2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വലം കൈ കൊടുത്തോട്ടെ; ഇടം കൈ അറിയണോ?

ദേ … ഇങ്ങോട്ട് നോക്ക്…
ഫോട്ടോഗ്രാഫര്‍ പോസ് റെഡിയാക്കാനുള്ള തിരക്കിലാണ്…
റിലീഫ് സെല്ലിന്റ വലിയ റമളാന്‍ പെരുന്നാള്‍ സ്‌പെഷ്യല്‍ കിറ്റ് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ജുനൈദ് മോന്റെ കുഞ്ഞുകൈകള്‍ ഭാരം താങ്ങാനാവാതെ താഴ്ന്നു പോവുന്നുണ്ടായിരുന്നു..!

കൂടെ ആ കുഞ്ഞു ശിരസും…!
രണ്ട് കൊല്ലം മുന്‍പ് ഇത് പോലൊരു നോമ്പിനാണ് ഒരപകടത്തില്‍ നാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയും കൂലി പണിക്കാരനുമായ ഉപ്പ അനിയത്തിയേയും ഉമ്മയേയും ജുനൈദ് മോനെ ഏല്‍പ്പിച്ച് ദൈവസന്നിധിയിലേക്ക് പോയത് ….
ഇവിടെ….. ലെന്‍സിലേക്ക് നോക്ക്….

പോസ് റെഡിയാവാത്തതോണ്ടാണെന്ന് തോന്നുന്നു ഫോട്ടോഗ്രാഫറുടെ ശബ്ദം കുറച്ച് കനത്ത് തുടങ്ങിയിട്ടുണ്ട്… ജുനൈദ് മോന്‍ ഒരു വിധം ഫോട്ടോയ്ക്ക് നിന്ന് കൊടുത്തു.
കയ്യിലെ വലിയ കിറ്റ് അടുത്തു കണ്ട കസേരയില്‍ വെച്ചു നെടുവീര്‍പ്പിട്ടു…
അടുത്തിരുന്നു ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോയുടെ ഫോക്കസ് റെഡിയാണോ എന്ന് പരിശോധിക്കുന്നത് അല്‍ഭുതത്തോടെ ജുനൈദ് മോന്‍ നോക്കി നില്‍ക്കുന്നു….
മജീദ് മേലേപറമ്പില്‍….
മൈക്കില്‍ അടുത്ത പേരു മുഴങ്ങി….

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുനിഞ്ഞ ശിരസുമായി ഒരു യുവാവ് വേദിയെ ലക്ഷ്യമാക്കി ഇഴഞ്ഞിട്ടെന്നവണ്ണം നടന്നു വരുന്നുണ്ട്….
കൂടെ കൈ പിടിച്ച് വരുന്ന സവാദിനെ കണ്ട് പ്പോഴാണ് ജുനൈദ് മോന് ആളെ മനസിലായത്….. കരള്‍ അസുഖം മൂലം ഭാരിച്ച പണിയൊന്നും എടുക്കാനാവാതെ ചികിത്സയുമായി കഴിഞ്ഞ് കൂടുന്ന , തന്റെ പ്രിയ കൂട്ടുകാരന്‍ സവാദിന്റെ ഉപ്പ…
സ്റ്റേജില്‍ കയറി മുഖ്യാഥിതിയുടെ കയ്യില്‍ നിന്നും കിറ്റ് വാങ്ങുമ്പോള്‍ ആ കൈകള്‍ വിറയ്ക്കുന്നതും കണ്ണ് നിറഞ്ഞൊഴുകുന്നതും അല്‍ഭുതത്തോടെ മാത്രമേ ജുനൈദ് മോന് കാണാന്‍ ആയിട്ടുള്ളൂ ….

ദൈവത്തിന്റെ പരീക്ഷണം മൂലം പിന്നോക്കം വന്നവന്‍ ഒരു നേരത്തേ അന്നത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്നപ്പോള്‍ ആത്മാഭിമാനത്തിനേറ്റ മുറിവില്‍ നിന്ന് കിനിയുന്ന രക്തമാണ് ആ കണ്ണീരെന്ന് മനസിലാക്കാന്‍ അവന്റെ കുഞ്ഞു മനസ്സ് വളര്‍ന്നിട്ടില്ലല്ലോ?..
കൈ നിറയെ സാധനം കിട്ടുമ്പോഴും ആളുകള്‍ കരയോ?.
ജുനൈദ് തന്നോട് തന്നെ ചോദിച്ചു
അവന്‍ കണ്ട കണ്ണീര് ഇല്ലാഴ്മയുടേത് മാത്രമായിരുന്നു …
മ്മെച്ചീ … നിക്കിനിയും ചോറ് വേണം..
അത്താഴം കഴിക്കുമ്പോള്‍ അനിയത്തി വീണ്ടും ചോറ് ചോദിച്ചപ്പോള്‍ താന്‍ അവളെ ചീത്ത പറഞ്ഞതാണ്… ഉമ്മച്ചിക്കിനി ഉണ്ടാവൂല….
ഇനി നോമ്പ് തൊറക്കുമ്പോ തിന്നാ….

അപ്പോള്‍ പാത്രത്തിലെ ചോറ് അനിയത്തിക്ക് നല്‍കിയിട്ട് ‘ഉമ്മച്ചിയ്ക്ക് വെശക്കുന്നില്ല മോനെ… ഓള് തിന്നോട്ടെന്ന് … ‘
പറയുമ്പോഴും ഉമ്മാന്റെ കണ്ണു നിറഞ്ഞ് നില്‍കുന്നതവന്‍ കണ്ടിരുന്നു…
പിന്നെ അവരു കഴിച്ച് പോയപ്പോ കലത്തിലെ ബാക്കി വന്ന ചോറിന്റെ വറ്റ് കഞ്ഞി വെള്ളത്തിലേക്ക് തട്ടി അതു കുടിക്കുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന കണ്ണ് തട്ടം കൊണ്ട് തുടയ്ക്കുന്നതേ അവന്‍ കണ്ടിട്ടുള്ളൂ….

ഇതിപ്പൊ ആദ്യായിട്ടാ ഒരാള് കൈ നിറച്ചും സാധനം കിട്ടുമ്പോ കരയണതെന്നാലോചിച്ച് അവന്‍ വീടിനെ ലക്ഷ്യമാക്കി നടന്നു.
പിറ്റേന്ന് സ്‌കൂളില്‍ പോയപ്പോ ടേബിളിന് ചുറ്റും കുട്ടികളെല്ലാരും കൂടി നില്‍ക്കുന്നു’
ജുനോ… നീ ചക്കാത്ത് വാങ്ങണ ഫോട്ടം പത്രത്തില്‍ വന്ന് ക്ക്….
അവനെ കണ്ടതും വിനോദ് പറഞ്ഞു ‘
ക്ലാസില്‍ കൂട്ട ചിരി ഉയര്‍ന്നു.
കൂട്ടുകാര്‍ക്കിടയില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന് തോന്നിയ കുഞ്ഞു മനസ് ബെഞ്ചില്‍ തലവച്ചു കിടന്ന് കരച്ചിലടക്കാന്‍ പാടുപ്പെടുകയായിരുന്നു …

വീട്ടിലെത്തിയതും ഉമ്മയേ കെട്ടി പിടിച്ച് കരഞ്ഞോണ്ടവന്‍ കാര്യം പറഞ്ഞു….
ന്റെ കുട്ടി കരയണ്ട …!
ജുനൈദ് മോനെ തന്നോട് ചേര്‍ത്ത് പിടിച്ച് ഉമ്മ പറഞ്ഞു…
‘പടച്ചവന് കൂടുതല്‍ ഇഷ്ടം ഉള്ളവരെയാണ് അവന്‍ കൂടുതല്‍ പരീക്ഷിക്കുന്നത് ‘…. !!!’
അത് കേട്ടപ്പോള്‍ വെയിലിനിടയിലെ വേനല്‍ മഴ പോലെ ആ കുഞ്ഞു കണ്ണ് കണ്ണീരിനിടയിലും തിളങ്ങുന്നുണ്ടായിരുന്നു. കൂടെ ജുനൈദ് മോന്‍ വളര്‍ന്ന് വലിയ ആളായി…

വിധിയുടെ വികൃതിയാവാം ഇന്ന് നാട്ടില്‍ റിലീഫ് നടത്തുന്നത് ജുനൈദിന്റെ നേതൃത്വത്തില്‍ ആണ് …. ‘വലത് കൈ കൊണ്ട് നല്‍ക്കുന്ന ദാനം ഇടത് കൈ അറിയരുതെന്ന് ‘ മദീനയുടെ രാജകുമാരന്‍ പഠിപ്പിപ്പിച്ചെതെന്തിനെന്ന് അവനറിയാം……
അത് കൊണ്ട് അര്‍ഹത പെട്ടവര്‍ക്ക് അവന്‍ ആരുമറിയാതെ റമളാന്‍ കിറ്റ് വീട്ടിലെത്തിച്ച് കൊടുക്കുന്നു….

ശിഹാബ് അലി, കുറ്റിക്കാട്ടൂര്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.