
മുംബൈ: വരള്‍ച്ചയെ തുടര്‍ന്ന് ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്(എം.സി.എ) സുപ്രിംകോടതിയില്‍. എം.സി.എയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് വാദിച്ചത്. ഐ.പി.എല്‍ മത്സരങ്ങള്‍ വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് എതിരല്ലെന്ന് എം.സി.എ ഹരജിയില്‍ വ്യക്തമാക്കി. ഹരജി 25ന് മുമ്പ് പരിഗണിക്കണമെന്നും എം.സി.എ കോടതിയോട് ആവശ്യപ്പെട്ടിടുണ്ട്.
പിച്ച് നനയ്ക്കാന്‍ ഉപയോഗിക്കുന്നത് കുടിവെള്ളമല്ലെന്നും മലിനജലമാണെന്നും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഇതേ കാരണം എം.സി.എ ബോംബെ ഹൈക്കോടതിയില്‍ പറഞ്ഞെങ്കിലും ഏപ്രില്‍ 30ന് ശേഷമുള്ള മത്സരങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതുപ്രകാരം ഐ.പി.എല്‍ ഫൈനലടക്കമുള്ള 13 മത്സരങ്ങള്‍ മുംബൈയില്‍ നിന്ന് മാറ്റേണ്ടി വരും.