2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വയനാട്ടില്‍ ദമ്പതികളടക്കം മൂന്നു മരണം

 

കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു. തലപ്പുഴക്കടുത്ത് മക്കിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മംഗലശേരി വീട്ടില്‍ റസാഖ്(40), ഭാര്യ സീനത്ത്(32) എന്നിവരാണ് മരിച്ചത്. വൈത്തിരി പൊലിസ് സ്‌റ്റേഷന് സമീപത്തെ അയ്യപ്പന്‍കുന്ന് കോളനിയില്‍ ഉരുള്‍പൊട്ടി വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് കോളനിയിലെ ജോര്‍ജിന്റെ ഭാര്യ ലില്ലി(62) മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു മക്കിമലയില്‍ ഉരുള്‍പൊട്ടിയത്. പുഴകള്‍ കരകവിഞ്ഞതോടെ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. സംഭരണ ശേഷി കവിഞ്ഞ ബാണാസുര സാഗര്‍ ഡാമിന്റെ നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ 113 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. 76 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
തലശ്ശേരി-മാനന്തവാടി റോഡിലും മേപ്പാടി-കല്‍പ്പറ്റ റോഡിലും പലയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്റെ യൂനിറ്റും, കണ്ണൂര്‍ ഡി.എസ്.സിയുടെ ഒരു കമ്പനിയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. വയനാട്ടില്‍ ഇന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.