2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോവര്‍ പെരിയാര്‍: തകരാറിന് കാരണം ടണല്‍ അടക്കുന്നതില്‍ വരുത്തിയ ഗുരുതര വീഴ്ച

ബാസിത് ഹസന്‍

തൊടുപുഴ: ലോവര്‍ പെരിയാര്‍ പദ്ധതിയുടെ തകര്‍ച്ചക്ക് കാരണം ടണല്‍ ഗേറ്റ് അടയ്ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതര വീഴ്ച. കെ.എസ്.ഇ.ബി ജനറേഷന്‍ – ഡാം സേഫ്റ്റി വിഭാഗങ്ങള്‍ക്ക് തുല്യവീഴ്ചയാണ് ഉല്‍പ്പാദനശേഷിയില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തുള്ള ലോവര്‍ പെരിയാറിന്റെ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്.
പ്രളയജലം കുത്തിയൊഴുകിയെത്തിയപ്പോള്‍ തന്നെ ഗേറ്റുകള്‍ അടച്ചിരുന്നെങ്കില്‍ ടണലിലൂടെ ചെളിയും മണ്ണും അടിച്ചുകയറി പവര്‍ ഹൗസ് ഷട്ട്ഡൗണ്‍ ചെയ്യേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ല. കല്ലും മണ്ണും കയറി ടര്‍ബൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. അണക്കെട്ടിലെ രണ്ട് ഇന്‍ടേക്ക് ഗേറ്റുകളും ടെയ്ല്‍ റെയ്‌സിലെ മൂന്ന് ഔട്ട്‌ലെറ്റ് ഗേറ്റുകളും യഥാസമയം അടച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്‍ടേക്ക് ഗേറ്റുകളുടെ ചുമതല സിവില്‍ വിങ്ങിലെ ഡാം സേഫ്റ്റി വിഭാഗത്തിനും ഔട്ട്‌ലെറ്റ് ഗേറ്റുകളുടെ ചുമതല ഇലക്ട്രിക്കല്‍ വിങ്ങിലെ ജനറേഷന്‍ വിഭാഗത്തിനുമാണ്.
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ടേക്ക് ഗേറ്റ് അടക്കാന്‍ 35 മിനുട്ടും ഔട്ട്‌ലെറ്റ് ഗേറ്റടക്കാന്‍ 15 മിനുട്ടും മാത്രം മതിയാകും. അസി. എക്‌സി. എന്‍ജിനീയര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ജലനിരപ്പുയരുമ്പോള്‍ വെള്ളം തിരിച്ചുകയറാതിരിക്കാനാണ് ഔട്ട്‌ലെറ്റ് അടക്കേണ്ടത്.
ടണലിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നത് താമസിപ്പിക്കുന്നത് ഡാം സേഫ്റ്റി വിഭാഗമാണെന്ന് ജനറേഷന്‍ വിഭാഗം ആരോപിക്കുന്നു. ഇത് വലിയൊരു സിവില്‍ വര്‍ക്കാക്കി മാറ്റി വെട്ടുമേനിക്കായി സിവില്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നീക്കംനടത്തുന്നതായാണ് ആരോപണം. വിഷയത്തില്‍ സിവില്‍ – ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് പ്രതിദിനം ശരാശരി ഒന്നരക്കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം പാഴാകുന്നത്. തകരാര്‍ സംഭവിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാനുള്ള ക്രിയാത്മക നടപടികള്‍ ആരംഭിക്കാനായിട്ടില്ല.
എക്‌സി. എന്‍ജിനീയര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ കാര്യക്ഷമമാകുന്നില്ല. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു.
അണക്കെട്ടില്‍ നിന്ന് 12.75 കി.മീ നീളവും ആറ് മീറ്റര്‍ വ്യാസവുമുള്ള ടണലിലൂടെയാണ് വെള്ളം കരിമണലില്‍ സ്ഥിതിചെയ്യുന്ന ലോവര്‍ പെരിയാര്‍ പവര്‍ ഹൗസിലെത്തുന്നത്.
570 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്കുണ്ട്. പരിശോധനകള്‍ക്കായി നാല് ആഡിറ്റ് ഗേറ്റുകളുമുണ്ട്. ടണല്‍ ഔട്ട്‌ലെറ്റ് വരെയുള്ള ചുമതല ഡാം സേഫ്റ്റി വിഭാഗത്തിനും പിന്നീടുള്ള ചുമതല ജനറേഷന്‍ വിഭാഗത്തിനുമാണ്.
60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് പവര്‍ ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. 180 മെഗാവാട്ടാണ് പൂര്‍ണ ഉല്‍പ്പാദനശേഷി.
നേര്യമംഗലം, ചെങ്കുളം നിലയങ്ങളില്‍ പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടക്കുന്നതിനാല്‍ ലോവര്‍ പെരിയാര്‍ അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.