2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

വനിതാ സബ് കലക്ടറെ അധിക്ഷേപിച്ചു; എസ്. രാജേന്ദ്രന്‍ എം.എല്‍.എ കുരുക്കില്‍

 

 

തൊടുപുഴ: മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞ വനിതാ സബ് കലക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍ കുരുക്കില്‍. മൂന്നാര്‍ പഞ്ചായത്ത് പുഴയോരം കൈയേറി നടത്തിയ അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിനെയാണ് പൊതുജനമധ്യത്തില്‍ ദേവികുളം എം.എല്‍.എ ആക്ഷേപിച്ചത്.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പാര്‍ക്കിങ് ഗ്രൗണ്ടില്‍ മുതിരപ്പുഴയാറിനോടുചേര്‍ന്ന് ഷോപ്പിങ് കോപ്ലക്‌സ് നിര്‍മിക്കുന്നതാണ് വിവാദ കാരണം. ഹൈക്കോടതി വിധി ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് സബ് കലക്ടര്‍ ഇടപെട്ടത്.

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് നിര്‍ത്തണമെന്ന് സബ് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. സ്ഥലത്തെത്തിയ തഹസില്‍ദാര്‍ അടക്കമുള്ളവരെ എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പുസ്വാമിയും മറ്റും തടഞ്ഞു. കെട്ടിടനിര്‍മാണത്തിന് സ്റ്റോപ്പ് മെമോ നല്‍കിയ സബ് കലക്ടര്‍ രേണു രാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നെന്നുമാണ് എം.എല്‍.എ പറഞ്ഞത്. അവള്‍ എന്നും സംബോധന ചെയ്തു.
ആരെയും ഭയപ്പെടുന്നില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സബ് കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. എം.എല്‍.എക്കെതിരേ നിയമനടപടി തുടരും. അനധികൃത നിര്‍മാണം നടത്തിയവര്‍ക്കെതിരേ കേസെടുക്കും. നടപടികള്‍ക്ക് റവന്യൂ മന്ത്രിയുടെ പിന്തുണയുണ്ട്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

 

 

രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിനെതിരായ പരാമര്‍ശത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു. ‘അവള്‍’ എന്നത് അത്ര മോശം വാക്കല്ല. സംസാരം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം, തെറ്റായ നടപടി അംഗീകരിക്കില്ലെന്നും രാജേന്ദ്രനോട് വിശദീകരണം തേടുമെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനും രാജേന്ദ്രന്റെ നടപടി ശരിയായില്ലെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.