2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വന്ദേമാതരം: ഇനിയും തീരാത്ത പുകിലുകള്‍…

തന്‍സീര്‍ ദാരിമി കാവുന്തറ
9946972873

ഭാരത് മാതാ എന്നു വിളിക്കാന്‍ പറ്റാത്തവര്‍ക്കു രാജ്യത്തുനില്‍ക്കാന്‍ അവകാശമില്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനയും സംഘ്പരിവാറിന്റെ പതാകയായ കാവിക്കൊടിയെ ദേശീയപതാകയായി അംഗീകരിക്കണമെന്നും ‘വന്ദേമാതര’മാണു യഥാര്‍ഥ ദേശീയ ഗാനമെന്നുമുള്ള ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ പ്രസ്താവനയുമാണ് ദേശീയചിഹ്നങ്ങളെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചുമുള്ള പുതിയ ചര്‍ച്ചയ്ക്കു വഴിമരുന്നിട്ടിരിക്കുന്നത്.

കാവിക്കൊടി (ഭഗവത് ദ്വജ്) ദേശീയപതാകയേക്കാള്‍ പ്രധാനമാണെന്നും യഥാര്‍ഥ ദേശീയഗാനം ‘ജനഗണമന’യല്ല, ‘വന്ദേമാതര’മാണെന്നുമാണു ഭയ്യാജി പറഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ച് 52 വര്‍ഷത്തോളം ദേശീയപതാകയെ അംഗീകരിക്കാത്ത ആര്‍.എസ്.എസ്സില്‍നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന അപ്രതീക്ഷിതമല്ലെന്നും സംഘ്പരിവാറിന്റെ രാജ്യസ്‌നേഹം പുറംപൂച്ചാണെന്നുമുള്ളതിനു തെളിവുകള്‍ ഏറെ വേണ്ട.

ലോകത്തെല്ലായിടത്തും ഫാസിസം അതിന്റെ സ്വാധീനം ഉറപ്പിക്കാനും നിലനിര്‍ത്താനും സ്വീകരിക്കുന്ന പലവഴികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഒരു ജനതയെ ഭീതിക്കു അടിമപ്പെടുത്തുകയെന്നതാണ്.അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടമാടുന്നത്. മുസ്‌ലിംകള്‍ ദേശവിരുദ്ധരാണ്,അവര്‍ക്കു ദേശക്കൂറില്ല എന്നു നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ പ്രഭൃതികള്‍ അപകടകരമായ പഴയ അഖണ്ഡഭാരതസങ്കല്‍പത്തെ കൂടുതല്‍ വിപുലമാക്കുകയും അതുവഴി ഇന്ത്യന്‍ ദേശീയതയെ അത്യന്തം സങ്കുചിതമാക്കുകയുമാണു ചെയ്യുന്നത്. അഖണ്ഡഭാരതമെന്നത് ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാനാദര്‍ശമാണ്. ‘അഖണ്ഡഇസ്രായേല്‍’ എന്നത് സയണിസത്തിന്റെ ആദര്‍ശവും.

അഖണ്ഡഭാരതമെന്നതിലെ സാംസ്‌കാരികത പുരാണകേന്ദ്രീകൃത കാഴ്ചപ്പാടാണ്. അതു പൊളിക്കേണ്ടതും തള്ളേണ്ടതുമാണ്. ‘സാംസ്‌കാരിക ദേശീയത’യെന്ന സംഘ്പരിവാര്‍ കാഴ്ചപ്പാടിലും ഇത്തരമൊരു ചതിക്കുഴിയുണ്ട്. സവര്‍ണത നിര്‍വചിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍നിന്നു വ്യത്യസ്തമായി നിലകൊള്ളുന്ന മുഴുവന്‍ ആളുകളും ഇന്ത്യാവിരുദ്ധരാണെന്ന കാഴ്ചപ്പാട് ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടാണു ‘വിചാരധാര’യില്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവരെ പ്രകടമായും ഗാന്ധിയന്മാര്‍, നെഹ്‌റുവിയന്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ എന്നിവരെ പരോക്ഷമായും ആഭ്യന്തരശത്രുക്കളുടെ പട്ടികയില്‍ ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടുത്തുന്നത്്.

ഫ്രഞ്ച് വിപ്ലവത്തിന്റെ അമരസ്മരണകള്‍ ത്രസിച്ചുനില്‍ക്കുന്ന പാരീസ്, സംഘ്പരിവാറിനു പാരമേശ്വരീയമാണ്. അതുപോലെ മുസ്്‌ലിംകളുടെ പുണ്യകേന്ദ്രമായ കഅ്ബ അവരുടെ ശബ്ദകോശത്തില്‍ ഒരു പഴയ വിഷ്ണുക്ഷേത്രമാണ്. ഇംഗ്ലണ്ടിലെ സെന്റ് കത്തീഡ്രല്‍ ചര്‍ച്ച് അവര്‍ക്കു ഗോപാല്‍മന്ദിറാണ്. ജറുസലേം യദുശാല്യമാണ്. ഹോമര്‍ ഒര്‍ജിനലല്ല, വാല്‍മീകിയുടെ പകര്‍പ്പാണ്. പൈഥഗോറസ് പതഞ്ജലി മഹര്‍ഷിയാണ്.
ഈജിപ്തുകാരെ പിരമിഡുണ്ടാക്കാന്‍ പഠിപ്പിച്ചതു ഭാരതീയരാണ് തുടങ്ങിയ എത്രയോ നൂതന വിവരങ്ങളാണു സംഘ്പരിവാര്‍ വിഞ്ജാനകോശത്തില്‍ വിശ്രമിക്കുന്നത്. ഇങ്ങനെ ലോകത്തിലുള്ള എല്ലാ ശ്രേഷ്ഠതകളും പ്രാചീന ഇന്ത്യക്കാരുടെ സ്വകാര്യസ്വത്താണെന്നു വാദിക്കുന്നതു വര്‍ത്തമാനകാല ദേശീയബോധത്തെയും ജനാധിപത്യബോധത്തെയും വെല്ലുവിളിക്കലാണ്. സംഘ്പരിവാറിന്റെ ദേശീയത ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അതു നഗ്്‌നമായ ഫാസിസവുമാണ്. (ഫാസിസത്തിന്റെ അദൃശ്യലോകം,കെ.ഇ.എന്‍).

സാമുദായികശിഥിലീകരണം ലക്ഷ്യംവച്ചുള്ള അടവുനയങ്ങളും ആശയധാരകളുമാണ് ഇന്ത്യയില്‍ എക്കാലവും ഫാസിസ്റ്റുകള്‍ നടപ്പിലാക്കിയിട്ടുള്ളത്. ഘര്‍വാപസിയും ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയഗ്രന്ഥമാക്കണമെന്ന വാദവും ഹിന്ദുക്കളല്ലാത്തവര്‍ തന്തയില്ലാത്തവരാണെന്ന ഗര്‍ജ്ജനവും മതസ്പര്‍ദ്ധയും സാമുദായികചിദ്രതയും വളര്‍ത്തി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അന്തസത്ത തകര്‍ക്കാനുള്ള ഫാസിസ്റ്റ് കുതന്ത്രമായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പതിനായിരങ്ങള്‍ ജീവന്‍പകുത്തുകൊടുത്തപ്പോള്‍ ‘സ്വാതന്ത്ര്യത്തിന്റെ മുഖത്തു ഞങ്ങള്‍ തുപ്പുന്നു” എന്ന് ആക്രോശിക്കുകയായിരുന്നു ഫാസിസം. സമാധാനം സംരക്ഷിക്കാന്‍ ജനാധിപത്യം ആവശ്യപ്പെടുമ്പോള്‍, ‘ചോരകൊണ്ട് ചിന്തിക്കുക’യെന്ന ആഹ്വാനംകൊണ്ട് അതിനെ എതിരിടുകയായിരുന്നു ഫാസിസം ചെയ്തത്. ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസ്. ബാബരി ധ്വംസനത്തിന്റെയും ഗുജറാത്ത് വംശഹത്യയുടെയും മാലേഗാവ് സ്‌ഫോടനത്തിന്റെയും പിന്നിലെ കറുത്തകരങ്ങളായ ആര്‍.എസ്.എസ് തന്നെയാണു ദേശീയഭീകരതയുടെയും പ്രാദേശികതീവ്രവാദത്തിന്റെയും മൊത്തക്കച്ചവടക്കാരും.

മറ്റുവിഭാഗങ്ങള്‍ക്കു രാജ്യവിരുദ്ധപരിവേഷംനല്‍കി രാജ്യസ്‌നേഹത്തിന്റെ കാവിക്കുപ്പായമണിയുന്ന ഇവര്‍ക്കു ബ്രിട്ടീഷ്‌വിരുദ്ധസമരത്തെ വര്‍ഗീയമായി വഞ്ചിച്ച ചരിത്രമാണുള്ളത്. ഹിന്ദുത്വശക്തികള്‍ ബ്രിട്ടീഷ് അധിനിവേശത്തെ പൊതുവില്‍ സ്വാഗതമരുളുകയാണു ചെയ്തത്. 1823-ല്‍ സുപ്രിംകോടതിക്കുള്ള ഒരു ഹര്‍ജിയില്‍ രാജാറാം മോഹന്റോയ് എഴുതി: ”അടുത്തുള്ള ശക്തികള്‍ക്കെതിരായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ യുദ്ധത്തില്‍ ഭൂരിപക്ഷം നാട്ടുകാരും ബ്രിട്ടന്റെ വിജയത്തിനുവേണ്ടി ആരാധനാമൂര്‍ത്തികളോടു പ്രാര്‍ഥിക്കുകയുണ്ടായി. ‘ഇന്ത്യന്‍ വന്‍കിട മുതലാളിവര്‍ഗം’ എന്ന കൃതിയില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്. 1842ല്‍ ദ്വാരകനാഥ് ടാഗോര്‍ പറഞ്ഞത് ”മുഹമ്മദീയരുടെ സ്വേഛാധിപത്യത്തില്‍നിന്നും ക്രൂരതയില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ബ്രിട്ടന്‍ അയച്ച രക്ഷകരാണു ക്ലൈവും കോണ്‍വാലീസും” എന്നാണ്. ഇന്ത്യന്‍ ദേശീയപതാക, ഭരണഘടന, മതേതരത്വം, ഫെഡറലിസം എന്നിവയോട് ഒരുതാല്‍പര്യവും പ്രകടിപ്പിക്കാതെ ഇതിനെയെല്ലാം നിശിതമായി എതിര്‍ക്കുന്ന നിലപാടാണു സംഘ്പരിവാര്‍ ശക്തികള്‍ ഇന്നും തുടരുന്നത്.

1929ല്‍ ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം പൂര്‍ണസ്വരാജ് ലക്ഷ്യമാക്കി 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാനും ത്രിവര്‍ണപതാകയെ ആദരിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിനു മറുപടിയായി കാവിപതാകയെ ആരാധിക്കാനാണു ഡോ. ഹെഡ്‌ഗേവാര്‍ എല്ലാ ആര്‍ എസ് എസ് ശാഖകള്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ഇന്ത്യന്‍ ഭരണഘടനയെ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. വിവിധ പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിളുകള്‍ തുന്നിച്ചേര്‍ത്ത് ഉണ്ടാക്കിയ ഭരണഘടനയില്‍ നമുക്ക് സ്വന്തമെന്ന് വിളിക്കാവുന്ന ഒന്നുമില്ലെന്നാണ് അദ്ദേഹം എഴുതിയത്.

ഈ നിലപാടുതന്നെയാണു ജനാധിപത്യത്തോടും മതേതരത്വത്തോടും ഫെഡറലിസത്തോടും അവര്‍ക്കുള്ളത്. ‘പെന്റഗണ്‍ ഷാഡോ ഓവര്‍ ഇന്ത്യ’ എന്ന വി.ഡി ചോപ്രയുടെ ഗ്രന്ഥത്തില്‍ ഗോള്‍വാള്‍ക്കര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍സണ്‍ എഴുതിയ കത്ത് ഉദ്ദരിച്ചിട്ടുണ്ട്. ‘ദൈവാനുഗ്രഹത്താല്‍ സ്വതന്ത്രലോകത്തിന്റെ നേതാവാണ് അമേരിക്ക. ധര്‍മവും അധര്‍മവും ഇന്ന് ഒരു ആഗോളയുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതില്‍ ധര്‍മപക്ഷത്തെ അമേരിക്കയാണു നയിക്കുന്നത്.’ 1971-ലെ പൊതുതെരഞ്ഞെടുപ്പില്‍ അമേരിക്ക സന്ദര്‍ശിച്ച അടല്‍ ബിഹാരി വാജ്‌പേയിയാണ് ഈ കത്തു കൈമാറിയത്.

ബ്രിട്ടീഷ് രഹസ്യപ്പൊലിസ് ആര്‍.എസ്.എസിനെക്കുറിച്ചു നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രമുഖചരിത്രകാരന്‍ ബിപിന്‍ചന്ദ്ര ‘കമ്മ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. 1942 മെയ് മൂന്നിലെ ക്യാംപില്‍ ഗോള്‍വാള്‍ക്കാര്‍ പറഞ്ഞത്: ‘മുസ്‌ലിം ആക്രമണത്തെ ചെറുക്കുക മാത്രമല്ല, ആ രോഗത്തെ പൂര്‍ണമായി ഇല്ലാതാക്കുകയാണു സംഘത്തിന്റെ ലക്ഷ്യ’മെന്നായിരുന്നു. ബ്രിട്ടീഷ് വിരുദ്ധമനോഭാവത്തെ മുസ്‌ലിംവിരുദ്ധപ്രവര്‍ത്തനങ്ങളിലേയ്ക്കു ബ്രിട്ടന് അനുഗുണമാവുംവിധം വഴിതിരിക്കുകയാണ് ആര്‍.എസ്.എസ് എക്കാലവും ചെയ്തത്.
ബ്രിട്ടീഷ്‌വിരുദ്ധസമരത്തില്‍ ആര്‍.എസ്.എസ് പങ്കെടുക്കില്ലെന്നു നേതാക്കള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുസ്‌ലിംവിരുദ്ധപോരാട്ടത്തിനായി അവരുടെ ഊര്‍ജം സംഭരിക്കുന്നതു സ്വാതന്ത്രസമരപ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താന്‍ ബ്രിട്ടനുസഹായകമാവുമെന്നും ‘കൊളോണലിസം ആന്‍ഡ് കമ്മ്യൂണലിസം അനാട്ടമി ഓഫ് കോണ്‍ഫെഡറേഷന്‍’ എന്ന പുസ്തകത്തില്‍ ആദിത്യമുഖര്‍ജി ചരിത്രതെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ഥിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.