2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വനഭൂമി സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും; വനംവകുപ്പ് ഒത്തുകളിക്കുന്നു

വി.എം ഷണ്‍മുഖദാസ്

പാലക്കാട്: നെല്ലിയാമ്പതി ടോപ് സ്റ്റേഷനിലെ കോടികള്‍ വിലമതിക്കുന്ന മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുനല്‍കാന്‍ സുപ്രിംകോടതി വിധിച്ചത് വനംവകുപ്പിന്റെ ജാഗ്രതയില്ലായ്മയാണെന്ന് ആക്ഷേം. വിധിവന്ന് ദിവസങ്ങള്‍ക്കകം ഒന്നരയേക്കറോളം വരുന്ന ഭൂമിയും, കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും വനംവകുപ്പ് വിട്ടുനല്‍കുകയും ചെയ്തു. ഇതിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടവും വിട്ടുനല്‍കാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് സുപ്രഭാതത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
2013ലാണ് നെന്‍മാറ വനം ഡിവിഷനില്‍പെട്ട എസ്‌റ്റേറ്റും ബംഗ്ലാവുംഅന്നത്തെ ഡി.എഫ്.ഒ ധനേഷ്‌കുമാറും സംഘവും ഏറ്റെടുത്തത്. തുടര്‍ന്നുവന്ന ഡി.എഫ്.ഒമാര്‍ കേസ് നടത്തിപ്പില്‍വരുത്തിയ വീഴ്ച മൂലം ഹൈക്കോടതിയില്‍ ഉടമകള്‍ക്ക് അനുകൂലമായ വിധിയുണ്ടാവുകയായിരുന്നു. ഇതിനെതിരേ വനംവകുപ്പ് സുപ്രിംകോടതിയില്‍പോയെങ്കിലും കോടതി സ്ഥലം സര്‍വേ ചെയ്ത് റിപ്പോര്‍ട്ട്‌സമര്‍പ്പിക്കാന്‍ ആശ്യപ്പെട്ടു. യഥാസമയം റിപ്പോര്‍ട്ട്‌സമര്‍പ്പിക്കാത്തതും, ആവശ്യമായ തെളിവുകള്‍ ഹാജരാക്കാത്തതും വനംവകുപ്പിന്എതിരായി കോടതി വിധിയുണ്ടാകാന്‍ കാരണമായി.
കോടികള്‍ വിലമതിക്കുന്നഎസ്റ്റേറ്റ് ബംഗ്ലാവ് ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ വിധി വരുന്നതിനുമുന്‍പുതന്നെ എസ്റ്റേറ്റിലെ എല്ലാ വിളകളും സ്വകാര്യവ്യക്തികള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ പാട്ടക്കാലാവധി കഴിഞ്ഞ ഏഴ്എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ് വനംമന്ത്രി അഡ്വ.കെ. രാജു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും, സി.പി.ഐയുടെ മുഖപത്രത്തില്‍ വന്നതും വിവാദമായിട്ടുണ്ട്.
നെല്ലിയാമ്പതി റേഞ്ച് ഓഫിസ്, കൊല്ലങ്കോട് റേഞ്ച് ഓഫിസ്, നെന്‍മാറ വനംഡിവിഷന്‍ ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ആരും എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ചു വിവരമറിയുന്നില്ല. മന്ത്രിയുടെ പോസ്റ്റിലും, പത്രത്തിലെ വാര്‍ത്തയിലും വന്ന വിവരമേ അറിയുകയുള്ളുവെന്നാണ്ഉദ്യോഗസ്ഥരും പറയുന്നത്.
കോടതികളില്‍വരുന്ന വനംവകുപ്പ് കേസുകള്‍ ദുര്‍ബലപ്പെടുത്തി സ്വകാര്യ വ്യക്തികള്‍ക്ക് വനഭൂമികള്‍ തീറെഴുതികൊടുക്കാനുള്ള നീക്കം വനംവകുപ്പിനകത്തു നടന്നു വരുന്നതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 2000ഏക്കറോളം വരുന്ന നെല്ലിയാമ്പതിയിലെ ഭൂമികള്‍ ഏറ്റെടുക്കുമെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഏതെല്ലാം എസ്റ്റേറ്റുകള്‍,എത്ര സ്ഥലം എന്നിവയെകുറിച്ചു ഒരു വിവരവും പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതും സംശയത്തിന് വഴിവച്ചിട്ടുണ്ട്. 2000ഏക്കറോളം വരുന്ന ഭൂമിഏറ്റെടുക്കുമെന്ന് പറയുമ്പോള്‍ മിന്നാമ്പാറയിലെ വനഭൂമിയും, ബംഗ്ലാവും വിട്ടുകൊടുക്കാന്‍ ധൃതിപിടിച്ച നീക്കമാണ് വനം വകുപ്പ് നടത്തിയിട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.