2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ലോറി സമരം; വല്ലാര്‍പാടത്തെ ചരക്ക് നീക്കം നിലച്ചു

കൊച്ചി: ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ സമരം തുടരുന്നതോടെ വല്ലാര്‍പാടം തുറമുഖത്തു നിന്നുള്ള ചരക്ക് നീക്കം നിലച്ചു. പുറത്തു നിന്നെത്തുന്ന വാഹനങ്ങളും ചരക്ക് എടുക്കാതായതോടെ ചരക്ക് നീക്കം പൂര്‍ണമായും നിലക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനങ്ങള്‍ക്ക് കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഞായറാഴ്ച രാവിലെ മുതലാണ് കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ ചരക്ക് നീക്കം ബഹിഷ്‌കരിച്ചു തുടങ്ങിയത്. പണിമുടക്കിയ ട്രക്ക് ഉടമ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ ടോള്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടന്നു.  രണ്ടായിരത്തോളം ട്രക്കുകളാണ് വല്ലാര്‍പാടത്തു നിന്നും ചരക്ക് നീക്കം നടത്തുന്നത്. പണിമുടക്ക് രണ്ട് ദിവസം പിന്നിട്ടിട്ടും വിഷയവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച പോലും നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്ന് കണ്ടെയ്‌നര്‍ മോണിറ്ററിങ് കമ്മിറ്റി ആരോപിച്ചു. തുറമുഖത്തു നിന്നും പുറപ്പെടുന്ന ട്രക്ക് ഒന്നിന് പ്രതിദിനം 375 രൂപ മുതല്‍ 1,500 രൂപ വരെ ടോള്‍ നല്‍കണം. വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിങ് സൗകര്യം പോലും ഒരുക്കിയിട്ടില്ല. നിലവില്‍ പരിമിതമായ പാര്‍ക്കിങ് സ്ഥലത്ത് പ്രതിദിനം 300 രൂപയാണ് നല്‍കേണ്ടത്. ഇതിനിടയില്‍ ഇത്രയും തുക ടോള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് തുറമുഖ വകുപ്പ് വിളിച്ചു ചേര്‍ത്ത പാര്‍ക്കിങുമായി ബന്ധപ്പെട്ട യോഗത്തിന്റെ തീരുമാനങ്ങള്‍ ഇതുവരെ പോര്‍ട്ട് ട്രസ്റ്റ് നടപ്പാക്കിയിട്ടില്ല. വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴയൊടുക്കേണ്ടിയും വരുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതല യോഗം വിളിക്കണമെന്നും അല്ലാത്തിടത്തോളം പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് അറിയിച്ചു. തേസമയം സമരം ശക്തമായാല്‍ തുറമുഖവും പ്രതിസന്ധിയിലേക്ക് നീങ്ങും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.