2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

Editorial

വധശിക്ഷ ക്രിമിനല്‍ പൊലിസിന് പാഠമാകണം


ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനെ തിരുവനന്തപുരം സിറ്റി പൊലിസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊന്ന രണ്ട് പൊലിസുകാരെ തൂക്കിക്കൊല്ലുവാന്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധി നല്‍കിയിരിക്കുകയാണ്. ഈ വിധി പ്രസ്താവം പൊലിസിലെ ക്രിമിനലുകള്‍ക്ക് മേലിലെങ്കിലും പാഠമാകേണ്ടതുണ്ട്. നീണ്ട പതിമൂന്ന് വര്‍ഷം നിസ്സഹായയായ ഒരമ്മ, ഏക മകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് മതിയായ ശിക്ഷ കിട്ടാന്‍ നടത്തിയ നിയമപോരാട്ടത്തിനാണ് പര്യവസാനം ഉണ്ടായിരിക്കുന്നത്.
പൊലിസുകാരായ ഒന്നാംപ്രതി കെ. ജിതകുമാറിനും രണ്ടാംപ്രതി എസ്.വി ശ്രീകുമാറിനുമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. അത്യപൂര്‍വങ്ങളായ കൊലപാതകങ്ങളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന് സുപ്രിം കോടതിയുടെ വിധിയുണ്ട്. നിയമപാലകര്‍ തന്നെ നിയമ ലംഘകരായി ഒരു നിരപരാധിയെ ഉരുട്ടിക്കൊല്ലുന്നത് അത്യപൂര്‍വം തന്നെയാണ്. ഗൂഢാലോചകരായ ഉയര്‍ന്ന പൊലിസ് ഓഫിസര്‍മാര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും അവര്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.
ജോലി ചെയ്തിരുന്ന വര്‍ക്ക്ഷാപ്പില്‍ നിന്ന് ഓണത്തിന് കിട്ടിയ ബോണസ് തുകയായ 4000 രൂപയുമായി പാര്‍ക്കില്‍ സുരേഷ് എന്നയാളോടൊപ്പം ഇരിക്കുകയായിരുന്ന ഉദയകുമാറിനെ അകാരണമായാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. അയാളുടെ പക്കലുള്ള നാലായിരം രൂപ തട്ടിയെടുക്കാനായിരുന്നു മോഷ്ടാവായ സുരേഷിനോടൊപ്പം ഉദയകുമാറിനെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ആരെങ്കിലും പരാതി നല്‍കാതെ ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പൊലിസിനില്ല. പ്രതികളുണ്ടോ എന്നന്വേഷിച്ച് കണ്ടവരെയെല്ലാം കസ്റ്റഡിയിലെടുക്കുന്നതല്ല പൊലിസിന്റെ ഡ്യൂട്ടി. സംശയാസ്പദമായ നിലയില്‍ കാണുന്നവരെ കസ്റ്റഡിയിലെടുക്കാം. എന്നാല്‍, അതിനു തക്കതായ സാഹചര്യത്തെളിവുകള്‍ ഉണ്ടാകണം. പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന ഉദയകുമാര്‍ സംശയാസ്പദമായ സാഹചര്യത്തിലായിരുന്നില്ല. ഉദയകുമാര്‍ നിരപരാധിയാണെന്ന് കണ്ട പൊലിസ് അയാളെ പോകാന്‍ അനുവദിച്ചുവെങ്കിലും അമ്മക്ക് ഓണക്കോടി വാങ്ങാനും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും പൊലിസ് പിടിച്ചുവച്ച പണം തിരികെ വേണമെന്ന ഉദയകുമാറിന്റെ ആവശ്യമാണ് പൊലിസിനെ പ്രകോപിപ്പിച്ചത്.
പൊലിസിന്റെ പ്രകോപനം ഉദയകുമാറിന്റെ ഉരുട്ടിക്കൊലയിലാണ് അവസാനിച്ചത്. കൊന്നതിന് ശേഷം ഉദയകുമാറിന്റെ പേരില്‍ മോഷ്ടാവെന്ന കള്ളക്കേസ് എടുക്കുകയും ചെയ്തു. ഏക മകനെ പൊലിസ് ഉരുട്ടിക്കൊന്നപ്പോള്‍ ഉരുകുന്ന നെഞ്ചുമായി നീണ്ട പതിമൂന്ന് വര്‍ഷമാണ് പ്രഭാവതിയമ്മ മകന്റെ ഘാതകര്‍ക്ക് ശിക്ഷ കിട്ടാനായി നിയമത്തിന്റെ വഴിയില്‍ പോരാട്ടം നടത്തിയത്.
പൊലിസുകാര്‍ പ്രതികളായിവരുന്ന കേസുകളിലൊന്നും അവര്‍ ശിക്ഷിക്കപ്പെടാറില്ല. പൊലിസ് പൊലിസിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുക സ്വാഭാവികം. കേസ് നീട്ടിക്കൊണ്ട് പോകാനും അട്ടിമറിക്കാനും അവര്‍ക്ക് കഴിയും. ഉദയകുമാര്‍ കേസില്‍ തന്നെ സാക്ഷികളെ മുഴുവന്‍ ഹൈക്കോടതി വിചാരണ വേളയില്‍ കൂറുമാറ്റിക്കുവാന്‍ പൊലിസുകാര്‍ക്ക് കഴിഞ്ഞു. പൊലിസുകാര്‍ക്കെതിരെ പരാതി വരുമ്പോള്‍ നടപടിയെടുക്കേണ്ട ഭരണകൂടങ്ങള്‍ നിശബ്ദത പാലിക്കുകയാണ് പതിവ്. പൊലിസിന്റെ ആത്മവീര്യം ചോര്‍ന്നുപോകുമെന്നാണ് ഇതിനുള്ള ന്യായീകരണം. എന്നാല്‍, വാസ്തവമതല്ല. രാഷ്ട്രീയ നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസമ്പാദനത്തിനും പൊലിസിന്റെ സഹകരണം കിട്ടുമ്പോള്‍ പൊലിസിന്റെ ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ ഭരണകൂടം കണ്ണടക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്. ഭരണകൂടങ്ങളുടെയും പൊലിസിന്റെയും കൂട്ടുകച്ചവടം അവസാനിക്കാത്തിടത്തോളം നിരപരാധികളുടെ കസ്റ്റഡി മരണങ്ങളും അവസാനിക്കുകയില്ല. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും അത് തന്നെയാണ് വിളിച്ച് പറയുന്നത്. വരാപ്പുഴ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ് നിയമവിരുദ്ധമായി സംഘടിപ്പിച്ച ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നു പിടിച്ചിറക്കിക്കൊണ്ടുപോയി മര്‍ദിച്ചുകൊന്നത്. കൊലപാതകത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തെങ്കിലും അവരെ നിയോഗിച്ച എ.വി ജോര്‍ജ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ വിധവയുടെ ആവശ്യത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. സര്‍ക്കാരിനനുകൂലമായ വിധി തന്റെ സര്‍വീസിന്റെ അവസാന നാളുകളില്‍ ജഡ്ജി ആന്റണി ഡൊമിനിക്ക് പുറപ്പെടുവിക്കുകയും ചെയ്തു.
ആന്റണി ഡൊമിനിക്ക് ഇന്ന് സര്‍ക്കാരിന്റെ കീഴിലെ ഒരു കമ്മീഷന്‍ അധ്യക്ഷനാണ്. ഉദയകുമാറിന്റെ കേസില്‍ ഇത് സംഭവിക്കാതിരുന്നത് അന്നത്തെ ഹൈക്കോടതി ജഡ്ജി പ്രഭാവതി അമ്മയുടെ ഹരജി ഫയലില്‍ സ്വീകരിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനാലാണ്. അതിന്റെ ഫലമായിട്ടാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കൊലപാതകികള്‍ക്ക് ഇപ്പോള്‍ വധശിക്ഷ കിട്ടിയിരിക്കുന്നത്. ഹൈക്കോടതി വിചാരണ വേളയില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറുന്നത് കണ്ട് പ്രഭാവതിയമ്മ നെഞ്ചുപൊട്ടിയാണ് ഹൈക്കോടതിയോട് സി.ബി.ഐ അന്വേഷണത്തിനാവശ്യപ്പെട്ടത്. സമീപകാല നിയമപോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് നിരാലംബയായിത്തീര്‍ന്ന ആ അമ്മയുടെ നിയമ വഴിയിലെ പോരാട്ടം. ഉദയകുമാറിന്റെ വധത്തില്‍ നീതി നടപ്പിലാകുമ്പോള്‍ ശ്രീജിത്തിന്റെ വധത്തിലെ നീതികേടും പ്രകടമാകുന്നു. ഉദയകുമാറിന്റെ കേസിലെ പ്രതികളെല്ലാം സര്‍വീസില്‍ തുടര്‍ന്നു എന്നത് ഈ കേസിലെ കറുത്ത അധ്യായമാണ്.
എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ ഉരുട്ടിക്കൊലക്ക് വിധേയമായപ്പോള്‍ ഏതാനും പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ ലഭിച്ചു. ഇനിയൊരു കസ്റ്റഡി മരണം ഉണ്ടാവുകയില്ലെന്ന് കേരളീയ ജനത അന്ന് പ്രതീക്ഷിച്ചു. എന്നാല്‍, ആ പ്രതീക്ഷ അസ്ഥാനത്താക്കി ശ്രീജിത്തിന്റെയും കുണ്ടനൂര്‍ സ്വദേശി സുഭാഷിന്റെയും പാലക്കാട് സമ്പത്തിന്റെയും കസ്റ്റഡി മരണങ്ങള്‍ക്ക് കേരളം സാക്ഷിയായി. ഇതില്‍ സുഭാഷ് പൊലിസ് കസ്റ്റഡിയിലെ മര്‍ദനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന രണ്ട് പൊലിസുകാര്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു. ഈ വിധി പ്രഖ്യാപനം പൊലിസിലെ ക്രിമിനലുകള്‍ക്ക് പാഠമാകേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.