2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വന്‍ദുരന്തത്തിന് കാതോര്‍ത്ത്

പാനൂര്‍: ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ചെറുവാഞ്ചേരിയിലെ നവോദയകുന്ന്.ചെങ്കല്‍ ഖനനവും മണ്ണുകടത്തലും നിര്‍ബാധം തുടരുന്നതിനാല്‍ ഇവിടെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയാണ്.
ഈ കുന്നിന്റെ താഴ്‌വാരത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.
ഒരുകാലത്ത് അപൂര്‍വ ഔഷധ സസ്യങ്ങളും ഫലപുഷ്ടമായ മണ്ണും ഉള്‍പ്പെടെ ചെങ്കല്‍ പാറകളും കരിങ്കല്‍ പാറകളും നിറഞ്ഞ കിലോമീറ്ററുകള്‍ പരന്ന് കിടക്കുന്നതായിരുന്നു ചെറുവാഞ്ചേരിയിലെ നവോദയ കുന്ന്. ഈ കുന്നിന് മുകളിലാണ് കേന്ദ്രീയ വിദ്യാലയവും മഹാത്മാ ഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും സ്ഥിതി ചെയ്യുന്നത്. പണ്ട് വിവിധ കിളികളുടെ കല പിലകള്‍ കൊണ്ട് മുഖരിതമായ ഈ കുന്നിന് മുകളില്‍ ഇന്ന് ജെ.സി.ബിയുടെയും ടിപ്പര്‍ലോറികളുടെയും മണ്ണുമാന്തി യന്ത്രങ്ങളുടെയും നിലയ്ക്കാത്ത ശബ്ദമാണ്.
നൂറ് കണക്കിന് ലോറികളാണ് ഇവിടെ നിന്ന് മണ്ണും, ചെങ്കല്ലും, പാറയുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ചീറിപായുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന അതീവപ്രകൃതിലോല പ്രദേശമാണിത്. ഇവിടെ കരിങ്കല്‍, ചെങ്കല്‍ ഖനനം ഇപ്പോഴും യാതൊരു നിയന്ത്രണവുമില്ലാതെ നടത്തുകയാണ്.
മഴക്കാലങ്ങളില്‍ ക്വാറികളില്‍ കെട്ടികിടക്കുന്ന ജലവും ചില ക്വാറികളില്‍ നിറച്ചിരിക്കുന്ന മണ്ണും ഒരു മഹാ ദുരന്തത്തിനാണ് വഴിവെക്കുന്നത്. കുന്നിന് താഴെ പ്രദേശത്ത് നൂറ് കണക്കിന് കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്.ഇവിടെ ഉരുള്‍പൊട്ടലോ, മണ്ണിടിച്ചലോ സംഭവിച്ചാല്‍ പ്രദേശം മുഴുവന്‍ നാമാവേശഷമാവും.
കുന്നിലെ അനിയന്ത്രിതമായ ഖനനത്തെ കുറിച്ച് നിരവധി തവണ വില്ലേജ് അധികൃതര്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടു യാതൊരു നടപടിയുമെടുത്തില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
നേരത്തെ ഇവിടെ ചെറിയൊരു ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതു വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്നോടിയാണെന്നു നാട്ടുകാര്‍ ഭയപ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.