2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

വടാട്ടുപാറയില്‍ സി.പി.ഐ നേതാക്കള്‍ വനപാലകരെ കൈയേറ്റം ചെയ്തു

 

കോതമംഗലം: അപകട സാധ്യതയേറിയ പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളെ തടഞ്ഞെന്ന് ആരോപിച്ച് വടാട്ടുപാറയില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ വനംവകുപ്പ് ഉദ്യേഗസ്ഥരെ കൈയേറ്റം ചെയ്യുകയും തടഞ്ഞുവയ്ക്കുകയും ചെയ്തതായി പരാതി. മര്‍ദനത്തില്‍ തലക്ക് പരിക്കേറ്റ നിലയില്‍ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപൂട്ടി റേഞ്ച് ഓഫിസര്‍ കോഴിക്കോട് കോട്ടൂര്‍ ചെറുമാന്‍തോട് വീട്ടില്‍ എ. പ്രഭാകരന്‍ (53) ഫോറസ്റ്റ് ഓഫീസര്‍ ആലപ്പുഴ തൃക്കുന്നപ്പുഴ തെക്കേക്കാട്ടില്‍പറമ്പില്‍ അരുണ്‍കുമാര്‍ (28) എന്നിവരെയാണ് കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് വനപാലകര്‍ പറയുന്നത് ഇങ്ങനെ. ഇന്നലെ രാവിലെ സി.പി.ഐ ഏരിയ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ രാമചന്ദ്രന്‍, സി.പി.ഐ നേതാവ് അനസ്, സി.പി.ഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമായ മനീഷ് എന്നിവര്‍ വിനോദ സഞ്ചാരികളെ തിരിച്ചയച്ച സംഭവത്തെ സംബന്ധിച്ച് സംസാരിക്കാന്‍ ഫോറസ്റ്റ് ഓഫിസിലെത്തി. മുറിയിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ, ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളായ തങ്ങളോട് കയര്‍ക്കുന്നോയെന്ന് ചോദിച്ച് പ്രകോപിതരാകുകയും നിന്നെയൊന്നും വടാട്ടുപാറയില്‍ ജോലി ചെയിപ്പിക്കില്ലന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കൂട്ടത്തിലെ മനേഷ് തന്റെ തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയും നിലത്തു വീണപ്പോള്‍ നിലത്തിട്ട് ചവിട്ടുകയുമായിരുന്നുവെന്ന് ഡെപ്പൂട്ടി റേഞ്ചര്‍ പ്രഭാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ച് മാറ്റാന്‍ ശ്രമിക്കവേയാണ് ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍കുമാറിന് മര്‍ദനമേറ്റത്.
സ്ഥിരം അപകട മേഖലയായ വടാട്ടുപാറ പലവന്‍പടി ഈറ്റകടവില്‍ ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് കൂത്താട്ടുകുളത്ത് നിന്ന് നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയിരുന്നു. പെരിയാറ്റില്‍ അപകട മരണം തുടര്‍ച്ചയായ സാഹചര്യത്തിലാണ് അപകട സാധ്യതയുള്ള പ്രദേശത്ത് കുളിക്കരുതെന്ന് വിനോദ സഞ്ചാരികളോട് ആവശ്യപ്പെട്ടതെന്നും ഇതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ മടങ്ങിപ്പോവുകയായിരുന്നുവെന്നുമാണ് വനപാലകര്‍ പറയുന്നത്. ഇതിന്റെ പേരിലാണ് ഫോറസ്റ്റ് ഓഫിസിലെത്തി സി.പി.ഐ നേതാവടക്കം അസഭ്യവര്‍ഷം ചൊരിഞ്ഞതും ഡെപൂട്ടി റേഞ്ച് ഓഫീസറെ മര്‍ിച്ചതെന്നും വനപാലകര്‍ പറഞ്ഞു. രോഗിയായ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ തലക്ക് ക്ഷതമേറ്റിട്ടും ആശുപത്രിയില്‍ പോകാനനുവദിക്കാതെ മണിക്കൂറുകളോളം തടഞ്ഞ് വച്ചെന്നും വനപാലകര്‍ അറിയിച്ചു. പിന്നീട് കുട്ടമ്പുഴപൊലിസ് ഇടപെട്ടാണ് ഇവരെ അശുപത്രിയിലേക്ക് മാറ്റിയത്.
അഞ്ച് പേരുടെ ജീവന്‍ അപഹരിച്ച പ്രദേശത്ത് പുഴയിലിറങ്ങിയുള്ള കുളി നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച ബോര്‍ഡും ഇവിടെ സ്ഥാപിച്ചിരുന്നു ഇതേ തുടര്‍ന്നാണ് കുളിക്കാനിറങ്ങിയവരോട് പുഴയില്‍ നിന്ന് കയറി പോകാന്‍ നിര്‍ദ്ദേശിച്ചതെന്നും ഇതാണ് പ്രതിഷേധക്കാരുടെ പ്രകോപനത്തിന് കാരണമെന്നും പരിക്കേറ്റ് അശുപത്രിയില്‍ കഴിയുന്ന വനം വകുപ്പ് ജീവനക്കാര്‍ വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.