2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

വറ്റിവരണ്ട പുഴകളില്‍ മണലൂറ്റ് വ്യാപകം

ബദിയഡുക്ക: പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി. പുതിഗെ, സിരിയ പുഴകളില്‍ നിന്നുമാണ് വ്യാപാകമായി മണലൂറ്റ് നടത്തുന്നത്. ഇത്തരം സംഘം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വറ്റിവരണ്ട പുഴകളില്‍നിന്ന് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മണലൂറ്റുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു.
ബദിയഡുക്ക, ആദൂര്‍, മഞ്ചേശ്വരം, കുമ്പള സ്റ്റേഷന്‍ പരിധികളിലെ പത്വാടി, പുത്തിഗെ, സിരിയ, അഡ്ക്കസ്ഥല, പള്ളത്തടുക്ക പുഴയിലെ കുടുപ്പംകുഴി, ഏത്തടുക്ക നേരപ്പാടി, ഏല്‍ക്കാന, പയസ്വിനി, അത്തനടി, അഡൂര്‍, അലൂര്‍ തുടങ്ങിയ പുഴകളിലെ വിവിധ സ്ഥലങ്ങളിലാണ് മണലൂറ്റ് സംഘം സജീവമായിട്ടുള്ളത്. പൊലിസിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധപതിയാത്തത് സംഘത്തിന് അനുഗ്രഹമായി മാറുന്നു.  പുഴയില്‍നിന്നുമെടുക്കുന്ന മണല്‍ ചാക്കില്‍ നിറച്ചുവെക്കും. പിന്നീട് ടിപ്പര്‍ ലോറികളിലും മറ്റുമായി മണല്‍ കടത്തുന്നതായാണ് പരാതി. മണലൂറ്റുന്നതിന് സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ഇത്തരത്തില്‍ ഒരു വര്‍ഷം മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ വെള്ളത്തില്‍പെട്ട് കുട്ടി മരിച്ച സംഭവം ഉണ്ടായിരുന്നു. ഈയിടെ അംഗഡിമുഗര്‍ ,ഏല്‍ക്കാന എന്നീവിടങ്ങളിലെ പുഴയില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് മണല്‍ വാരുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു.  ചുരുങ്ങിയ ശമ്പളം നല്‍കി പുഴകളില്‍നിന്ന് ഊറ്റിയെടുക്കുന്ന മണല്‍ 150അടിക്ക് 15000രൂപ മുതല്‍ 18000രൂപ വരെയാണ് കടത്ത് സംഘം ഈടാക്കുന്നത്. നേരം പുലരുന്നതിനിടയില്‍ പത്തോളം ലോഡ് മണല്‍ ഒരു സംഘം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കും. പൊലിസിന്റെയോ മറ്റ് അധികൃതരുടെയോ നീക്കങ്ങള്‍ മനസിലാക്കുന്നതിനും കടത്തുസംഘത്തിന് വിവരം കൈമാറുന്നതിനും ഊടുവഴികളില്‍ വാഹനം നിര്‍ത്തിയിട്ട് നിരീക്ഷിക്കുന്ന സംഘം വേറെയുമുണ്ട്. ഇവര്‍ക്ക് ശമ്പളവും വാഹനവും കടത്തുസംഘം തന്നെ നല്‍കുന്നു. അതുകൊണ്ടു തന്നെ അധികൃതരുടെ കണ്ണു വെട്ടിച്ച് കടത്തുസംഘം ലക്ഷ്യ സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. നേരത്തെ പൊലിസ്, ജിയോളജി, റവന്യു, മറ്റ് വകുപ്പ് അധികൃതര്‍ മണല്‍ കടത്തു സംഘത്തിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്തു പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഖജനവിലേക്ക് ലക്ഷങ്ങളുടെ വരുമാനവും ഉണ്ടായിരുന്നു.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.