2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വര്‍ഷത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവന്‍; മരണക്കയമായി പതങ്കയം

അംജദ് ഖാന്‍ റശീദി

തിരുവമ്പാടി: പതങ്കയം വീണ്ടും മരണക്കയമായി. മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി ഇസ്ഹാഖ് ആണ് കഴിഞ്ഞ ദിവസം പതങ്കയത്തെ ചതിക്കുഴിയില്‍പെട്ട് മരിച്ചത്.
കാരന്തൂര്‍ മര്‍കസില്‍ വെക്കേഷന്‍ ഇംഗീഷ് കോഴ്‌സിന് വന്ന 15 ഓളം വിദ്യാര്‍ഥികളും ഒരു അധ്യാപകനും പഠനത്തിന്റെ ഭാഗമായി പതങ്കയത്ത് വന്നതായിരുന്നു. രാവിലെ എട്ടോടെ സ്ഥാപനത്തില്‍ നിന്നും പുറപ്പെട്ട സംഘം 12.30 ഓടെയാണ് പതങ്കയത്തെത്തിയത്.കോഴ്‌സ് കഴിഞ്ഞ്  വീട്ടില്‍ പോകാനിരിക്കെയാണ് ദുരന്തമുണ്ടായത്. ചുഴിയില്‍ വഴുതി വീണ ഇസ്ഹാഖിനെ ഉടന്‍ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം പുഴയെക്കുറിച്ചും നീരൊഴുക്കിനെക്കുറിച്ചും ധാരണയില്ലാത്തവരാണ് അപകടത്തില്‍പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയവും അരിപ്പാറയും വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ദിവസവും ഇവിടേക്ക് നൂറുകണക്കിനാളുകളാണ് എത്തുന്നത്. പതങ്കയത്ത് കാര്യമായ കാഴ്ചകളില്ലെങ്കിലും താഴെ അരിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരില്‍ അധികവും പതങ്കയവും സന്ദര്‍ശിക്കുന്നു.
പത്തടിയോളം ഉയരമുള്ള പാറയില്‍ നിന്ന് താഴെ പുഴയിലേക്ക് ചാടിക്കുളിക്കുന്നത് മാത്രമാണ് ഇവിടെയെത്തുന്നവരുടെ പ്രധാന വിനോദം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയിലെ അടിയൊഴുക്കും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും വഴുവഴുപ്പുള്ള പാറകളും അപരിചിതരായ സന്ദര്‍ശകര്‍ക്കറിയില്ല. നീന്തല്‍ വശമില്ലാത്തതും അപകടകാരണമാണ്. ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതിനാല്‍ സുരക്ഷാ ബോര്‍ഡോ ഗൈഡോ ഇവിടെയില്ല.
അപകടക്കുഴിയിലേക്ക് ഉള്ള വഴിയില്‍ നാട്ടുകാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വേണ്ടത്ര ഫലം ചെയ്തില്ല. അരിപ്പാറയില്‍ വെള്ളച്ചാട്ടവും കുളിയും കഴിഞ്ഞ് മദ്യം കഴിക്കാന്‍ പതങ്കയത്തെത്തുന്നവരും കുറവല്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
രാത്രി വൈകിയും പുഴയില്‍ നിന്ന് ബഹളമുണ്ടാകാറുണ്ടെന്നും പല പ്രാവശ്യം ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.പതങ്കയം അന്വേഷിച്ചെത്തുന്നവരെ വിലക്കാറുണ്ട്. പക്ഷെ ഗൂഗിള്‍ മാപ്പ് നോക്കിയാണ് പലരും വരുന്നതെന്നും ഇത് കാരണം സന്ദര്‍ശകരുടെ വരവ് അറിയുന്നില്ലെന്നും ഇവര്‍ പറയുന്നു.
അപകടം പതിയിരിക്കുന്ന പുഴയിലേക്ക് രാത്രിയുള്‍പ്പടെയുള്ള സന്ദര്‍ശനം അധികൃതര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.തിരുവമ്പാടിയില്‍ നിന്ന് 12 കിലോമീറ്ററാണ് പതങ്കയത്തേക്കുള്ള ദൂരം.
ആനക്കാംപൊയിലില്‍ നിന്ന് വീതി കുറഞ്ഞ റോഡായതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് പോലും പതങ്കയത്തെത്താന്‍ കഴിയാറില്ല.ഇസ്ഹാഖിന്റെ മരണത്തോടെ പതങ്കയത്തെ മരണക്കയത്തില്‍ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ ജീവനാണ് പൊലിഞ്ഞത്.ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News