2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ലോര്‍ഡ്‌സ് ദുരന്തം

  • ഇന്ത്യ 107-10, 130-10
  • ഇംഗ്ലണ്ട് 396-7 (ഡിക്ലയേര്‍ഡ്
  • ഇംഗ്ലണ്ടിന്റെ ജയം ഇന്നിങ്‌സിനും 159 റണ്‍സിനും
  • ആന്‍ഡേഴ്‌സണും ബ്രോഡിനും നാല് വിക്കറ്റ്

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സിലും ഇന്ത്യയെ രക്ഷിക്കാന്‍ ഒരു ദൈവവുമെത്തിയില്ല. ഇംഗ്ലീഷ് പടയുടെ പേസ് ആക്രമണത്തില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ദയനീയ തോല്‍വി. ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യയുടെ പരാജയം.

ഇന്ത്യന്‍ നിരയില്‍ അശ്വിനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 48 പന്തുകള്‍ നേരിട്ട് 33 റണ്‍സുമായി പുറത്താകാതെ നിന്ന അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും നാലുവീതം വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ് രണ്ടു വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ട് പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ജയിംസ് ആന്‍ഡേഴ്‌സനിന്റെയും തീപാറും ബൗളിങ്ങിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്‌നിര പതറി. 289 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടാം ഇന്നിങ്‌സിലും മുരളി വിജയ് അക്കൗണ്ട് തുറക്കാതെ പുറത്തായി. മുരളി പോയതിനു പിറകെ ലോകേഷ് രാഹുലും(10) പുറത്തായി. ജയിംസ് ആന്‍ഡേഴ്‌സനാണ് ഇരുവരെയും പുറത്താക്കിയത്.
പിന്നീടെത്തിയ ചേതേശ്വര്‍ പൂജാര അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച് സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 35ല്‍ നില്‍ക്കെ 13 റണ്‍സെടുത്ത രഹാനെയെ ബ്രോഡ് ജെന്നിങ്‌സിന്റെ കൈകളിലെത്തിച്ചു. സ്‌കോര്‍ 50ല്‍നില്‍ക്കെ ബ്രോഡിന്റെ പന്തില്‍ പൂജാരയും പുറത്തായി. 87 പന്ത് നേരിട്ട പൂജാര 17 റണ്‍സാണ് നേടിയത്. മഴക്കൊപ്പം ഇടവേളകളില്‍ ഇന്ത്യയുടെ വിക്കറ്റുകളും നഷ്ടമായി. 61 റണ്‍സ് ചേര്‍ക്കുന്നതിനിടെ കോഹ്‌ലിയും ദിനേഷ് കാര്‍ത്തികും അടുത്തടുത്ത പന്തുകളില്‍ കൂടാരം പൂകി. ഇരുവരുടെ വിക്കറ്റുകള്‍ വീഴത്തി ബ്രോഡ് ആണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്തത്.
തുടര്‍ന്നെത്തിയ അശ്വിനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്. അവസാനം കൂട്ടുചേര്‍ന്ന സഖ്യത്തിനു പക്ഷെ അനിവാര്യമായ ദുരന്തം ഒഴിവാക്കാനായില്ല. സ്‌കോര്‍ 116ല്‍ നില്‍ക്കെ 43 പന്തുകളില്‍ 26 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുരുക്കി വോക്‌സ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പിച്ചു. തുടര്‍ന്നെത്തിയ കുല്‍ദീപ് യാദവിനെയും മുഹമ്മദ് ഷമിയെയും ആന്‍ഡേഴ്‌സണ്‍ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പ് തന്നെ മടക്കി.
നേരത്തെ 289 റണ്‍സ് ലീഡുമായാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ആറിന് 357 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് നില്‍ക്കെ സാം കറന്‍ പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പരമാവധി ലീഡ് ലക്ഷ്യമിട്ട് തുടക്കം മുതലേ ആഞ്ഞടിച്ച സാം കറന്‍-ക്രിസ് വോക്‌സ് സഖ്യം ഏഴാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 49 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റണ്‍സെടുത്ത കറനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.
കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ക്രിസ് വോക്‌സ് 177 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. 17 ബൗണ്ടറി ഉള്‍പ്പെടെയാണ് വോക്‌സിന്റെ മികച്ച പ്രകടനം. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സിനു പുറത്തായിരുന്നു.

 

ആന്‍ഡേഴ്‌സന് റെക്കോര്‍ഡ്

ലോര്‍ഡ്‌സില്‍ മാത്രം 100 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുതുചരിത്രമെഴുതി. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിനിടെ ആദ്യ വിക്കറ്റായ മുരളി വിജയിയെ പുറത്താക്കിയാണ് ഈ ചരിത്രനേട്ടം ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്.
ഇതിനു മുന്‍പ് ഒരേ ടെസ്റ്റ് വേദിയില്‍ നൂറോ അതിലധികമോ വിക്കറ്റെന്ന നേട്ടം നേടിയിട്ടുള്ളത് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ മാത്രമാണ്. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് (166), കാന്‍ഡിയിലെ അസ്ഗിരിയ സ്റ്റേഡിയം(117), ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയം(111) എന്നിവിടങ്ങളിലാണ് മുരളീധരന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News