2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വനസംരക്ഷണം: പൊലിസും വനംവകുപ്പും കൈകോര്‍ക്കുന്നു

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: വനസംരക്ഷണത്തിന് പൊലിസും വനംവകുപ്പും കൈകോര്‍ക്കുന്നു. വനംകൊള്ള തടയാനും വനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യംചെയ്യാനും പൊലിസും വനംവകുപ്പും സംയുക്തമായി ആരംഭിക്കുന്ന വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ യൂനിറ്റ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിയും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തി. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ യൂനിറ്റ് പൊലിസില്‍ ഡി.ജി.പി (ക്രൈം)യുടെയും വനംവകുപ്പില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെയും (ഇന്റലിജന്‍സ്) നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുക. വനംവകുപ്പില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ ഡബ്ലിയു.എല്‍.സി.സി.യുവില്‍ നിയമിക്കും. സംസ്ഥാനത്തെ വനത്തിനുള്ളില്‍ നടക്കുന്ന എല്ലാ കേസുകളും ഈ യൂനിറ്റിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷിക്കുക. വനംവകുപ്പിന്റെയും പൊലിസിന്റെയും ഇന്റലിജന്‍സ് വിഭാഗം തയാറാക്കുന്ന മുന്നറിയിപ്പ് റിപ്പോര്‍ട്ടുകളെല്ലാം ഡബ്ലിയു.എല്‍.സി.സി.യുവിന് കൈമാറണം. തുടര്‍നടപടി ഇവിടുത്തെ ഉദ്യോഗസ്ഥരാണ് നിര്‍വഹിക്കുക.
ഈ യൂനിറ്റ് കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഇവര്‍ക്ക് വനസംരക്ഷണത്തിനാവശ്യമായ നിര്‍ദേശങ്ങളും ഫണ്ടും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്‍കും.
വനം കൈയേറ്റം, മൃഗങ്ങളെ ഉപദ്രവിക്കല്‍, വനത്തിനുള്ളില്‍ നടക്കുന്ന കൊല, വനത്തിനുള്ളിലെ കഞ്ചാവ് കേസുകള്‍ തുടങ്ങിയവയിലെല്ലാം ഡബ്ലിയു.എല്‍.സി.സി.യുവിനായിരിക്കും അന്വേഷണചുമതല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.