2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വംശീയവാദത്തിനെതിരേ രാജ്യാന്തര പോരാട്ടം അനിവാര്യമെന്ന് ന്യൂസിലന്‍ഡ്

 

വെല്ലിങ്ടണ്‍: വംശീയ വാദത്തിനെതിരായ ആഗോളപോരാട്ടം വേണമെന്നാവശ്യപ്പെട്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളില്‍ ആസ്‌ത്രേലിയക്കാരനായ തീവ്രവംശീയവാദി നടത്തിയ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

വംശീയ വാദത്തനെതിരേ രാജ്യാന്തര പോരാട്ടം അനിവാര്യമാണ്. തൊലിവെളുപ്പുള്ളവര്‍ക്കു മാത്രം പ്രാമുഖ്യം നല്‍കിയുള്ള വെളുത്ത ദേശീയതാവാദം ഏതെങ്കിലും ഒരു രാജ്യത്തു മാത്രമുള്ള പ്രതിഭാസമല്ല. പക്ഷേ, അതിനു വളം വയ്ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടക്കുന്നില്ലെന്നു ലോകരാജ്യങ്ങള്‍ ഉറപ്പുവരുത്തണം. വംശീയവാദം തലയ്ക്കുപിടിച്ച ഒരാളാണ് ന്യൂസിലന്‍ഡില്‍ ആക്രമണം നടത്തിയത്. എന്നാല്‍ അയാളില്‍ ആക്രമണവാസനയും അതിനുള്ള ആശയവും രൂപപ്പെട്ടത് ഈ രാജ്യത്തിന്റെ മണ്ണില്‍വച്ചല്ലെന്നും അവര്‍ പറഞ്ഞു.

ആക്രമണത്തിലേക്കു നയിച്ചത് കുടിയേറ്റവും അഭയാര്‍ഥികളുടെ സാന്നിധ്യവുമാണെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതു സംബന്ധിച്ച രാജ്യത്തിന്റെ നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നു പ്രഖ്യാപിച്ച അവര്‍, അഭയാര്‍ഥിനയം ഭേദഗതി ചെയ്‌തേക്കുമെന്ന ചര്‍ച്ചകളെ തള്ളിപ്പറയുകയും ചെയ്തു.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു കാരണം ന്യൂസിലന്‍ഡിലെ മുസ്‌ലിം കുടിയേറ്റമാണെന്ന ആസ്‌ത്രേലിയന്‍ തീവ്രവലതുപക്ഷ വംശീയവാദിയായ സെനറ്ററുടെ അഭിപ്രായം തള്ളിയാണ് ജസീന്ത ആര്‍ഡേന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നതു സംബന്ധിച്ച ചോദ്യത്തിന്, ന്യൂസിലന്‍ഡ് എല്ലാവരെയും സ്വീകരിക്കുന്ന നയമുള്ള രാജ്യമാണെന്ന് അവര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് മാതൃരാജ്യമാക്കണമെന്ന് ആഗ്രഹിച്ച് ആരെങ്കിലും വരികയാണെങ്കില്‍ അവരോട് ‘വേണ്ട’ എന്നു പറയാന്‍ ഞങ്ങള്‍ക്കു കഴിയില്ല- ജസീന്ത കൂട്ടിച്ചേര്‍ത്തു.

മൃതദേഹങ്ങള്‍ ഖബറടക്കിത്തുടങ്ങി

ക്രൈസ്റ്റ്ചര്‍ച്ച്: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി തുടങ്ങി. കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവരെ മാത്രമാണ് ഖബറടക്കുന്നത്.
എന്നാല്‍ മുഴുവന്‍ പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടുമില്ല. പാകിസ്താന്‍, ഇന്ത്യ, ഫലസ്തീന്‍, സിറിയ, അഫ്ഗാനിസ്താന്‍, സൊമാലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് പലപ്പോഴായി ന്യൂസിലന്‍ഡിലെത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭൂരിഭാഗവും.
ഇന്നലെ ആകെ ആറുപേരെയാണ് മറവുചെയ്തത്. ഔദ്യോഗിക ബഹുമതികളോടെയും പൂര്‍ണമായി മതപരമായ ചടങ്ങള്‍ക്കു ശേഷവുമാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തത്.
ആക്രമണം നടന്നു പിറ്റേ ദിവസം തന്നെ ഖബറുകള്‍ തയാറായിരുന്നുവെങ്കിലും തിരിച്ചറിയല്‍ നടപടികള്‍ നീണ്ടതോടെയാണ് ഖബറടക്കവും വൈകിയത്.

ആക്രമണം നടന്ന അല്‍ നൂര്‍ പള്ളിയില്‍നിന്ന് അധികം ദൂരയല്ലാത്ത മെമ്മോറിയില്‍ പാര്‍ക്കിലാണ് മൃതദേഹങ്ങള്‍ അടക്കംചെയ്തത്. അല്‍നൂര്‍ പള്ളിയില്‍ മാത്രമായി 40 പേരാണ് വെടിയേറ്റുമരിച്ചത്.
ബുള്ളറ്റുകള്‍ തുളച്ചുകയറുകയും ചോരപ്പാടുകളും മനുഷ്യാവശിഷ്ടങ്ങളും കൊണ്ട് ഭീകരാന്തരീക്ഷം ഉണ്ടാവുകയും ചെയ്ത പള്ളി ഇതിനകം വൃത്തിയാക്കിവരികയാണ്. വെള്ളിയാഴ്ച ഇവിടെ ജുമുഅ നിസ്‌കാരം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.