2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വയനാട് വന്യജീവി സങ്കേതത്തിലെ തുമ്പികള്‍; സര്‍വേ 27ന് ആരംഭിക്കും

– കഴിഞ്ഞ സര്‍വേയില്‍ കണ്ടെത്തിയത് 69 ഇനങ്ങളെ

കല്‍പ്പറ്റ: വിവിധയിനം ജീവികളുടേയും മറ്റും അവാസ കേന്ദ്രമായ വയനാട് വന്യജീവി സങ്കേതത്തിലെ തുമ്പികളെ കുറിച്ച് സര്‍വേ നടത്തുന്നു. ഈ മാസം 27 മുതല്‍ 29 വരെയാണ് സര്‍വേ നടക്കുക. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും വനം വകുപ്പും ചേര്‍ന്നാണ് സര്‍വേ നടത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് സര്‍വേ നടത്തിയിരുന്നു. 69 ഇനം തുമ്പികളെയാണ് അന്ന് കണ്ടത്തിയത്. വയനാട് വന്യജീവി സങ്കേതത്തിലാണ് ഇത്രയധികം ഇനം തുമ്പികളുള്ളത്. രണ്ടു വര്‍ഷം മുമ്പാണ് ആദ്യമായി വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ നടത്തിയത്. 344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ പരിസ്ഥിതി ദുര്‍ബലമായി അടയാളപ്പെടത്തിയതും ആന്റി പോച്ചിങ് ക്യാംപുകളോട് ചേര്‍ന്നുള്ളതുമായ പ്രദേശങ്ങളിലായിരുന്നു സര്‍വേ. ജൈവജാത്യങ്ങളുടെ ചിത്രം പകര്‍ത്തി പഠനത്തിനു വിധേയമാക്കുന്ന രീതിശാസ്ത്രമാണ് തുമ്പികളെക്കുറിച്ചുള്ള സര്‍വേയില്‍ ഉപയോഗപ്പെടുത്തിയത്. തെക്കേവയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, കുറിച്യാട് റെയ്ഞ്ചുകളും വടക്കേ വയനാട്ടിലെ തോല്‍പ്പെട്ടി റെയ്ഞ്ചും ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. കര്‍ണാടക, തമിഴ്‌നാട് വനങ്ങളുമായി അതിരിടുന്നതാണ് വന്യജീവി സങ്കേതത്തിന്റെ പല ഭാഗങ്ങളും. കല്ലന്‍ തുമ്പികളും സുചിത്തുമ്പികളും അടങ്ങുന്നതാണ് തുമ്പികളുടെ സമൂഹം. ഇരിക്കുമ്പോള്‍ നിവര്‍ത്തിപ്പിടിക്കുന്ന ചിറകുകളും തടിച്ച ഉടലുമാണ് കല്ലന്‍ തുമ്പിയുടെ(ഡ്രാഗണ്‍ ഫ്‌ളൈ)യുടെ പ്രത്യകേത. ഇരിക്കുമ്പോള്‍ ചിറകുകള്‍ ഉടലിനു സമാന്തരമായി ചേര്‍ത്തുവെക്കുന്നവയാണ് സൂചിത്തുമ്പികള്‍(ഡെംസല്‍ ഫ്‌ളൈ). ഈ ഇനത്തില്‍പ്പെട്ട ലെസ്റ്റിഡേ കുടുംബത്തിലുള്ള തുമ്പികള്‍ ചിറകുകള്‍ വിടര്‍ത്തിപ്പിടിക്കുന്നവയാണ്. ഇവ ചേരാചിറകന്‍ തുമ്പി എന്നാണ് അറിയപ്പെടുന്നത്. വന്യജീവി സങ്കേതത്തിലെ തുമ്പി വൈവിധ്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം ഉദ്ദേശിച്ചായിരുന്ന സര്‍വേ നടത്തിയത്. വന്യജീവി സങ്കേതത്തിലെ ചതുപ്പുകളുടേയും അരുവികളുടേയും സമീപപ്രദേശങ്ങള്‍ തുമ്പികളാല്‍ സമ്പന്നമാണ്. തുമ്പികളിലെ വൈവിധ്യം, ഇവയുടെ വരവും പോക്കും, ദേശാടനം, അപൂര്‍വവും അത്യപൂര്‍വവുമായവ, മുമ്പ് കാണപ്പെട്ടിരുന്നതും ഇപ്പോള്‍ ഇല്ലാത്തുമായവ, എണ്ണത്തില്‍ കൂടുതലുള്ളവ, തദ്ദേശീയമായവ ആവാസവ്യവസ്ഥയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിലാണ് സര്‍വേയിലൂടെ വിവരശേഖരണം നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News