2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വര്‍ക്കലയില്‍ വീണ്ടും പിടിമുറുക്കി ബ്ലേഡ് മാഫിയ

വര്‍ക്കല: ഒരിടവേളയ്ക്കു ശേഷം വര്‍ക്കലയില്‍ വീണ്ടും ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കുന്നു. മുതലിനേക്കാള്‍ പലിശ ഈടാക്കുന്ന ഇക്കൂട്ടര്‍ ഈടുനല്‍കിയ രേഖകള്‍ ഉപയോഗിച്ച് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതികള്‍ വ്യാപകണ്. 10,000 രൂപ വരെയാണ് ഇവര്‍ പലിശ ഈടാക്കുന്നത്. എന്നാല്‍ പണം മടക്കിനല്‍കുന്ന സമയം ഈടാക്കി വാങ്ങുന്ന വസ്തുവിന്റെ പ്രമാണം, വാഹനങ്ങളുടെ ആര്‍.സി ബുക്ക്, ഒപ്പിട്ട ചെക്കുകള്‍, മുദ്രപത്രങ്ങള്‍ തുടങ്ങിയവ തിരികെ നല്‍കുന്നില്ല. ഇത്തരത്തില്‍ കോടികള്‍ വിലയുള്ള വസ്തുക്കള്‍ വരെ തട്ടിയെടുത്ത സംഘങ്ങളും പ്രദേശത്തു സജീവമാണെന്ന് അറിയുന്നു. ബ്ലേഡുകാരുടെ ഭീഷണി വര്‍ധിച്ചതോടെ വിവിധയിടങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും നിയമ സംരക്ഷണത്തിനുള്ള മാര്‍ഗങ്ങളും നല്‍കിവരുന്നുണ്ട്. തുക എഴുതാത്ത ചെക്കുകളും മുദ്രപത്രങ്ങളും വാങ്ങുന്നത് കുറ്റകരമാണെന്നു കാട്ടി മാഫിയാ സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വര്‍ക്കല മേഖലയില്‍ നിരവധി ചെറുകിട വ്യാപാരികളാണു ബ്ലേഡുകാരുടെ ചതിയില്‍പെട്ട് വ്യാപാര സ്ഥാപനങ്ങള്‍ വരെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ ആത്മഹത്യാ ഭീഷണി വരെ നേരിടുന്ന കച്ചവടക്കാരെ സംരക്ഷിക്കുന്നതിനായി വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായവും നിയമ സേവനവും തുടങ്ങിയിട്ടുണ്ട്.
ഇടപാടുകാര്‍ വാങ്ങിയ പണം തിരികെ നല്‍കിയാലും അവയൊന്നും മുതലില്‍ വരവു വയ്ക്കാറില്ല. എല്ലാം പലിശയില്‍ ഉള്‍ക്കൊള്ളിക്കുകയാണ് മാഫിയാ സംഘത്തിന്റെ പതിവ്. വര്‍ക്കലയിലെ ഇടപാടുകാരനില്‍ നിന്ന് ഇത്തരത്തില്‍ 10,000 രൂപക്ക് പലിശയിനത്തില്‍ ഒന്നരവര്‍ഷം കൊണ്ട് വാങ്ങിയത് 45,000 രൂപയാണ്. എന്നാല്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ പണം നല്‍കുന്നതിനായി ഈടായി വാങ്ങുന്നത് തുക രേഖപ്പെടുത്തിയ ചെക്കുകളാണ്. ഇതിന്റെ കാലാവധിയാകട്ടെ മൂന്നു മാസവും. ബാങ്കുകളില്‍ പണയമിടപാടുകള്‍ക്കായി ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയാണു കാലാവധി നല്‍കിയിട്ടുള്ളത്. എന്നാല്‍ അനധികൃത പണമിടപാടുകാര്‍ അഞ്ചു വര്‍ഷം വരെയാണു നിര്‍ബന്ധിത കാലാവധിയായി നല്‍കുന്നത്.
രാത്രിയില്‍ സ്ത്രീകള്‍ അടങ്ങുന്ന ഗുണ്ടാ സംഘങ്ങളുമായാണു ബ്ലേഡ് മാഫിയാ സംഘങ്ങള്‍ ഇടപാടുകാരുടെ വീട്ടിലെത്തുന്നത്. കഴിഞ്ഞമാസം വര്‍ക്കലയില്‍ വയോധികനെ മാഫിയാ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥലത്തെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ എത്തിയ വനിതകളടങ്ങിയ ബ്ലേഡ് മാഫിയാ സംഘം വയോധികനായ വീട്ടുടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ ശേഷം വിഷയം ഒത്തുതീര്‍പ്പാക്കിയാണ് സംഘം മടങ്ങിയത്. രണ്ടുമാസം മുന്‍പ് വര്‍ക്കലയില്‍ തന്നെ സ്ത്രീകളടക്കമുള്ള ഗുണ്ടാ സംഘങ്ങള്‍ രാത്രിയില്‍ വീടുകള്‍ ആക്രമിച്ചിരുന്നു. എന്നാല്‍ വിഷയം പൊലിസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല.  അതേസമയം ഓപറേഷന്‍ കുബേര ഇപ്പോള്‍ നിലവിലില്ലെന്നും രാത്രിയില്‍ വാഹനസൗകര്യം അപര്യാപ്തമാണെന്നുമാണ് പൊലിസില്‍ നിന്ന് ലഭിച്ച മറുപടിയെന്നും റസിഡന്റ്‌സ് അസോസിയേഷനുകള്‍ പറയുന്നു. ഓപറേഷന്‍ കുബേരയില്‍ കേസുകള്‍ നേരിടുന്ന ബ്ലേഡുകാരാണ് കൂടുതല്‍ കരുത്താര്‍ജിച്ചെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.