2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വടകര-മാഹി കനാല്‍ പദ്ധതിക്ക് മരണമണി: കനലാണ് കര്‍ഷക മനസില്‍; കനാല്‍ എന്ന് പൂര്‍ത്തിയാകും?

ബഷീര്‍ എടച്ചേരി

എടച്ചേരി: വടകര-മാഹി കനാല്‍ പദ്ധതിയുടെ ഭാഗമായുള്ള കളിയാംവെള്ളി കനാല്‍ വീതി കൂട്ടുന്ന പ്രവൃത്തി നിലച്ചിട്ട് വര്‍ഷങ്ങള്‍. പദ്ധതി പുനരാരംഭിക്കാനുള്ള നടപടി ഉണ്ടാകാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.
കനാലിന്റെ ഇരുകരകളിലുമുള്ള സ്വകാര്യ വ്യക്തികളുടെ ഏക്കര്‍ കണക്കിനു കൃഷിഭൂമിയാണ് കനാല്‍ വികസനത്തിനു വിട്ടുനല്‍കിയത്. തങ്ങള്‍ക്കുണ്ടാകുന്ന വലിയ നഷ്ടം പോലും പരിഗണിക്കാതെയാണ് കര്‍ഷകര്‍ നാടിന്റെ വികസനത്തിനായി കൃഷിഭൂമി വിട്ടു നല്‍കിയത്. കനാലിന്റെ ആഴം വര്‍ധിപ്പിക്കാന്‍ നീക്കം ചെയ്ത ഉപ്പു കലര്‍ന്ന ചെളിമണ്ണ് ഇരുകരകളിലും നിക്ഷേപിച്ചതുമൂലം നിരവധി തെങ്ങുകള്‍ ഉണങ്ങിപ്പോയി. കനാല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഉപ്പുവെള്ളം കെട്ടിക്കിടന്ന് തങ്ങളുടെ വിളകള്‍ക്ക് വീണ്ടും നഷ്ടമുണ്ടാകുമെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
കളിയാം വെള്ളി പാലം മുതല്‍ തുരുത്തി മുക്ക് വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ നിര്‍മാണം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവൃത്തി തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിര്‍ത്തി. രണ്ടു വര്‍ഷമായി ഇപ്പോള്‍ ജോലിയൊന്നും നടക്കുന്നില്ല.
18 മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന കളിയാം വെള്ളി പുഴയാണ് 35 മീറ്റര്‍ വീതിയാക്കി മാറ്റിയത്. കളിയാം വെളളി പാലം മുതല്‍ ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇരുകരകളിലും കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. ബാക്കി ജോലികളൊന്നും തുടങ്ങിയിട്ടില്ല.
കന്നിനട മുതല്‍ തുരുത്തിമുക്ക് വരെയും അവിടെനിന്നു മാഹിപ്പുഴയിലേക്കും ജലഗതാഗതം ആരംഭിക്കുന്നതാണ് പദ്ധതി. ഇതോടെ ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി മാറും. വടകര-തൊട്ടില്‍ പാലം സംസ്ഥാന പാതയിലെ കളിയാം വെള്ളി പാലം ഈ ആവശ്യത്തിനായി 12 മീറ്ററോളം ഉയരം കൂട്ടി പുതുക്കിപ്പണിയേണ്ടതുമുണ്ട്. കൈനാട്ടി മുതല്‍ നാദാപുരം വരെയുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. റോഡ് വികസന പദ്ധതിയില്‍ കളിയാം വെള്ളി പാലത്തിന്റെ ജോലി ഉള്‍പ്പെടുന്നില്ല. പാലം ഉയര്‍ത്തി മാറ്റിപ്പണിയേണ്ടത് കനാല്‍ വികസനത്തിന്റെ ഭാഗമായിട്ടാണ്. കനാല്‍ വികസന ജോലി പുനരാരംഭിക്കുന്നില്ലെങ്കില്‍ റോഡ് വികസനം പൂര്‍ത്തിയായാലും പാലം പഴയ പടിയില്‍ തന്നെ തുടരാനാണ് സാധ്യത.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.