2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വരള്‍ച്ച നേരിടാന്‍ പ്രത്യേക കേന്ദ്ര നയം വേണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: വരള്‍ച്ച നേരിടാന്‍ പ്രത്യേക നയം രൂപീകരിക്കണമെന്നു സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്കു വരള്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ സമയക്രമം നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വരള്‍ച്ച നേരിടാന്‍ പ്രത്യേക സേനയും ലഘൂകരിക്കാന്‍ പ്രത്യേക നടപടികളും ഫണ്ടും രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു സന്നദ്ധ സംഘടന നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു നയരൂപീകരണം ആവശ്യപ്പെട്ടായിരുന്നു സംഘടന കോടതിയെ സമീപിച്ചത്. സമയാധിഷ്ഠിതമായി വിളകള്‍ക്കു നഷ്ടപരിഹാരവും വായ്പകളും മറ്റു സമാശ്വാസ പദ്ധതികളും പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. ഹരജി പരിഗണിക്കവേ, കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ച കോടതി, വരള്‍ച്ചാ പരിഹാരത്തിനായി നിരവധി നിര്‍ദേശങ്ങളാണ് നല്‍കിയത്.
ബിഹാര്‍, ഹരിയാന, ഗുജറാത്ത് സര്‍ക്കാരുകളിലെ ചീഫ് സെക്രട്ടറിമാരോടൊപ്പമിരുന്ന് ആ സംസ്ഥാനങ്ങളില്‍ വരള്‍ച്ചാ ബാധയുണ്ടോയെന്നു കേന്ദ്ര കാര്‍ഷിക സെക്രട്ടറി വിശകലനം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ച്ചയായി രണ്ടു മണ്‍സൂണ്‍ കാലങ്ങളില്‍ മഴ മാറിനിന്നതാണ് വരള്‍ച്ചയ്ക്കു കാരണമെന്നും രാജ്യത്തെ 256 ജില്ലകള്‍ വരള്‍ച്ചാ ബാധിതങ്ങളാണെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.