2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

വനിതാ കമ്മിഷനംഗം ഷാഹിദാ കമാലിന് നേരെ കൈയേറ്റ ശ്രമം

കൊല്ലം: വനിതാ കമ്മിഷനംഗം ഷാഹിദാ കമാലിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കൈയേറ്റ ശ്രമം. കന്യാസ്ത്രീയെ മരിച്ച നിലയില്‍കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദാ കമാല്‍. യു.ഡി.എഫ് പ്രവര്‍ത്തകരാണ് തന്നെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. ആരായാലും കാറ് കടത്തി വിടില്ലെന്നായിരുന്നു വാഹനം തടഞ്ഞവരുടെ നിലപാട്.
കാറിന്റെ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതു ചെയ്തില്ല. ഇതോടെ അക്രമികള്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകര്‍ത്തു. തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തതായും ഷാഹിദാ കമാല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് സ്ഥാനമാനങ്ങള്‍ നേടിയ ശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ അവരെ അടിക്കെടാ എന്നാക്രോശിച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ മര്‍ദ്ദിച്ചത്.
വനിതാ കമ്മിഷന്‍ അംഗമെന്ന നിലയില്‍ ജില്ലയില്‍ ഒരു കന്യാസ്ത്രീ മരിച്ച വാര്‍ത്തയറിയുമ്പോള്‍ അവിടെ പോകേണ്ടത് തന്റെ ചുമതലയാണെന്നും അതിനായി എത്തിയപ്പോഴായിരുന്നു മര്‍ദനമെന്നും അവര്‍ പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗമായിരുന്നിട്ടും തന്റെ ദേഹത്ത് കൈവച്ചിരിക്കുകയാണ്. തന്നെ മര്‍ദിച്ച ആളെ വ്യക്തമായി അറിയാമെന്നും ഫോട്ടോ കൈവശമുണ്ടെന്നും അറസ്റ്റ് ചെയ്യാതെ താനിനി മുന്നോട്ട് നീങ്ങില്ലെന്നും ഷാഹിദാ കമാല്‍ നിര്‍ബന്ധം പിടിച്ചെങ്കിലും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പത്തനാപുരം പൊലിസ് ഷാഹിദാ കമാലിനെ കടത്തി വിടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.