2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വര്‍ഷകാലമെത്തിയിട്ടും ആളൊഴിഞ്ഞ് പാടങ്ങള്‍

 

പനമരം: നെല്‍കൃഷി പ്രോത്സാഹനത്തിന് പദ്ധതികളില്ലാതായതോടെ വയനാടന്‍ കാര്‍ഷിക സംസ്‌കൃതി വിസ്മൃതിയിലാഴുന്നു. വന്യമൃഗ ശല്യവും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും തളര്‍ത്തിയ മഴക്കുടയണിഞ്ഞ നെല്‍കര്‍ഷകര്‍ വയനാടന്‍ വയലുകളിലെ അപൂര്‍വ കാഴ്ചയാകുകയാണ്. നിലനില്‍പിനായി പൊരുതുന്ന വിരലിലെണ്ണാവുന്ന പാരമ്പര്യ കര്‍ഷകര്‍ മാത്രമാണ് മാമല നാടിന്റെ വയലുകളെ ഇന്നും പച്ചപ്പണിയിക്കുന്നത്. എന്നാല്‍ ഒരു കാലത്ത് സമൃദ്ധമായിരുന്ന പാടങ്ങളിലേറെയും കാടുകയറിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
നെല്‍കൃഷി സംരക്ഷണത്തിന് വേണ്ട രീതിയില്‍ പരിഗണന ലഭിക്കാത്തത് പാരമ്പര്യ കര്‍ഷകരേയും നെല്‍കൃഷിയില്‍ നിന്ന് പിന്തിരിപ്പാന്‍ പ്രേരിപ്പിക്കുന്നതാണ്. കഴിഞ്ഞ കാലങ്ങളില്‍ വേനല്‍ മഴയോടെ സജീവമായിരുന്ന വയലുകള്‍ വര്‍ഷകാലമാരംഭിച്ചിട്ടും കന്നുപൂട്ടും തുടി താളങ്ങളുമറിയാതെ തണുത്തുറഞ്ഞു കിടക്കുകയാണ്. വര്‍ഷകാല ആരംഭത്തോടെ മഴക്കുടയും ചൂടി കര്‍ഷകര്‍ വയലുകളില്‍ സജീവമാകുന്ന പതിവു കാഴ്ചയ്ക്കു പകരം ഇന്ന് തരിശായ വയലുകളാണ്. വെള്ളം കയറുമ്പോള്‍ കുടയും ചൂടി മീന്‍ പിടിക്കുന്നവരുടെ കാഴ്ചകളാണെങ്ങും. രാസവള-കീടനാശിനികളുടെ അമിതമായ പ്രയോഗവും ജില്ലയിലെ വയലുകളുടെ ജൈവാവസ്ഥ തകരാന്‍ ഇടയാക്കിട്ടുണ്ട്. ജില്ലയിലെ പ്രധാന പാടശേഖരങ്ങളെല്ലാം ഇന്ന് തരിശായി കിടക്കുകയാണ്. നെല്‍കൃഷി ആധുനിക വല്‍കരണത്തിന്റെ ഭാഗമായി യന്ത്ര വല്‍കരണം നടത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. തൊഴിലാളികളുടെ കൂലി വര്‍ധന, പ്രതികൂല കാലാവസ്ഥ, വന്യമൃഗ ശല്യം തുടങ്ങി കര്‍ഷകരുടെ മനം മടുപ്പിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും പണം ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കര്‍ഷകര്‍ക്ക് ദുരിതമാകുകയാണ്.
പഞ്ഞ മാസങ്ങളില്‍ ആദിവാസികളടക്കം ആശ്രയിച്ചിരുന്ന തൊഴില്‍ മേഖലയും ഇതായിരുന്നുവെന്നതിനാല്‍ നെല്‍കൃഷിയുടെ തകര്‍ച്ച ഇവരുടെ പട്ടിണിക്കും ഇടയാക്കുന്നുണ്ട്. നെല്‍കൃഷിക്കുളള ധനസഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല.
ഭൂമിയിലെ ജല സംഭരണം നിലനിര്‍ത്താന്‍ സഹായിക്കുന്ന നെല്‍കൃഷിയുടെ വ്യാപനത്തിലൂടെ വയനാടന്‍ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണാവശ്യമെന്ന് കര്‍ഷകര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.