2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോഴിക്കോട്-ജിദ്ദ സെക്ടറിലേക്ക് എയര്‍ ഇന്ത്യയുടെ എ-320 നിയോ എത്തും

സഊദി പ്രവാസികള്‍ക്ക് ആശ്വാസമാവും

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: മലബാറില്‍നിന്നുള്ള സഊദി പ്രവാസികള്‍ക്കായി കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ വീണ്ടും സര്‍വിസ് ആരംഭിക്കുന്നു. തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ-320 നിയോ എന്ന പുത്തന്‍ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വിസ് നടത്താനാണ് തീരുമാനം. ഒക്‌ടോബറില്‍ സര്‍വിസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. പതിവ് യാത്രക്കാര്‍ക്ക് പുറമെ ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്കും ജിദ്ദയിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നത് ഏറെ ആശ്വാസമാവും.
2015 ഏപ്രില്‍ 30മുതല്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂര്‍-ജിദ്ദ സെക്ട്‌റില്‍ സര്‍വിസ് നിലച്ചത്. പിന്നീട് സഊദിയിലെ ദമാം, റിയാദ് മേഖലയിലേക്ക് വരെ നേരിട്ട് സര്‍വിസ് പുനരാരംഭിച്ചെങ്കിലും കരിപ്പൂര്‍-ജിദ്ദ സെക്ടറിലേക്ക് ആകാശ ദൂരം കൂടുതലായതിനാല്‍ ചെറിയ വിമാനങ്ങള്‍ക്ക് പറന്നെത്താന്‍ പ്രയാസമാവുകയായിരുന്നു. കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് അഞ്ചു മണിക്കൂര്‍ വിശ്രമമില്ലാതെ പറക്കാന്‍ ചെറിയ വിമാനങ്ങള്‍ക്കാവില്ല. 420 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ വിമാനമായിരുന്നു നേരത്തെ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയിരുന്നത്.
തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് എയര്‍ ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചത്. ഈ ശ്രേണിയില്‍പ്പെട്ട 13 വിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനം. വിമാനം ലഭ്യമായാല്‍ കരിപ്പൂര്‍-ജിദ്ദ സര്‍വിസിനാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ഇക്കോണമി ക്ലാസില്‍ 162 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസ് ഉണ്ടാകും. യാത്രക്കാര്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് സര്‍വിസ് വര്‍ധിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

 

വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല: എയര്‍പോര്‍ട്ട് ഡയറക്ടര്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി ലഭിച്ചിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.ജി.സി.എ സംഘം സന്ദര്‍ശനം നടത്തി മടങ്ങിയെങ്കിലും ഇതുവരെ വലിയ വിമാനങ്ങള്‍ക്ക് അനുമതിയായിട്ടില്ല. മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍വേ നീളം കുറവാണെങ്കിലും റെസയും (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) റണ്‍വേ സ്ട്രിപ്പിന് വീതിയുമുണ്ട്. ഇവിടെയും ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നതെന്നും മംഗലാപുരത്തെ മുന്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
 പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ആഗമന ടെര്‍മിനലിന്റെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. നിലവില്‍ 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവൃത്തി കഴിഞ്ഞാലും ടെര്‍മിനലിനകത്ത് മറ്റ് സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഈ വര്‍ഷം ജൂലൈ 20മുതല്‍ ദോഹയിലേക്ക് ഇന്‍ഡിഗോയുടെ പുതിയ സര്‍വിസ് ആരംഭിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.