ത് വൃത്തിയായി സൂക്ഷിക്കണം. വില്‍ക്കുന്ന ഓരോ ജീവിക്കും വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എല്ലാ കടയുടമകളും ജീവികളുടെ വിശദവിവരങ്ങളടങ്ങിയ റെക്കോര്‍ഡ് ബുക്ക് സൂക്ഷിക്കണം. ആരില്‍നിന്ന് വാങ്ങിയെന്നും ആര്‍ക്കു വിറ്റെന്നുമൊക്കെ അതില്‍ രേഖപ്പെടുത്തണം. കൂടാതെ ജീവികളുടെ ആരോഗ്യ രജിസ്റ്ററും മരണ രജിസ്റ്ററും സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം.
സ്ഥാപനത്തെക്കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചാല്‍ അധികൃതര്‍ പരിശോധന നടത്തും. ജീവികളെ വേണ്ടരീതിയില്‍ സംരക്ഷിക്കാതിരിക്കുന്നതായോ അവയ്ക്ക് അസുഖമുള്ളതായോ കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് ചികിത്സക്കയയ്ക്കും. അതിന്റെ ചെലവ് കടയുടമയില്‍ നിന്ന് ഈടാക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കടയുടമയ്ക്കു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കും. അതിനു തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും കട അടച്ചുപൂട്ടുകയും കേസെടുക്കുകയുമൊക്കെ ചെയ്യും. ഓരോ വര്‍ഷവും കടയില്‍ കൊണ്ടുവരികയും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയുമൊക്കെ ചെയ്ത ജീവികളുടെ കണക്ക് അടക്കമുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ഉടമകള്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍, പീപ്പിള്‍ ഫോര്‍ ആനിമല്‍സ് തുടങ്ങിയ സംഘടനകളാണ് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിനു പരാതി നല്‍കിയത്. ഇത്തരം കടകളില്‍ വിപണനം നടത്തുന്ന ജീവികളോട് പല ഉടമകളും ദയയില്ലാതെയാണ് പെരുമാറുന്നതെന്നും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നും മറ്റും പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.