2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വത്തിക്കാന്‍ ഇടപെടലാവശ്യപ്പെട്ടുള്ള കന്യാസ്ത്രീയുടെ കത്ത് പുറത്ത്

 

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ തന്റെ പരാതിയില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും പീഡനത്തിനിരയായ കന്യാസ്ത്രീ അയച്ച കത്ത് പുറത്തായി.
ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമാണ് കത്തോലിക്കാസഭയില്‍ പരിഗണനയെന്ന് കന്യാസ്ത്രീ കത്തില്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയസ്വാധീനവും പണവും ഉപയോഗിച്ച് കേസൊതുക്കാനാണ് ഫ്രാങ്കോ മുളക്കലിന്റെ ശ്രമം. കന്യാസ്ത്രീകള്‍ക്ക് സഭയില്‍നിന്ന് നീതി ലഭിക്കുന്നില്ല. കേരളത്തിലെ സഭാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്ത് വ്യക്തമാക്കുന്നു. രണ്ടു ദിവസം മുന്‍പാണ് കന്യാസ്ത്രീ മാര്‍പാപ്പയ്ക്കും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും ബിഷപ്പുമാരും വൈദികരുമടക്കം 21 പേര്‍ക്കും കത്തയച്ചത്. ഇത് രണ്ടാം തവണയാണ് വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ കത്തയക്കുന്നത്.
പീഡനത്തെതുടര്‍ന്ന് ജലന്ധര്‍ ബിഷപ്പിനെ മാറ്റണമെന്ന് നേരത്തെ അപേക്ഷിച്ചിരുന്നതായി കത്തില്‍ കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പരാതി നല്‍കിയ ശേഷവും ബിഷപ്പില്‍നിന്ന് ദുരനുഭവങ്ങളാണുണ്ടായത്. ബിഷപ്പിന്റെ പേരില്‍ ഇതിന് മുന്‍പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, പരാതി നല്‍കുന്നവരെ ഇതരസംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റി വിഷയം ഒതുക്കുന്നതാണ് ബിഷപ്പിന്റെ രീതി. 20 കന്യാസ്ത്രീകളെയാണ് ഇങ്ങനെ പ്രതികാരദാഹത്തോടെ സ്ഥലംമാറ്റിയത്. രാഷ്ട്രീയശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. സഭയെ അമ്മയായാണ് കണ്ടത്. എന്നാല്‍, കന്യാസ്ത്രീകളോട് ചിറ്റമ്മ നയമാണ് സഭയ്ക്കുള്ളതെന്നാണ് അനുഭവം. അധികാരമുള്ളവര്‍ക്കൊപ്പമാണ് സഭാ നേതൃത്വം. ബിഷപ്പിന് മാത്രമാണ് സഭ സംരക്ഷണം നല്‍കുന്നത്. ബിഷപ്പിനെ നീക്കാന്‍ വത്തിക്കാന്‍ അടിയന്തരമായി ഇടപെടണം, ഇല്ലെങ്കില്‍ സഭയുടെ വിശ്വാസ്യത നഷ്ടപ്പെടും. സഭക്ക് പരാതി നല്‍കി അഞ്ചു മാസമായിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പൊലിസിനെ സമീപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.